ജയ്പുർ: നാല് വർഷം മുമ്പ് ഹൈദരാബാദി വനിതാ ബൈക്ക് റൈഡർ സന ഇഖ്ബാൽ ഒരു കാർ അപകടത്തിൽ മരിച്ചപ്പോൾ അതൊരു കൊലപാതകമെന്ന് അമ്മ ആരോപിച്ചിരുന്നു. കുടുംബ തർക്കങ്ങളുടെ പേരിൽ ഭർത്താവ് വകവരുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, പൊലീസ് അത് വെറുമൊരു റോഡ് അപകടം മാത്രമായി എഴുതി തള്ളി. അതേസമയം, ഇപ്പോൾ വാർത്തകളിൽ നിറയുന്നത് രാജസ്ഥാൻ പൊലീസിന്റെ വെളിപ്പെടുത്തലാണ്. മൂന്നുവർഷം മുമ്പ് ജയ്‌സാൽമറിലെ മരുഭൂമിയിൽ വച്ച് പരിശീലനത്തിനിടെ ദുരൂഹമായി മരിച്ച മലയാളി ബൈക്കർ കൊല്ലപ്പെട്ടതായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മലയാളിയായ അസ്ബക്ക് മോനെ ആസൂത്രിതമായി വകവരുത്തിയത് ഭാര്യ സുമേര പർവേശും സുഹൃത്തുക്കളും ചേർന്നാണ്. അസ്ബക്കിന്റെ രണ്ട് സുഹൃത്തുക്കളെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

34 കാരനായ അസ്ബക്ക് ഇന്ത്യ-ബാജ ഓഫ് റോഡ് മോട്ടോർ സ്പോർട്സ് റാലിയുടെ പരിശീലനത്തിനിടെയാണ് കൊല്ലപ്പെട്ടത്. അസ്ബക്കിന്റെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് സെപ്റ്റംബർ 22 ന് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയും ബെംഗളൂരു ആർ.ടി. നഗറിലെ താമസക്കാരനുമായിരുന്നു അസ്ബഖ് മോൻ. ഭാര്യ സുമേര പർവേസിനെയും മറ്റുചില സുഹൃത്തുക്കളെയും വൈകാതെ അറസ്റ്റ് ചെയ്യും.

മരുഭൂമിയിൽ വഴിതെറ്റി മരണത്തിലേക്ക്

2018 ഓഗസ്റ്റ് 16 നായിരുന്നു സംഭവം. മരുഭൂമിയിൽ പരിശീലനത്തിനിടെ, വഴിതെറ്റി, വെള്ളം കിട്ടാതെ നിർജ്ജലീകരണം മൂലം മരണപ്പെട്ടു എന്നുമാണ് ആദ്യം പുറത്തു വന്ന വാർത്ത. ഭാര്യയും സംശയം ഒന്നും പ്രകടിപ്പിച്ചില്ല. സിആർപിസി ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് വൈകാതെ പൊലീസ് ക്ലോസ് ചെയ്തു. കഴിഞ്ഞ വർഷമാണ് കേസ് വീണ്ടും തുറന്നത്. ജയ്‌സാൽമർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പഴയ കേസുകൾ പരിശോധിക്കുന്നതിനിടെ, ബൈക്കറുടെ മരണത്തിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പാണ് അസ്ബക്ക് മോൻ മരുഭൂമിയിൽ പരിശീലനത്തിന് പോയത്. അസ്ബക്കിനെ കാണാതായിട്ടും കണ്ടുപിടിക്കാൻ ഇവർ കാര്യമായ പരിശ്രമം നടത്തിയതായി കണ്ടില്ല. ചില ഫോട്ടോകളിൽ മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടു. മോട്ടോർ സൈക്കിളാകട്ടെ വളരെ കൃത്യമായി പാർക്ക് ചെയ്ത നിലയിലും. ഇതൊക്കെയാണ് സംശയം ജനിപ്പിച്ചതെന്ന് ജയ്‌സാൽമർ അഡീഷണൽ പൊലീസ് സൂപ്രണ്ട് നരേന്ദ്ര ചൗധരി പറഞ്ഞു.

അതുപോലെ തന്ന അസ്ബക്ക് മോന്റെ ഭാര്യയുടെയും കൂട്ടുകാരുടെയും പെരുമാറ്റവും, കോൾ റെക്കോഡുകളും സംശയം തോന്നിക്കുന്നതായിരുന്നു. സംഭവം ഉണ്ടായപ്പോൾ തന്നെ ബൈക്കറുടെ കണ്ണൂരിലെ കുടുംബാംഗങ്ങൾ ഇതുകൊലപാതകമെന്ന് പൊലീസിന് പരാതി നൽകിയിരുന്നു. 2020 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഭാരയ്ക്കും കൂട്ടുകാരായ സാബിക, നീരജ്, സന്തോഷ് എന്നിവർക്കൊപ്പം റാലിയിൽ പങ്കെടുക്കാൻ ജയ്‌സാൽമറിൽ എത്തിയ അസ്ബക്കിന്റെ മറ്റു ചില സൂഹൃത്തുക്കളെയും പൊലീസ് തിരയുന്നുണ്ട്.

