തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും നാഴികയ്ക്ക് നാൽപ്പതുവെട്ടം അഴിമതി വിരുദ്ധത പറയുന്ന മറ്റ് നേതാക്കളുടെയും കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനാണ് പൊലീസ് കൺസ്ട്രക്ഷൻ ഡിപ്പാർട്ട്‌മെന്റ് എം ഡി കൂടിയായ ഡിജിപി ജേക്കബ് തോമസ്. സത്യസന്ധമായി അന്വേഷണം നടത്തുകയും നിയമം അനുശാസിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ പേരിലാണ് ഈ ഉദ്യോഗസ്ഥൻ അഴിമതിക്കാരായ നമ്മുടെ അധികാരികൾ വേട്ടയാടുന്നത്.

ജേക്കബ് തോമസിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചവരുടെ കൂട്ടത്തിൽ പ്രധാനി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനോട് ഇത്രയും ദോഷ്യം? മന്ത്രിസഭയെ പോലും വീഴ്‌ത്തുന്ന വിധത്തിൽ ബാർ കോഴ കേസിൽ നിലപാട് സ്വീകരിച്ചതു കൊണ്ടാണോ എന്ന ചോദിച്ചാൽ അതെയെന്ന് തന്നെ പറയേണ്ടി വരും. എന്നാൽ, എന്നാൽ ഈ വൈരാഗ്യത്തിന്റെ കാരണം അതിൽ മാത്രം ഒതുങ്ങുകയില്ലെന്ന കാര്യം ഉറപ്പാണ്. വിവാദമായ പാറ്റൂർ കേസിൽ സർക്കാർ പുറമ്പോക്ക് കൈയേറിയ ഫ്‌ലാറ്റ് ഉടമകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും കൂടാതെ ഇവർക്ക് ഒത്താശ ചെയ്ത ഭരണക്കാർക്കെതിരെ നീങ്ങുകയും ചെയ്തതാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടാകാൻ കാരണമായത്.

ഇങ്ങനെയുള്ള ഒരു കാര്യമല്ല ജേക്കബ് തോമസിനെ വേട്ടയാടാൻ കാരണം. വേറെയു കാരണങ്ങൾ നിലവലിലുണ്ട്. ഈ ശത്രുതതയുടെ കാരണം പറഞ്ഞ് മലയാള മനോരമയിലെ മാദ്ധ്യമപ്രവർത്തകൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് സൈബർ ലോകത്ത് ചർച്ചയ്ക്ക് ഇടയാക്കിയട്ടുണ്ട്. ജേക്കബ് തോമസ് എന്ന് ഉദ്യോഗസ്ഥന് എന്തൊക്കെ അഴിമതി കേസിനെ കുറിച്ച് ബോധ്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് മനോരമ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വിജിലൻസിൽ നിന്നും മറ്റി ഡിജിപി സ്ഥാനം നൽകി ഫയർഫേഴ്‌സ് മേധാവി ആക്കിയ ശേഷം അവിടെ നിന്നും തെറിപ്പിച്ചത് നാല് പ്രമുഖ ഫ്‌ലാറ്റ് കമ്പനിക്കാരുടെ ഇടപെടലിനെ തുടർന്നാണെന്നാണ് മനോരമ ലേഖകൻ ജാവേദ് പർവേശ് അഭിപ്രായപ്പെടുന്നത്.

അറിയാവുന്ന അഴിമതി കാര്യങ്ങളെ കുറിച്ച് ജേക്കബ് തോമസ് തുറന്നു പറയണെന്നും ജാവേദ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. ഉമ്മൻ ചാണ്ടിക്ക് ക്ഷീണമുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാതിരുക്കുന്ന മനോരമയിലെ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറാലായത്.

ജാവേദ് പർവേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

പ്രിയപ്പെട്ട ഡിജിപി : ഡോ.ജേക്കബ് തോമസ് ഇനിയെങ്കിലും ഇക്കാര്യങ്ങൾ തുറന്നുപറയണം.

