തിരുവനന്തപുരം: കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾ വിറ്റ് കോടികൾ കൊയ്ത ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ഇപ്പോൾ വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തുമ്പോൾ കേരളത്തിൽ പിടിമുറുക്കുമോ? മാർട്ടിന്റെ കേസ് വാദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായ സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വിലസിയ ലോട്ടറി രാജാവിന് അന്ന്  സർക്കാർ ഒത്താശചെയ്‌തെന്ന് ശക്തമായി ആരോപിച്ച കോൺഗ്രസിന് പിണറായി സർക്കാരിനെതിരെ കിട്ടിയ ശക്തമായ ആയുധമായി മാറുകയാണ് പുതിയ സ്ഥിതിവിശേഷം.

സാന്റിയാഗോ മാർട്ടിൻ രണ്ടുകോടി രൂപ ദേശാഭിമാനിയിൽ നിക്ഷേപിച്ചതിനെ തുടർന്ന് സിക്കിം സൂപ്പർ, സിക്കിം ധനം തുടങ്ങിയ അന്യസംസ്ഥാന ലോട്ടറികൾക്ക് വി എസ് സർക്കാർ അനുമതി നൽകുകയായിരുന്നുവെന്നും ഇവർക്കെതിരായ കേസുകളിൽ സർക്കാർ അലംഭാവം കാട്ടിയെന്നുമാണ് കോൺഗ്രസ് അക്കാലത്ത് ആരോപിച്ചത്. തുടർന്ന് 2010 ജൂലൈയിലെ നിയമസഭാ സമ്മേളനത്തിൽ വിഡി സതീശൻ വിഷയം അവതരിപ്പിച്ചതോടെ ഇക്കാര്യം കേരളത്തിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു. മാർട്ടിനെതിരായ കേസുകൾ സർക്കാർ തോറ്റുകൊടുക്കുന്നതായും മാർട്ടിന് കേരളത്തിൽ കച്ചവടം സ്വതന്ത്രമായി നടത്താൻ സർക്കാർ സഹായങ്ങൾ ചെയ്യുന്നതായും പ്രതിപക്ഷം ശക്തമായി ആരോപിച്ചു. അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ കേന്ദ്രസർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മും ഇടതു സർക്കാരും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചു.

ഏതായാലും ഇതിനുപിന്നാലെയാണ് വി എസ് സർക്കാരിന്റെ അവസാനകാലത്ത് മാർട്ടിന്റെ ലോട്ടറിവിൽപനയ്‌ക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവുന്നത്. ഇതിന്റെ ഭാഗമായി മാർട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ അന്വേഷണം തുടങ്ങി. അന്വേഷണങ്ങൾ സിബിഐ ഏറ്റെടുത്തതോടെ പ്രതിദിനം 40 കോടിയുടെ വിറ്റുവരവിന് സാധ്യതയുള്ള സംസ്ഥാനത്തുനിന്ന് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ അടിച്ചുമാറ്റിയത് 4752 കോടിയോളം രൂപയാണെന്ന് സിബിഐ അന്വേഷണങ്ങളിൽ നിഗമനത്തിലെത്തി. ഇതിൽനിന്ന് വെറും 143 കോടി രൂപയാണ് സിക്കം സർക്കാരിന് നികുതിയായി നൽകിയതെന്നും സിബിഐ കണ്ടെത്തി.

