സ്വന്തം മകളുടെ കല്യാണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യ ഭർത്താവിനെ വെടിവെച്ചു. കാറിൽനിന്നിറങ്ങിയോടി ബസ്സിൽകയറി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്തുടർന്ന് വീണ്ടും വെടിവെച്ചു. ആശുപത്രിയിലെത്തിച്ച ഭർത്താവിന്റെ ശരീരത്തിൽനിന്നും വെടിയുണ്ടകൾ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും ഗുരുതരാവസ്ഥ പിന്നിട്ടിട്ടില്ല.

ബെംഗളൂരുവിൽ സെക്യൂരിറ്റി സ്ഥാപനം നടത്തുന്ന എം.ആർ.സായിറാ(53)മിനാണ് വെടിയേറ്റത്. ഭാര്യ ഹംസ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇവർക്കെതിരെ സൂര്യനഗർ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു.

തമിഴ്‌നാട്ടിലെ ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വഴിക്കാണ് സംഭവം. മകളുടെ കല്യാണത്തെച്ചൊല്ലിയുള്ള തർക്കം ഏതാനും ദിവസമായി ആരംഭിച്ചിരുന്നു. കാറിൽ ബെംഗളൂരിവിലേക്ക് വരവെ, ചന്ദാപ്പുർ എന്ന സ്ഥലത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി നിർത്തി. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഭക്ഷണത്തിനുശേഷം യാത്ര തുടർന്നപ്പോൾ വീണ്ടും തർക്കമുണ്ടാവുകയും സായി റാം ഭാര്യയുടെ മുഖത്തടിക്കുകയും ചെയ്തു. വണ്ടിയോടിച്ചുകൊണ്ടിരുന്ന ഹംസ ഇതോടെ പ്രകോപിതയായി. കാർനിർത്തിയ അവർ തോക്കെടുത്ത് വെടിവെച്ചു. വെടിയേറ്റ സായി റാം കാറിൽനിന്നിറങ്ങിയോടി പിന്നാലെ വന്ന ബിഎംടിസി ബസ്സിൽക്കയറി രക്ഷപെടാൻ ശ്രമിച്ചു.

കാറിൽ ബസ്സിനെ പിന്തുടർന്ന ഹംസ വീരസാന്ദ്ര എന്ന സ്ഥലത്തുവെച്ച് ബസിന് കുറുകെ കാറിട്ട് നിർത്തുകയും ബസിൽകയറി ഭർത്താവിനെ വീണ്ടും വെടിവെക്കുകയും ചെയ്തു. മറ്റുയാത്രക്കാർ തടയാൻ ചെന്നപ്പോൾ അവരെും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. എന്നാൽ, യാത്രക്കാർ അവരെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി.

തന്നെ ഭർത്താവ് മർദി്ചതുകൊണ്ടാണ് വെടിവെച്ചതെന്ന് ഹംസ പൊലീസിന് മൊഴിനൽകി. മദ്യലഹരിയിലായിരുന്നതിനാൽ അവരെ ചോദ്യംചെയ്യാൻ തുടക്കത്തിൽ സാധിച്ചിരുന്നില്ല. വനിതാ ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിന്റെ സഹായത്തോടെ പിന്നീട് ചോദ്യം ചെയ്യൽ പൂർത്തിയാക്കി.