ലോസ് ആഞ്ജലീസ്: ഓസ്‌ക്കർ ചടങ്ങുകളിൽ പങ്കെടുക്കുന്നിതിൽ നിന്ന് നടൻ വിൽ സ്മിത്തിനെ പത്ത് വർഷത്തേയ്ക്ക് വിലക്കി. മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുൻപാണ് സ്മിത്തിനെതിരായ നടപടി.

അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് സ്മിത്തിനെതിരേ അച്ചടക്ക നടപടി്. എന്നാൽ, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയിൽ നിന്ന് രാജിവച്ചിരുന്നു. ഓസ്‌ക്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് സയൻസസിന്റേതാണ് തീരുമാനം.

റോക്ക്‌സിന്റെയും സ്മിത്തിന്റെയും ഈ പ്രവൃത്തിമൂലം ഇത്തവണത്തെ അക്കാദമി അവാർഡ്ദാന ചടങ്ങ് പൂർണമായും നിറംകെട്ടുപോയി. അവാർഡുകൾക്കും അഭിനേതാക്കളുടെ പ്രകടനത്തിനും പകരം ദൗർബാഗ്യകരമായ ഈ സംഭവമാണ് വാർത്തകളിൽ നിറഞ്ഞുനിന്നതെന്ന് സംഘാടകർ വിലയിരുത്തി. ഏപ്രിൽ എട്ട് മുതലാണ് സ്മിത്തിനെതരായ നടപടി പ്രാബല്യത്തിൽ വരിക.

സ്റ്റീവൻ സ്പിൽബർഗ്, വൂപ്പി ഗോൾഡ്‌ബെർഗ് എന്നിവരടക്കമുള്ള ബോർഡംഗങ്ങൾ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. ഓസ്‌ക്കർ അവാർഡ് നേടാൻ അഭിനേതാക്കൾ അക്കാദമി അംഗങ്ങൾ ആവണമെന്നില്ല. എന്നാൽ, അക്കാദമി അംഗങ്ങൾക്ക് മാത്രമാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളൂ. ഇതാണ് നിഷേധിക്കപ്പെടുന്നത്.

വിൽ സ്മിത്തിന്റെ ഓസ്‌ക്കർ തിരികെ വാങ്ങണമെന്ന തരത്തിലുള്ള ആവശ്യം ഉയർന്നിരുന്നു. എന്നാൽ അത്തരം നടപടികൾ വേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. ഇത് നടന് ആശ്വാസമാണ്.