അതുവരെ കേരളത്തിലെ ലോട്ടറിരംഗത്തുനിന്ന് കോടികൾ കൊണ്ടുപോയിരുന്ന മാർട്ടിൻ കളമൊഴിഞ്ഞതോടെ കേരള ലോട്ടറിയിലൂടെ സർക്കാരിനുണ്ടായ വരുമാനം ഒൻപതിരട്ടിയോളമാണ് വർദ്ധിച്ചത്. വി എസ് സർക്കാരിന്റെ അഞ്ചുവർഷക്കാലത്ത് കേരള ലോട്ടറിയിലൂടെ ഖജനാവിന് 2237 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് പിന്നീട് യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷക്കാലത്ത് നേടാനായത് 19,600 കോടി രൂപയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ 2010-11 കാലത്ത് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വാർഷിക വിറ്റുവരവ് 557 കോടി രൂപയായിരുന്നു. ഈ സ്ഥാനത്തുനിന്ന് വാർഷിക വിറ്റുവരവ് ഇപ്പോൾ 6,500 കോടിയിലെത്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ ഇക്കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ സാന്റിയാഗോ മാർട്ടിൻ നടത്തിയിരുന്നത് പ്രതിദിനം നാല്പതുകോടി രൂപയുടെ ലോട്ടറി വിറ്റുവരവായിരുന്നു എന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇക്കാലത്ത് ശരാശരി രണ്ടുകോടിയായിരുന്നു കേരള ലോട്ടറികളുടെ വിറ്റുവരവ്. മാർട്ടിൻ പോയതോടെ കേരള സർക്കാർ ലോട്ടറിയുടെ വിറ്റുവരവ് ഗണ്യമായി ഉയർന്നെങ്കിലും മാർട്ടിൻ നടത്തിയ സിക്കീം, ഭൂട്ടാൻ ലോട്ടറികളുടെ ചൂടൻ വിൽപനയ്‌ക്കൊപ്പമെത്താൻ കേരള ലോട്ടറികൾക്ക് കഴിഞ്ഞിരുന്നില്ല. പ്രതിദിനം പത്തുകോടിയായി കേരള ലോട്ടറികളുടെ വിറ്റുവരവ് വർദ്ധിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേരളവിപണിയിൽ വീണ്ടും പിടിമുറുക്കാൻ മാർട്ടിൻ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 2013 നവംബറിൽ നാഗാലാൻഡ് ലോട്ടറിയുടെ വിതരണക്കാരനെന്ന നിലയിൽ കേരളത്തിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലോട്ടറി നടത്തിപ്പിന് രജിസ്‌ട്രേഷൻ ലഭിക്കുന്നതിനായി മാർട്ടിൻ നൽകിയ അപേക്ഷ സർക്കാർ തള്ളുകയായിരന്നു. എന്നാൽ കാരണമൊന്നും കാണിക്കാതെയാണ് സർക്കാർ അപേക്ഷ തള്ളിയതെന്നതിനാൽ അത് മാർട്ടിന് നിയമപരമായി ആനുകൂല്യം ലഭിക്കാൻ അവസരമൊരുക്കുമെന്ന് വാദമുയരുകയും ചെയ്തു.

കേരള ലോട്ടറി വിൽപ്പനയിലൂടെയുള്ള വിറ്റുവരവായ പത്തുകോടി കഴിഞ്ഞാലും 30 കോടിയുടെ ചൂതാട്ടത്തിനു കൂടിയുള്ള സാധ്യത കേരളത്തിലുണ്ടെന്ന് വ്യക്തമായി അറിയാവുന്ന മാർട്ടിൻ പേപ്പർ ലോട്ടറി വിൽപനയ്ക്കായുള്ള ട്രേഡ് ലൈസൻസിന് പാലക്കാട് നഗരസഭയിൽ അപേക്ഷ നൽകുകയായിരുന്നു. അനുകൂലമായോ പ്രതികൂലമായോ മറുപടി നൽകാതെ തള്ളിയത് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച മാർട്ടിന് സഹായകരമാകുമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിയാണെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. 2014 ജൂലായിൽ ലോട്ടറി കേസിൽ മാർട്ടിന് അനുകൂലമായ കോടതി വിധിയുണ്ടായി. അന്യസംസ്ഥാന ലോട്ടറി നടത്താൻ നിയമാനുസൃതം അപേക്ഷിക്കുന്നപക്ഷം അത് പരിഗണിക്കണമെന്നും അനുമതി നൽകുകയാണെങ്കിൽ ഫീസ് സ്വീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.

മാർട്ടിന്റെ വലംകയ്യായ ജോൺകെന്നഡിക്കനുകൂലമായി വന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഈ വിധി വന്നത്. സ്വന്തമായി ലോട്ടറി നടത്തുന്ന ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തിന്റെ ലോട്ടറി നിരോധിക്കാൻ ആകില്ലെന്നാണ് നിയമം. സിക്കിം, മണിപ്പാൽ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ലോട്ടറി നടത്തിപ്പിനുള്ള അവകാശം മൊത്തമായി വാങ്ങി ഭാഗ്യക്കുറി നടത്തുകയായിരുന്നു മുമ്പ് മാർട്ടിന്റെ സബ് ഏജന്റായി രംഗത്തെത്തിയ കെന്നഡിയുടെ ലക്ഷ്യം.

