കറുകച്ചാൽ: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ വിദേശത്തേക്കു കടന്ന പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ്. പീഡിപ്പിക്കപ്പെട്ട പത്തനാട് സ്വദേശിയായ യുവതി (27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. ഇതിൽ അഞ്ചു പേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ എറണാകുളത്തു നിന്നു പിടിയിലായി. ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. എല്ലാവരും കുറ്റസമ്മതം നടത്തി.

ബാക്കിയുള്ള മൂന്നു പേരിൽ ഒരാളാണു സൗദിയിലേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു പേരെക്കുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. 4 പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്‌തെന്നു യുവതി പരാതിയിൽ പറയുന്നു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാർ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാൽ പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

അംഗങ്ങളിൽ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവരടക്കം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഗ്രൂപ്പിൽ സജീവമായ മുപ്പതോളം പേർ നിരീക്ഷണത്തിലാണെന്നും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി ഏഴു ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പങ്കാളികളെ കൈമാറിയിരുന്നത് ഈ ഗ്രൂപ്പുകളിൽ ആയി 5000 അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ കല്യാണം കഴിഞ്ഞ് 20 വർഷം ആയവരും ഉണ്ട്. . കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാൻ താല്പര്യം കാണിച്ച് ഗ്രൂപ്പുകളിൽ എത്തിയവരും പങ്കാളികളെ കൈമാറിയവരും ഉണ്ടെന്ന് പൊലീസ് പറയുന്നു.

പങ്കാളികളെ കൈമാറാത്തവരും പരാതിക്കാരിയായ കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളിൽ അഞ്ചുപേർ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേർ പങ്കാളികൾ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികൾ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ 14,000 രൂപ നൽകണമെന്നതാണ് ധാരണ. ഇത്തരത്തിൽ നിരവധി യുവാക്കളടക്കം ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു എന്ന് പൊലീസ് പറയുന്നു.

പങ്കാളികൾ അല്ലാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെൺവാണിഭത്തിന് പരിധിയിൽ വരുമെന്ന് പൊലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. . ഗ്രൂപ്പുകളിൽ കണ്ട നമ്പരുകൾ കേന്ദ്രീകരിച്ച് പൊലീസ് പരാതിക്കാരെ തപ്പിയെടുക്കാൻ ഉള്ള ശ്രമത്തിലാണ്. പലരും കുടുംബമായി കഴിയുന്നതിനാൽ തന്നെ പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

കുട്ടികൾ അടക്കമുള്ളവരുമായി വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് അതുകൊണ്ട് തന്നെ ആർക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കോട്ടയം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.