അഹമ്മദബാദ്: കാമുകന്റെ മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ യുവതി അറസ്റ്റിൽ. മധ്യപ്രദേശ് മൊറേന സ്വദേശി രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പൊലീസിന്റെ സൈബർ ക്രൈം സെൽ പിടികൂടിയത്. കുറച്ചു നാളുകളായി അഹമ്മദാബാദിൽ താമസിച്ച് വരികയായിരുന്നു ഇവർ. കാമുകനുമായി വഴക്കിട്ടതിനെ തുടർന്നാണ് കാമുകന്റെ മകൾ കോൾ ​ഗേളാണെന്ന നിലയിൽ ചിത്രങ്ങൾ സഹിതം ഇവർ പ്രചരിപ്പിച്ചത്.

നാല് വർഷം മുമ്പ് ഡൽഹിയിൽ ജോലിചെയ്തിരുന്ന യുവതി പിന്നീട് അഹമ്മദാബാദിലേക്കെത്തി. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച് ജോലിചെയ്തുവരുന്നതിനിടെ പെൺകുട്ടിയുടെ പിതാവുമായി അടുപ്പത്തിലായി. എന്നാൽ അടുത്തിടെ കാമുകനും യുവതിയും തമ്മിൽ വഴക്കിടുകയും തർക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കാമുകന്റെ മകളുടെ ചിത്രങ്ങൾ മോശമായരീതിയിൽ പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി.

അഹമ്മദാബാദ് സ്വദേശിയുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രമാണ് രാധ സിങ് മോശമായരീതിയിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി പെൺകുട്ടിയുടെ ചിത്രം മോശമായരീതിയിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പറും ചിത്രത്തിനൊപ്പം നൽകി. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്.

തുടർന്ന് സൈബർ ക്രൈം സെൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയായിരുന്നു. യുവതിയെ ചോദ്യംചെയ്തതോടെയാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാനിടയായ കാരണം പൊലീസിന് വ്യക്തമായത്. സംഭവത്തിൽ പോക്‌സോ, ഐടി വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.