യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയുടെ തലപ്പത്ത് വനിതയെത്തണമെന്ന ആഗ്രഹവുമായി യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ. 70 വർഷം പഴക്കമുള്ള സംഘടനയുടെ തലപ്പത്ത് വനിത എത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് ബാൻ കി മൂണിന്റെ അഭിപ്രായം. എന്നാൽ ആരാകണം ഈ വനിതയെന്ന കാര്യത്തിൽ ബാൻ കി മൂൺ അഭിപ്രായം പറയുകയുമില്ല.

ഐക്യരാഷ്ട്ര രക്ഷാ സമിതിയെ നയിക്കാൻ വനിത വേണമെന്ന ചർച്ചയ്ക്കാണ് ബാൻ കി മൂൺ തന്നെ തുടക്കമിട്ടത്. എന്നാൽ രക്ഷാസമിതിയുടെ പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള അധികാരം അദ്ദേഹത്തനില്ല. ആരാകണം അതെന്നും അദ്ദേഹംപറയില്ല-ബാൻ കി മൂണിന്റെ വക്താവ് വിശദീകരിച്ചു. എന്നാൽ വനിതാ ജനറൽ സെക്രട്ടറിയെത്താനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലെ പ്രധാനപ്പെട്ട ഏറെ സ്ത്രീ വ്യക്തിത്വങ്ങളെ അദ്ദേഹത്തിനറിയാം. എന്നാൽ അവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാനുള്ള കരുനീക്കങ്ങൾ ബാൻ കി മൂൺ ചെയ്യുകയുമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

അതിനിടെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കുന്ന സമിതിയിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് കുമാർ മുഖർജിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ കാലാവധി അടുത്തവർഷം തീരാനിരിക്കെയാണ് ലോകസംഘടനയുടെ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പ് അടിസ്ഥാനപരമായി മാറണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടത്. വനിതയെ ഐക്യരാഷ്ട്ര സെക്രട്ടറി ജനറാലാക്കാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യ മാറ്റങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനുള്ള പിന്തുണകൂടിയാണ് ബാൻ കി മൂണിന്റെ പ്രസ്താവന.

സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് രക്ഷാസമിതി ഒരാളുടെ പേരു നിർദ്ദേശിക്കുന്നതിനു പകരം യോഗ്യരായ ഒന്നിലധികംപേരുടെ പട്ടിക നിർദ്ദേശിക്കണം. അവരിൽനിന്ന് പൊതുസഭ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കുന്നയാളായിരിക്കണം സെക്രട്ടറി ജനറൽ അശോക് കുമാർ മുഖർജി അഭിപ്രായപ്പെട്ടു. നിലവിലുള്ള രീതിയനുസരിച്ച്, സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് രക്ഷാസമിതി നിർദ്ദേശിക്കുന്ന വ്യക്തിയെ പൊതുസഭയ്ക്ക് തള്ളുകയോ സ്വീകരിക്കുകയൊ ചെയ്യാം. എന്നാൽ, പ്രായോഗികതലത്തിൽ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ താത്പര്യം പിൻവാതിൽചർച്ചകളിലൂടെ മറ്റംഗങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതു മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

ഓരോ പ്രദേശത്തുനിന്നുള്ളവർക്ക് മാറിമാറി അവസരംകൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എന്നാൽ, ഈ സംവിധാനം ശരിയായ പ്രാതിനിധ്യം നൽകുന്നില്ല. സ്ത്രീകൾ ഇതുവരെ സെക്രട്ടറി ജനറലായിട്ടില്ല. ഇത്തരം പരിമിതികൾ മാറണം ഇന്ത്യൻ പ്രതിനിധി ആവശ്യപ്പെട്ടു. പൊതുസഭയ്ക്ക് കൂടുതൽ പങ്കാളിത്തംകിട്ടുന്ന മാറ്റമാണ് ഇന്ത്യ നിർദ്ദേശിക്കുന്നത്. ഐക്യരാഷ്ട്രസഭാ പ്രഖ്യാപനത്തോട് കൂറും നയതന്ത്രനേതൃഭരണ പാടവവുമുള്ളവരെയായിരിക്കണം സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് പരിഗണിക്കാനെന്നും ഇന്ത്യ നിർദ്ദേശിച്ചു. കാനഡയടക്കമുള്ള രാജ്യങ്ങളും നിലവിലുള്ള സംവിധാനത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്.