ന്യൂഡൽഹി: വിദേശ കാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജാത സിങിനെ മാറ്റാൻ കാരണം ബ്രിക്‌സ് ഉച്ചകോടി? പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിക്കിടെ തന്നെ സുജാത സിങിനെ നോട്ടമിട്ടിരുന്നു. തന്റെ പ്രസ്താവനയിൽ ഇസ്രേയിലനെ വേദനിപ്പിക്കുന്ന പരമാർശം സുജാത സിങ് തിരുകി കയറ്റിയെന്നാണ് മോദിയുടെ പക്ഷം. ഇതിനുള്ള വിലയാണ് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സുജാത സിങിന്റെ പുറത്താക്കലെന്നാണ് റിപ്പോർട്ട്.

ബ്രിക്‌സ് ഉച്ചകോടിയിലെ പ്രസംഗത്തിൽ ഇസ്രയേൽ-പാലസ്ഥീൻ പ്രശ്‌നത്തിന് ചർച്ചകളിലൂടെ രമ്യമായ പരിഹാരം വേണമെന്നായിരുന്നു മോദി ഉയർത്തിക്കാട്ടിയത്. എന്നാൽ ഇത് സുജാത സിങ് തിരുകി കയറ്റിയത് ആണത്രേ. ഇസ്രേയേലിനെ സുഹൃത് പക്ഷത്ത് ചേർക്കാനായിരുന്നു മോദിയുടെ ആഗ്രഹം. ഇതറിയാമായിരുന്നിട്ടും വിദേശ കാര്യമന്ത്രാലയം വീഴ്ച വരുത്തി. ഇതോടെ ഇസ്രയേലുമായുള്ള നല്ല ബന്ധമെന്ന മോദിയുടെ നീക്കത്തിനും തിരിച്ചടി ഏറ്റു. അന്ന് മുതൽ സുജാതാ സിങിനെ പുറത്താക്കാൻ മോദി കൃത്യസമയം നോക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദർശന വിജയത്തോടെ അതിന്റെ ക്രെഡിറ്റ് അമേരിക്കൻ സ്ഥാനപതിയായിരുന്ന ജയശങ്കറിന് നൽകുന്ന വിധത്തിൽ തീരുമാനം എത്തി.

വിദേശ കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇത് പലപ്പോഴും സുജാതാ സിങ് അനുവദിച്ചിരുന്നില്ല. ഇതും പ്രധാനമന്ത്രിയുമായി സുജാതാ സിങ്ങിനെ അകറ്റുന്നതിന് കാരണമായി. 1987 ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി വെങ്കിടേശ്വരനെ മാറ്റിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു നടപടിയുണ്ടാവുന്നത്.മുൻ കോൺഗ്രസ്സ് സർക്കാറിന്റെ സമയത്ത് നിയമിച്ച സുജാത സിങിനെ വിരമിക്കാൻ എട്ടുമാസം ബാക്കി നിൽക്കുമ്പോളാണ് മാറ്റിയത്. സർക്കാർ മുന്നോട്ട് വച്ച ഉപാധികൾ സ്വീകരിക്കാൻ സുജാത സിങ് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ വിദേശകാര്യവും തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ മോദിക്കായെന്നാണ് സൂചന.

ദേവയാനി ഖൊബ്രഗഡെ വിഷയത്തോടെ വഷളായ ഇന്ത്യഅമേരിക്ക ബന്ധം തിരികെ പാളത്തിൽ കയറ്റിയത് അവിടെ സ്ഥാനപതിയായ ജയ്ശങ്കറാണ്. ഈ വിഷയത്തിൽ സുജാത സിങ്, ഖൊബ്രഗഡെയ്‌ക്കൊപ്പമാണ് നിന്നത്. ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഇന്ത്യഅമേരിക്ക നയതന്ത്ര ബന്ധത്തെ വഷളാക്കിയിരുന്നു. സുജാത സിങിന്റെ നേതൃത്വത്തിലുള്ള സംഘം ശക്തമായ നിലപാടായിരുന്നു ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഒബാമയുടെ സന്ദർശനത്തിന് പാരിതോഷികമായാണ് അദ്ദേഹത്തിന് സ്വീകാര്യനായ ഉദ്യോഗസ്ഥനെ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും ഉന്നതമായ പദവിയിൽ നിയമിച്ചതെന്നും റിപ്പോർട്ടുണ്ട്. നടപടിയിൽ സുജാത സിങ് അസ്വസ്ഥയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സുജാതയെ മാറ്റാൻ സർക്കാർ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഫ്രാൻസിലെ സ്ഥാനപതിസ്ഥാനം അടക്കമുള്ള മറ്റ് പദവികൾ അവർക്ക് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സുജാത അതിന് തയ്യാറായില്ല. വിദേശമന്ത്രാലയത്തിൽ നേരിട്ട് ഇടപെടുന്ന രീതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നത്. സുജാത സിങ് അറിയാതെയാണ് പാക്കിസ്ഥാനുമായുള്ള വിദേശസെക്രട്ടറിമാരുടെ ചർച്ച വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത്.

യു.പി.എ. സർക്കാറിന്റെ സമയത്ത് നിയമിതയായ സുജാത സിങ്, ചൊകിലാ അയ്യർക്കും നിരുപമാ റാവുവിനും ശേഷം വിദേശസെക്രട്ടറിയാകുന്ന മൂന്നാമത്തെ വനിതയാണ്. നെഹ്രു കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന മുൻ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും ഉത്തർപ്രദേശ് ഗവർണറുമായിരുന്ന ടി.വി. രാജേശ്വറിന്റെ മകളാണ്. സോണിയാ ഗാന്ധിയുടെ താത്പര്യപ്രകാരമാണ് അവരെ വിദേശസെക്രട്ടറിയാക്കിയത്. രഞ്ജൻ മത്തായി വിരമിച്ചപ്പോൾ ജയ്ശങ്കറെ വിദേശസെക്രട്ടറിയാക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻസിങ് തീരുമാനിച്ചതാണ്.

ആണവക്കരാറിന്റെ ചർച്ചയ്ക്ക് നേതൃത്വംനൽകിയെന്നതായിരുന്നു അദ്ദേഹത്തിന് ജയ്ശങ്കറോടുള്ള താത്പര്യത്തിന് പിറകിൽ. എന്നാൽ, സോണിയയുടെ പിന്തുണയ്ക്ക് പുറമെ, സർവീസിലെ ഏറ്റവും മുതിർന്ന അംഗമെന്ന ഘടകവും സുജാതാ സിങ്ങിന് അനുകൂലമായി. ഈ ഘടകവും സുജാത് സിങിന് മോദി അധികാരത്തിലെത്തിയപ്പോൾ വിനയായി.