സിക്കിം ലോട്ടറിയിലൂടെ മാർട്ടിൻ നടത്തിയ തട്ടിപ്പുകൾ കേരളം ബോധ്യപ്പെടുത്തിയതോടെയാണ് വി എസ് സർക്കാരിന്റെ അവസാന കാലത്ത് മാർട്ടിനെ കെട്ടുകെട്ടിച്ചത്. കേരളത്തിന്റെ ശുപാർശ പ്രകാരം കേന്ദ്രം നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ എടുത്തിരിക്കുന്ന കേസുകളിൽ അന്വേഷണം തീരുന്നതുവരെയാണ് കേന്ദ്ര നിരോധനം ഏർപ്പെടുത്തിയിരുന്നത് വിവിധ ലോട്ടറി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 32 കേസുകളാണ് സിബിഐ ചാർജുചെയ്തിരുന്നത്.

{{സിക്കിം ലോട്ടറിയിലൂടെ മാര്‍ട്ടിന്‍ നടത്തിയ തട്ടിപ്പുകള്‍ കേരളം ബോധ്യപ്പെടുത്തിയതോടെയാണ് വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്ത് മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത്. കേരളത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ എടുത്തിരിക്കുന്ന കേസുകളില്‍ അന്വേഷണം തീരുന്നതുവരെയാണ് കേന്ദ്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് വിവിധ ലോട്ടറി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 32 കേസുകളാണ് സിബിഐ ചാര്‍ജുചെയ്തിരുന്നത്. ഇതില്‍ 23 കേസുകള്‍ ഇതുവരെയായി സിബിഐ എഴുതിത്തള്ളി നടപടികള്‍ അവസാനിപ്പിച്ചു. സിക്കിം മേഘാലയ ലോട്ടറികളുടെ വില്‍പനയില്‍ ചട്ടലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസുകള്‍ എഴുതിത്തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എഴുതിത്തള്ളല്‍ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു.

എഴുതിത്തള്ളല്‍ അപേക്ഷ അംഗീകരിച്ച എറണാകുളം സിജെഎം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂണ്‍ 23ന് റിവിഷന്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് അച്ചടിച്ച ശിവകാശിയിലെയും കര്‍ണാടകത്തിലെയും പ്രസ് സിബിഐ പരിശോധിച്ചിലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതി സുരക്ഷാ പ്രസുകളിലേ ലോട്ടറി ടിക്കറ്റ് അച്ചിടിക്കാവൂ എന്ന റിസര്‍വ് ബാങ്ക് വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. സിക്കിമില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു അപ്പീല്‍.}}

ഇപ്രകാരം സാന്റിയാഗോ മാർട്ടിനെതിരായ കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയതിന് പിന്നാലെയാണ് രണ്ടാഴ്ചയ്ക്കിപ്പുറം മാർട്ടിന്റെ കേസുകൾ വാദിക്കാൻ പിണറായിയുടെ നിയമോപദേഷ്ടാവും മുതിർന്ന അഭിഭാഷകനുമായ അഡ്വ.എംകെ ദാമോദരൻ സംസ്ഥാന സർക്കാരിനെതിരെ കോടതിയിൽ ഹാജരാകുന്നതെന്നതാണ് വിചിത്രം. ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യംതന്നെ ഇല്ലാതായിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനിൽക്കില്ലെന്നും തന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നുമാണ് മാർട്ടിന്റെ വാദം.

ഈ വാദമുന്നയിക്കുന്നത് മുഖ്യമന്ത്രിയുടെ തന്നെ നിയമോപദേഷ്ടാവാകുന്നത് ന്യായീകരിക്കാനാവില്ലെന്ന് സാന്റിയാഗോ മാർട്ടിനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ശക്തമായി രംഗത്തുവന്ന വിഡി സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം ആരോപിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ലോട്ടറിവിഷയം വീണ്ടുമൊരു സജീവ ചർച്ചയ്ക്ക് വഴിതുറക്കുകയാണ്. വീണ്ടുമൊരു അന്യസംസ്ഥാന ലോട്ടറിയുഗത്തിന് കേരളത്തിന്റെ പടിവാതിലുകൾ തുറന്നുകൊടുക്കുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. മാർട്ടിനെതിരെ പാർട്ടിക്കകത്തുനിന്നുതന്നെ പോരാടിയ വി എസ് അച്യുതാനന്ദന്റെ നിലപാടുകളും ഈ വിഷയത്തിൽ ഇനി സജീവ ചർച്ചയായേക്കും.