ചണ്ഡീഗഢ് : അവിഹിത ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ കൊന്ന് മൃതദേഹം എട്ട് കഷണങ്ങളാക്കിയ കേസിൽ സ്ത്രീയ്ക്ക് 30 വർഷം തടവ്. കൊല്ലപ്പെട്ടയാളുടെ ഭാര്യ പൂജയ്ക്കാണ് തടവു ശിക്ഷ. കേസിൽ ശിക്ഷ വിധിച്ച ഹരിയാനയിലെ ഝജ്ജാർ കോടതി നാലുപേരെ വെറുതെ വിട്ടു. മുപ്പതു വയസ്സുകാരിയാണ് പൂജ.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഝജ്ജാർ ജില്ലയിലെ അസാൻഡ ഗ്രാമത്തിലാണ് 38 കാരനായ ബജ്‌ലീതുകൊല്ലപ്പെടുന്നത്. അവിഹിതത്തിന് ഭർത്താവ് തടസ്സം നിന്നതാണ് കൊലയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജേഷ്ഠനെ കാണാനില്ലെന്ന ബജ്‌ലീതിന്റെ സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ മറനീക്കിയത്. ബജ്‌ലീതിനെ അന്വേഷിച്ച് സഹോദരി വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ലെന്നും ഭാര്യയിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ വീട്ടിലെ അടച്ചിട്ട മുറിയിൽ നിന്നും ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയിലെ ചുരൾ അഴിഞ്ഞത്. മുറിയിലെ സ്യൂട്ട്കെയ്സിൽ നിന്നാണ് ദുർഗ്ഗന്ധം വരുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. സ്യൂട്ട്കെയ്സിലിൽ കണ്ടത് തലയില്ലാത്ത മൃതദേഹമായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച ബാക്കിയുള്ള ശരീര ഭാഗവും കണ്ടെത്തി. തല തറയിൽ കുഴിച്ചു മൂടിയ അവസ്ഥയിലായിരുന്നു.

കാമുകനു വേണ്ടി ഭർത്താവിനെ ഒഴിവാക്കാനായിരുന്നു കൊലയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂജ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്നും കണ്ടെത്തി. ഇതാണ് കോടതി ശരിവച്ചത്.