2018 ൽ വന്ന വാർത്ത

ഒരു വെള്ളിയാഴ്ചയായിരുന്നു അസ്ബക്ക് മോന്റെ മരണം. ജയ്‌സാൽമറിൽ നിന്ന് 200 കിലോമീറ്റർ അകലെ, ഷാഗാ ബുൽജ് മേഖലയിലാണ് ബൈക്കിന് അടുത്ത് മൃതദേഹം കണ്ടെത്തിയത്. വെള്ളക്കുപ്പി ശൂന്യമായിരുന്നു. നിർജ്ജലീകരണം മൂലം മരിച്ചുവെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും ഭാര്യാപിതാവിനുമാണ് മൃതദേഹം കൈമാറിയത്. അസ്ബക്ക് മോൻ രണ്ട് ദിവസത്തെ സാഹസിക റാലിയിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നാണ് എത്തിയത്. ബെംഗളൂരുവിൽ ഒരുസ്വകാര്യ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. മരുഭൂമിയിൽ ഇതേ സ്ഥലത്തേക്ക് പോയ മറ്റു ബൈക്കർമാരെല്ലാം മടങ്ങിയിരുന്നു. അസ്ബക്ക് മോൻ മാത്രം എത്തിയില്ല. വെള്ളം കിട്ടാതെ നിർജ്ജലീകരണം മൂലം ബൈക്കിൽ നിന്ന് ബോധം കെട്ട് വീണെന്നും പിന്നീട് ശരീരത്തിൽ ജലംശം ഇല്ലാത്തതിനാൽ മരണപ്പെട്ടു എന്നുമാണ് പൊലീസ് പറഞ്ഞത്.

2021ലെ വാർത്ത

ബെംഗളൂരുവിലെ ആർടി നഗറിലായിരുന്നു അസ്ബക്ക് മോൻ താമസിച്ചിരുന്നത്. മികച്ച ബൈക്കറായിരുന്ന അസ്ബക്കിന്റെ മരണത്തിൽ അമ്മയ്ക്കും സഹോദരനും ആദ്യം മുതലേ സംശയം ഉണ്ടായിരുന്നു. ഭാര്യ സുമേര പർവേശിനും സഞ്ജയ്, വിശ്വാസ്, നീരജ്, സാബിക്, സന്തോഷ് എന്നീ സുഹൃത്തുക്കൾക്കും ഒപ്പമാണ് അസ്ബക്ക് മോൻ ജയ്‌സാൽമർ റാലിക്ക് എത്തിയത്. 2018 ഓഗസ്റ്റ് 15 ന് ഇവർ എല്ലാവരും ട്രാക്ക് കണ്ടു. പിറ്റേന്ന് റൈഡിന് പോകുകയും വഴി തെറ്റുകയും ആയിരുമ്മു.

പൊലീസിന്റെ അന്തിമ റിപ്പോർട്ട് പ്രകാരം സുമേറയും അസ്ബക്കിന്റെ അഞ്ച് സുഹൃത്തുക്കളും ആസൂത്രിതമായി ഇയാളെ വകവരുത്തുക ആയിരുന്നു. ഭാര്യയുമായി അസ്ബക്കിന് പല വിഷയങ്ങളിലും തർക്കം നിലനിന്നിരുന്നു. ബെംഗളൂരുവിലേക്ക് മാറും മുമ്പ് ദുബായിലായിരുന്നു അസ്ബക്ക് താമസം. മരണദിവസം, സഞ്ജയ് ആണ് ആദ്യം അസ്ബക്കിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇയാൾ അസ്ബക്കിന്റെ മൊബൈലും മറ്റു സാധനങ്ങളും എടുത്തുകൊണ്ടുപോയതായി പൊലീസ് പറഞ്ഞു.

കൊലപാതകമെന്ന് വ്യക്തമായതോടെ, സഞ്ജയ്ക്കും മറ്റുള്ളവർക്കും എതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലും കേരളത്തിലും അന്വേഷണ ഭാഗമായി ഉദ്യോഗസ്ഥർ എത്തിയിരുന്നു. പിന്നീട് ബെംഗളൂരുവിൽ എത്തി സഞ്ജയ്, വിശ്വാസ് എന്നിവരെ അറസ്റ്റ് ചെയ്ത് ജയ്‌സാൽമറിലേക്ക് കൊണ്ടുവന്നു. ഇരുവരും ജുഡീഷ്യൽ കസ്‌ററഡിയിലാണ്. കൊലപാതകം എങ്ങനെ നടത്തി, അതിലേക്ക് നയിച്ച കാര്യങ്ങൾ, ഗൂഢാലോചന എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനിരിക്കുന്നതേയുള്ളു.