വാഷിങ്ടൺ: വിവാഹവാഗ്ദാനം ചെയ്ത കാമുകനിൽനിന്ന് കാമുകി കാൻസർ രോഗമുണ്ടെന്നു പറഞ്ഞു പണം തട്ടിയെടുത്തു. അമേരിക്കയിലെ വിർജീനിയയിലാണു സംഭവം. 40,000 ഡോളർ(26.82 ലക്ഷം രൂപ) ആണ് കാമുകിയായ മിഷേൽ സിപ് പാവംപിടിച്ച കാമുകനിൽനിന്നു കണ്ടെടുത്തത്. കാമുകന്റെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

നാലു മാസം മുമ്പ് ഒരു പരിചയക്കാരൻ വഴിയാണ് 31 കാരിയായ മിഷേൽ സിപ്പിനെ കാമുകൻ പരിചയപ്പെടുന്നത്. കൂടുതലും ഫോൺ വഴിയായിരുന്നു ബന്ധം പുലർത്തിയിരുന്നത്. നേരിട്ടു കാണുന്നതിന് മിഷേൽ പലപ്പോഴും വിമുഖയായിരുന്നു. ഇതിനിടെ തനിക്ക് കാൻസറാണെന്നും ചികിത്സയ്ക്കു പണമില്ലെന്നും മിഷേൽ അറിയിച്ചു. മിഷേലിനെ ജീവിത സഖിയാക്കാൻ തീരുമാനിച്ചിരുന്ന കാമുകൻ അവർക്കു വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ പോലും തയാറായിരുന്നു.

തനിക്ക് കാൻസറാണെന്ന് കാമുകനെ ബോധ്യപ്പെടുത്താനായി പലവിധ തന്ത്രങ്ങൾ മിഷേൽ നടപ്പാക്കി. ഇല്ലാത്ത നഴ്‌സിന്റെ പേരിൽ വരെ മിഷേൽ കാമുകന് മെസേജുകൾ അയയ്ച്ചു. കാമുകി മിഷേൽ ഇവിടെ അബോധാവസ്ഥയിൽ ആണെന്നതടക്കമായിരുന്നു മെസേജുകൾ. കാമുകിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കാമുകൻ ഒടുക്കം പൊലീസിനെ സമീപിച്ചു. പൊലീസ് മിഷേലിനെ അറസ്റ്റ് ചെയ്തു. കേസ് നടപടികൾ പുരോഗമിക്കുകയാണ്.