കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന് സ്മാരകം നിർമ്മിക്കാത്തതിന് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിങ്ങൾ പുതിയ പാർലമെന്റ് നിർമ്മിക്കുകയും പുതിയ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് നേതാജിക്ക് സ്മാരകം നിർമ്മിക്കാത്തത്- മമത ചോദിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയുടെ സമാപന ചടങ്ങിലായിരുന്നു മമതയുടെ വിമർശനം.

'നിങ്ങൾക്ക് ഏത് തുറമുഖത്തിനു വേണമെങ്കിലും ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകാം. ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ രാജീവ് ഗാന്ധിയെ കൊണ്ട് കൊൽക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യിക്കാൻ എനിക്ക് സാധിച്ചു', മമത പറഞ്ഞു. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകാൻ കഴിഞ്ഞ കഴിഞ്ഞ ജൂണിൽ കേന്ദ്രം കൈക്കൊണ്ട തീരുമനത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമർശം. നേതാജിയുടെ ജന്മവാർഷികം ദേശീയ അവധിയായി പ്രഖ്യാപിക്കാത്ത കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നതായും മമത പറഞ്ഞു.നേതാജിയുടെ ആശയത്തിൽ രൂപവത്കരിക്കപ്പെട്ട ആസൂത്രണ കമ്മിഷൻ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്നും പകരം നിതി ആയോഗ് കൊണ്ടുവന്നെന്നും മമത വിമർശിച്ചു. ആസൂത്രണ കമ്മിഷനെ കേന്ദ്രം തിരികെ കൊണ്ടുവന്നേ മതിയാകൂവെന്നും അവർ പറഞ്ഞു.

ആസാദ് ഹിന്ദ് ഫൗജിന്റെ പേരിൽ ഒരു സ്മാരകം രാജഹട്ടിൽ നിർമ്മിക്കുമെന്ന് മമത പ്രഖ്യാപിച്ചു. നേതാജിയുടെ പേരിലുള്ള ഒരു സർവകലാശാലയും ആരംഭിക്കും. അതിന് പൂർണമായും സംസ്ഥാനം ധനസഹായം ചെയ്യും, കൂടാതെ വിദേശ സർവകലാശാലകളുമായി സഖ്യമുണ്ടാക്കുകയും ചെയ്യും - "അവർ പറഞ്ഞു. ജനുവരി 23 ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന തന്റെ ആവശ്യം ആവർത്തിച്ച മമത ബാനർജി, ഈ വർഷം കൊൽക്കത്തയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡും ബോസിനായി സമർപ്പിക്കുമെന്ന് പറഞ്ഞു. "ഇന്ന് ഒരു മഹത്തായ പദയാത്ര നടക്കും. ഈ വർഷം കൊൽക്കത്തയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡും നേതാജിക്കായി സമർപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12.15 ന് ഒരു സൈറൺ മുഴങ്ങും. കേന്ദ്രം ജനുവരി 23 നെ ദേശീയ അവധിയായി പ്രഖ്യാപിക്കണം , "- അവർ പറഞ്ഞു.

നടക്കാനിരിക്കുന്ന പശ്ചിമ ബെംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തൃണമൂലിനും ബിജെപിക്കും അഭിമാനപോരാട്ടമാണ്. സുവേന്ദു അധികാരി ഉൾപ്പെടെ പ്രമുഖ തൃണമൂൽ നേതാക്കളെ ബിജെപി. അടർത്തിയെടുത്തു കഴിഞ്ഞു. അതേസമയം, ഒരുചുവടു പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് മമത.