ഇരവിപേരൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി മനസിൽ കണ്ടതേയുള്ളൂ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് അതു യാഥാർഥ്യമാക്കി. ഒരു കിലോമീറ്ററിനിടെ അഞ്ചിടത്ത് സൗജന്യ വൈ-ഫൈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന ബഹുമതി ഇരവിപേരൂരിന് സ്വന്തമായി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കാനുള്ള യത്‌നത്തിൽ ഇത്രയധികം സ്ഥലങ്ങളിൽ വൈ-ഫൈ സേവനം ലഭ്യമാകുന്നത് രാജ്യത്ത് ഇതാദ്യമായാണ്. മൂന്നു മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൈ-ഫൈ സൗജന്യമായി ലഭ്യമാക്കിയിരുന്നു.

ഇപ്പോൾ പഞ്ചായത്ത് ആസ്ഥാനം കോഴിമല, ഗ്രാമവിജ്ഞാനകേന്ദ്രം വള്ളംകുളം, ആയുർവേദ ഡിസ്പൻസറി നന്നൂർ, ഓതറ പ്രാഥമികാരോഗ്യകേന്ദ്രം, ചിൽഡ്രൻസ് പാർക്ക് എന്നീ സ്ഥലങ്ങളിലായാണ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിലെ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഇ-ഗവേണൻസ് സംവിധാനം കൂടുതൽ പേർക്ക് പ്രാപ്യമാകുന്നതിലേക്കാണ് സൗജന്യ വൈ-ഫൈ പദ്ധതി. ഇതോടൊപ്പം ഇ-സാക്ഷരതയും പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ സഹായത്തോടെ ടാബ്‌ലറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇ-സാക്ഷരത പദ്ധതി നടപ്പാക്കുന്നത്,

4,17,000 രൂപ അടങ്കൽ വരുന്ന വൈ-ഫൈ പദ്ധതി ആക്ടീവ് ഇൻഫോകോം എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നടപ്പാക്കിയത്. വൈ-ഫൈ സേവനത്തിനായി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ആദ്യം വരുന്ന പേജിൽ ഫോൺ നമ്പർ ആവശ്യപ്പെടും. ഫോൺ നമ്പരിലേക്ക് ലഭിക്കുന്ന നാലക്ക കോഡ് ഉപയോഗിക്കുമ്പോൾ വൈ-ഫൈ സേവനം ലഭ്യമാകും. നിശ്ചിത സമയത്തിന് ശേഷം വൈ-ഫൈ വിഛേദിക്കപ്പെടുക്കയും പുതിയ കോഡ് നമ്പരിലൂടെ വീണ്ടും കണക്ഷൻ നേടുകയും വേണം. ബംഗളൂരുവിലാണ് രാജ്യത്ത് ഇതേ മാതൃകയിൽ ആദ്യമായി സൗജന്യ വൈ-ഫൈ സേവനം ലഭ്യമായത്.

സൗജന്യ വൈ-ഫൈ ആവശ്യപ്പെടുന്നവരുടെ മൊബൈലിൽ ഉപയോക്താവിനെ തിരിച്ചറിയുന്ന കോഡ് നമ്പർ സന്ദേശം രേഖപ്പെടുത്തുന്നതുവരെ ഇന്റർനെറ്റ് ബ്രൗസറിൽ പരസ്യം പ്രദർശിപ്പിച്ച് വരുമാനും നേടാനും കഴിയുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജീവ് പറഞ്ഞു. നിലവിൽ അഞ്ച് ലക്ഷം രൂപ പരസ്യവരുമാനമായി പഞ്ചായത്തിന് ലഭ്യമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിലെ ഏതു പ്രദേശത്തും ശരാശരി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സൗജന്യ വൈഫൈ ലഭിക്കുന്ന സ്ഥിതിയാണിപ്പോൾ. രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡ് പ്രധാനമന്ത്രിയിൽനിന്നും നേരിട്ടു വാങ്ങിയ ആളാണ് പ്രസിഡന്റ് എൻ. രാജീവ്. ഒരു പഞ്ചായത്തിന് ഇവിടെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ആദ്യ പ്രസിഡന്റു കൂടിയാണ് രാജീവ്.