തിരുവനന്തപുരം: സംസ്ഥാനം ആതിഥ്യമരുളുന്ന ഏറ്റവും വലിയകായിക മാമാങ്കത്തിന് ഇനി അവശേഷിക്കുന്നത് 80 നാളുകൾ മാത്രമാണ്. എവിടെയെത്തി നമ്മുടെ ഒരുക്കങ്ങൾ എന്നു ചോദിച്ചാൽ നമ്മുടെ കായിക മന്ത്രാലയത്തിൽ നിന്നും കൃത്യമായ ഒരു ഉത്തരം ഇനിയും ലഭിക്കില്ല. സംസ്ഥാനത്തെ അടിസ്ഥാന കായികസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വേദിയായി മേളയെ കാണുന്ന ഘട്ടത്തിൽ തന്നെ ധൂർത്തിന്റെ വേദിയാക്കി മാറ്റാനും ശ്രമിക്കുന്നവർ ഏറെയാണ്. 35ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ക്രൗഡ് പുള്ളറായ മോദിയുടെ സാന്നിധ്യം കൂടാതെ എ ആർ റഹ്മാനെയും പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഏഴ് കോടി രൂപ നൽകി എ ആർ റഹ്മാനെ കൊണ്ടുവരുമ്പോൾ ഉദ്ഘാടന - സമാപന ചടങ്ങുകളുടെ ചെലവ് മാത്രം 27 കോടിയിലെത്തുമെന്നാണ് അറിയുന്നത്.

യാതൊരു ചിലവുമില്ലാതെ തന്നെ പ്രധാനമന്ത്രി ഗെയിംസിന്റെ ഉദ്ഘാടനത്തിന് എത്തുമ്പോൾ പിന്നെ എന്തിനാണ് കായിക മേഖലയുമായി ബന്ധമില്ലാത്ത റഹ്മാനെ കോടികൾ മുടക്കി കൊണ്ടുവരുന്നതെന്നതാണ് ആക്ഷേപം. മോദിയുടെ സാന്നിധ്യം കൊണ്ട് മാത്രം ദേശീയ തലത്തിൽ തന്നെ പരിപാടി ശ്രദ്ധിക്കപ്പെടുമെന്നത് ഉറപ്പാണ്. സമാപന ചടങ്ങിന് ഇന്ത്യൻ പ്രസിഡന്റ് തന്നെയാണ് മുഖ്യാതിഥിയായി എത്തുന്നത്. അമിതമായ ആർഭാടത്തിന് തുനിഞ്ഞാൽ അത് സർക്കാറിന് തന്നെ ബാധ്യതയാകുമെന്ന കാര്യം ഏകദേശം ഉറപ്പാണ് താനും.

2015 ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് സംസ്ഥാനം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസ് അരങ്ങേറുന്നത്. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമെന്ന കാര്യം കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അറിയിച്ചത്. ജനുവരി 30നു പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും തിരുവഞ്ചൂർ പറയുകയുണ്ടായി. അതേസമയം ഒരുക്കങ്ങളെല്ലാകാമയെന്ന് മന്ത്രി പറയുമ്പോഴും യഥാർത്ഥ സ്ഥിതി ഇതല്ലെന്നതാണ് വസ്തുത. ഗെയിംസിന്റെ പ്രധാന വേദിയായ കാര്യവട്ടത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണമാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്.

ഗെയിംസി അത്‌ലറ്റിക് മത്സരവേദിയുടെ നിർമ്മാണ പുരോഗതിയിൽ ദേശീയ അത്‌ലറ്റിക് ഫെഡറേഷന് കഴിഞ്ഞദിവസമാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതായാണ് സംഘാടകർ അവകാശപ്പെടുന്നത്. എന്നാൽ സിന്തറ്റിക് ട്രാക്കും ജംപിങ് പിറ്റുമെന്നും ഇനമിയും സജ്ജീകരിച്ചിട്ടില്ല. ആറു മാസം മുൻപ് അത്‌ലറ്റിക് ഫെഡറേഷൻ സംഘം പരിശോധന നടത്തി മടങ്ങിയതിന് ശേഷം ഫ്‌ലഡ് ലൈറ്റ് സ്ഥാപിച്ചതൊഴിച്ചാൽ കാര്യമായി ഒന്നും നടന്നിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണം മഴയാണെന്നാണ് അധികൃതരുടെ പക്ഷം.

ഗെയിംസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 612 കോടി രൂപയാണ് സർക്കാർ നീക്കിവച്ചത്. എന്നാൽ ഈ തുക വിനിയോഗിക്കുന്നതിൽ വീഴ്‌ച്ച വന്നതു മൂലം കാര്യങ്ങൾ ശരിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഉദ്ഘാടന ചടങ്ങുകൾക്കായി വമ്പൻ തുക പൊടിക്കുമ്പോൾ തന്നെ സംസ്ഥാനത്തിന് വേണ്ട കായികതാരങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിയിട്ടില്ല. ആതിഥേയ സംസ്ഥാനമെന്ന നിലയിൽ മേളയിൽ ഒന്നാമതെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ മികച്ച മലയാളി താരങ്ങളെ വാഗ്ദാനങ്ങൾ നൽകി അന്യസംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ ഒപ്പം നിർത്തിയിട്ടുണ്ട്. ഹരിയാനയും തമിഴ്‌നാടും ദേശീയ ഗെയിംസിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.

അതേസമയം മേളക്കെത്തുന്ന ടീമുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുമ്പോൾ തന്നെ നമ്മുടെ കായികതാരങ്ങളെ അവഗണിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിന് വേണ്ടി മത്സരിക്കുന്നവർക്ക് തുച്ഛമായ തുകയാണ് സർക്കാർ നൽകുന്നതെന്ന ആക്ഷേപം ഇപ്പോൾ തന്നെ നിലനിൽക്കുന്നുണ്ട്. ഉദ്ഘാടനസമാപന ചടങ്ങുകൾ നടക്കുന്ന കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്കു മാത്രമായി 161 കോടി രൂപയാണ് ചെലവിടുന്നത്.

ഏതൊരു കായികമേളയിലും ആതിഥേയത്വം വഹിക്കുന്ന രാജ്യമായാലും സംസ്ഥാനമായാലും അവർ മെഡൽപട്ടികയിൽ മുന്നിലെത്തുന്നു എന്ന പതിവുണ്ട്. ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യുടെ മെഡൽ നേട്ടെ തന്നെയായിരുന്നു ഇതിന്റെ ഉദാഹരണം. എന്നാൽ കേരളം ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്‌ച്ചയാണ് വരുത്തിയിരിക്കുന്നത്. ഗെയിംസിനായി മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനക്യാമ്പുകൾ തുറന്നെന്നാണ് അധികാരികളുടെ പക്ഷം. എന്നാൽ ഇതിനായി ആകെ നീക്കിവച്ച തുക ആകട്ടെ കേവലം 11 കോടി രൂപ മാത്രവും. ഇപ്പോൾ അന്യസംസ്ഥാനങ്ങൾക്കും റെയിൽവേയ്ക്കും വേണ്ടി മത്സരിക്കുന്ന താരങ്ങൾ കേരളത്തിന് വേണ്ടി കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ ഇനിയും യാതൊരു വ്യക്തതയും വന്നിട്ടില്ല.

സംസ്ഥാനത്തിന് മെഡൽ സാധ്യത കൂടുതലുള്ള അത്‌ലറ്റിക്‌സിൽ പ്രമുഖർ പങ്കെടുക്കുമെന്ന് ഉറപ്പിക്കാനുള്ള ശ്രമവും ഇനിയും ഉണ്ടായിട്ടില്ല. ഗെയിംസിന്റെ നടത്തിപ്പിൽ നിർണായക പങ്കുവഹിക്കേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിലും ഇക്കാര്യത്തിൽ വീഴ്‌ച്ച വരുത്തിയിട്ടുണ്ട്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് അധ്യക്ഷനായ ഗെയിംസ് സെക്രട്ടറിയറ്റിന്റെ പ്രവർത്തനങ്ങൾ ഒരുവിധം ഭംഗിയായുന്നുണ്ട്. മറ്റ് കാര്യങ്ങളിലെല്ലാം കേരളം പിന്നിലാണ്.

2008ലാണ് കേരളത്തിൽ ദേശീയ ഗെയിംസ് നടത്തുമെന്ന പ്രഖ്യാപനം വന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം അത് നീണ്ടുപോകുകയായിരുന്നു. 2010 മേയിൽ ഗെയിംസ് നടത്താനായിരുന്നു തീരുമാനം. പിന്നീടാണ് 2014 ഫെബ്രുവരിയിലെ ഡേറ്റിലേക്ക് എത്തിയത്. 80 ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന മേള ഗംഭീരമാക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ ചുമതലയാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തീരുമാനങ്ങൾ വേഗത്തിലാക്കിയാൽ മാത്രമേ ആതിഥേയ സംസ്ഥാനമേന്ന നിലയിൽ കേരളത്തിന് പ്രതീക്ഷകൾക്ക് വകയുള്ളൂ.