1.പാറ്റൂർ കേസിൽ സത്യസന്ധമായ റിപ്പോർട്ട് നൽകിയ നാൾ തുടങ്ങിയതല്ലേ ഉമ്മൻ ചാണ്ടിക്ക് താങ്കളോട് തീർത്താൽ തീരാത്ത കലി ? താങ്കൾ നൽകിയ രണ്ടാമത്തെ വിശദ റിപ്പോർട്ട് ഇപ്പോഴും ലോകായുക്ത പൂഴ്‌ത്തിവച്ചിരിക്കുകയല്ലേ? ഇതേക്കുറിച്ച് താങ്കളോട് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് ലോകായുക്ത പറഞ്ഞിട്ടില്ലേ?
ഈ റിപ്പോർട്ട് വെളിച്ചം കണ്ടാൽ പാമോയിലിന് ഒരു പൊൻതൂവൽ ഉണ്ടാകില്ലേ?

2. താങ്കളെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്ന ഒരു മന്ത്രിയുടെ കള്ളപ്പണം മകന്റെ വിദ്യാഭ്യാസം എന്ന വകുപ്പിലൂടെ പുറത്തുവന്നത് താങ്കൾ കണ്ടിട്ടില്ലേ? ടി.ഒ.സൂരജ് കേസ് അന്വേഷണത്തിൽ യാദൃശ്ചികമായിട്ടാണെങ്കിലും താങ്കൾ അത് കണ്ടതാണല്ലോ? ഇത് എന്റെ അന്വേഷണവിഷയത്തിൽപ്പെട്ടതല്ല എന്ന് പറഞ്ഞ് താങ്കൾ ആവശ്യത്തിൽക്കൂടുതൽ മാന്യത പാലിക്കുമ്പോൾ അതേ മാന്യത മറുവശത്ത് നിന്ന് ഇല്ലാതിരിക്കുമ്പോഴെങ്കിലും ഇതെല്ലാം പുറത്തു പറയേണ്ടതല്ലേ ?

3. പാറ്റൂർ കേസിലെ വൻ കള്ളക്കളി കണ്ടെത്തിയ സാഹചര്യത്തിൽ ലളിതകുമാരി കേസിൽ സുപ്രീം കോടതി വിധി അനുസരിച്ച് വിജിലൻസ് കേസെടുക്കണമെന്ന താങ്കളുടെ ശുപാർശ രാഷ്ട്രീയ യജമനാനു വേണ്ടി തള്ളിക്കളഞ്ഞ വിൻസൺ എം പോളിനെ എങ്ങനെ സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന് താങ്കൾക്ക് വിശേഷിപ്പിക്കാനാകും ?

4. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്ന് താങ്കളെ മാറ്റിയത് കേരളത്തിലെ നാല് ബിൽഡർമാർ ഓപ്പറേറ്റ് ചെയ്തിട്ടല്ലേ ? ഈ നാലുപേരുടെ പേര് താങ്കൾക്ക് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് പുറത്തു പറയുന്നില്ല ?

5. ജേക്കബ് തോമസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കേരളത്തിലെ മുഖ്യമന്ത്രി കള്ളം പറഞ്ഞ സാഹചര്യത്തിൽ ജനങ്ങളെ സത്യം അറിയിക്കുന്നതിനായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ (അഥവാ, ജനങ്ങളോട് സംസാരിക്കാൻ) അനുവാദം തേടി താങ്കൾ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിരുന്നു. ജനാധിപത്യസംവിധാനത്തിൽ ഒരു ഉദ്യോഗസ്ഥന് ലഭിക്കേണ്ട ഈ അവകാശം മുൻപ് പല ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നെങ്കിലും താങ്കൾക്ക് മാത്രം അത് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇനിയും മാന്യത പുലർത്തുന്നത് രാഷ്ട്രീയപരമായ ശരികേടല്ലേ ?

(ഡോ. ജേക്കബ് തോമസിനെ പത്തു പതിനഞ്ചു വർഷമായി അറിയാം. സപ്ലൈക്കോയിൽ കോടികൾ വെട്ടിച്ച, എല്ലാ രാഷ്ട്രീയക്കാർക്കും പ്രിയങ്കരനായ ഒരു വ്യവസായിക്കെതിരേ നടപടിയെടുത്തതിന് ജേക്കബ് തോമസിനെതിരേ എട്ടു പത്ത് കേസ് ഇയാൾ കൊടുത്തു. രണ്ടു മാനനഷ്ടക്കേസ് എനിക്കെതിരേയും ഉണ്ടായി. അതിൽ ജേക്കബ് തോമസും പ്രതിയാണ്. കള്ളക്കേസായതിനാൽ എല്ലാ കേസുകളും കോടതിയിൽ ചീറ്റിപ്പോയി).