ണ്ടനിൽ വർഷം തോറും നടന്ന് വരുന്ന വൈഫ്-കാരിയിങ് ചാമ്പ്യൻഷിപ്പ് ഇക്കഴിഞ്ഞ ഞായറാഴ്ച പൂർവാധികം ഭംഗിയോടെ നടന്നു. ഭാര്യമാരെ ചുമന്ന് കൊണ്ട് എത്ര ഭർത്താക്കന്മാർക്ക് ഓടാൻ പറ്റുമെന്ന് നിർണയിക്കുന്ന മത്സരമാണിത്. മത്സരത്തിന്റെ പത്താം വർഷമാണ് ഇപ്പോൾ വിജയകരമായി പിന്നിട്ടിരിക്കുന്നത്. ഡോർകിംഗിൽ നടന്ന ഭാര്യയെ ചുമക്കൽ മത്സരത്തിന്റെ വിശേഷങ്ങൾ വിസ്മയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സ്‌കാൻഡിനേവിയൻ പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണീ മത്സരം വർഷം തോറും നടത്തി വരുന്നത്.

ഇതിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ഭാര്യമാരെയോ പാർട്ണർമാരെയോ ചുമലിലേറ്റി 380 മീറ്റർ ഓടുകയാണ് ചെയ്യുന്നത്. ചെരിവുള്ളതും ചെളിനിറഞ്ഞതുമായ പ്രതലത്തിലൂടെയാണ് ഇവർ സഞ്ചരിക്കേണ്ടത്. 380 മീറ്റർ മത്സര ദൂരത്തിൽ 15 മീറ്റർ ദൂരം മുകളിലേക്ക് നടക്കണമെന്നായിരുന്നു നിബന്ധന. മത്സത്തിൽ പങ്കെടുക്കുന്നവർക്ക് നേരെ കരുണയില്ലാതെ ബക്കറ്റിൽ വെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ഇവർ വിവിധ തടസങ്ങൾ ചാടിക്കടക്കുകയും ചെയ്യേണ്ടി വരും. ഇതിൽ ചുമക്കപ്പെടുന്ന ഭാര്യമാർക്ക് ചുരുങ്ങിയത് 50 കിലോഗ്രാമെങ്കിലും ഭാരമുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഇതുറപ്പാക്കാൻ മത്സത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് അവരുടെ ഭാരം അളന്ന് നോക്കുന്നതാണ്.

വെൽഷ് ദമ്പതികളായ ജാക്ക് മാക് കെൻഡ്രിക്കും ഭാര്യ കിർസ്റ്റി ജോൺസുമായിരുന്നു ഈ വർഷത്തെ ജേതാക്കൾ. വളരെ ആവേശോജ്വലമായിരുന്നു ഇപ്രാവശ്യത്തെ മത്സരം. 35 ദമ്പതികളായിരുന്നു ഭാഗഭാക്കായിരുന്നത്. ഇവരെ കാണികൾ കൈയടിച്ചും ആർപ്പ് വിളിച്ചും പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു. ദി പ്രിയറി സ്‌കൂളിന് സമീപത്തെ നോവർ വുഡ്ലാൻഡ് റിസർവിലായിരുന്നു മത്സരം നടന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മത്സരത്തിനെത്തിയിരുന്നു. പത്ത് മിനുറ്റിനകം മത്സങ്ങൾ പൂർത്തിയായിരുന്നു. 2008 മുതലാണ് ഡോർകിംഗിൽ ഇത്തരത്തിലുള്ള മത്സരങ്ങൾ ആരംഭിച്ചത്.

ചുമക്കപ്പെട്ട സ്ത്രീകൾ മുൻകരുതലായി ഹെൽമറ്റ് ധരിച്ചിരുന്നു. പിഗി ബാക്ക്, ഫയർമാൻസ് ലിഫ്റ്റ് തുടങ്ങിയ വിവിധ മാർഗങ്ങൾ ഭാര്യമാരെ ചുമക്കാൻ ഭർത്താക്കന്മാർ പയറ്റിയിരുന്നു. ഇതിൽ ഏറ്റവും ജനകീയമായ ചുമക്കൽ രീതി എസ്റ്റോണിയൻ ആണ്. മത്സരത്തിൽ വിജയിച്ച ദമ്പതികൾക്ക് ജൂലൈയിൽ ഫിൻലാന്റിൽ വച്ച് നടക്കുന്ന വേൾഡ് വൈഫ് കാരിയിങ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്. ഇവർക്ക് ഇവിടേക്ക് പോകാനുള്ള ചെലവിലേക്കായി 250 പൗണ്ട് നൽകുന്നതാണ്. ഇതിനായുള്ള പരിശ്രമം തുടരുമെന്നാണ് ജേതാവായ ജാക്ക് പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ ഇതാദ്യമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്നും ഇത് കടുത്തതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ അടുത്ത വർഷവും മത്സരത്തിനെത്തുമെന്നും ഈ ദമ്പതികൾ ഉറപ്പിച്ച് പറയുന്നു. 
ഫിൻലൻഡിലെ സൺകാജാർവിയിലാണീ മത്സരം ആദ്യമായി അരങ്ങേറിയിരുന്നത്. ഫിന്നിഷ് ഭാഷയിൽ ഇത് യൂകോൻകാന്റോ എന്നാണറിയപ്പെടുന്നത്. 1800കളിൽ ജീവിച്ചിരുന്ന ഹെർകോ റോസ് വേ റോൻകെയ്നെൻ എന്ന മോഷ്ടാവുമായി ബന്ധപ്പെട്ടാണ് ഈ മത്സരത്തിന്റെ ചരിത്രമുള്ളത്. ഇദ്ദേഹം ഒരു വനത്തിലാണ് ജീവിച്ചിരുന്നത്. തന്റെ സംഘാങ്ങൾക്കൊപ്പം ഓടി നടന്നിരുന്ന ഇയാൾ സമീപഗ്രാമങ്ങളിൽ മോഷണങ്ങൾ നടത്തിയിരുന്നു. ഇവർ സമീപഗ്രാമങ്ങളിൽ നിന്നും ഭക്ഷണവും സ്ത്രീകളെയും മോഷ്ടിച്ച് ഓടാറുണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളെ തങ്ങളുടെ പുറത്തേറ്റിയായിരുന്നു ഇവർ ഓടിയിരുന്നത്. ഇതിൽ നിന്നാണീ മത്സരം ഉരുത്തിരിഞ്ഞ് വന്നത്. യുകെയ്ക്ക് പുറമെ ഓസ്ട്രേലിയ, യുഎസ്, ഹോംഗ് കോംഗ്, എസ്റ്റോണിയ എന്നിവിടങ്ങളിലും ഈ മത്സരം നടക്കുന്നുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇതൊരു മത്സര കാറ്റഗറിയാണ്.