കൊച്ചി : വർഷങ്ങളായുള്ള ആത്മബന്ധവും, സൗഹൃദവും കൂട്ടുകാരിയെ പിരിയാനുള്ള വിഷമവുമാണ് ഹരിപ്പാട് സ്വദേശിനിയായ മഞ്ജു(20) വിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. അമൃത ആശുപത്രിയിലെ കെയർ അസിസ്റ്റന്റ് ആയ ചേർത്തല സ്വദേശിനിയുമായി വർഷങ്ങൾ നീണ്ട ആത്മബന്ധമാണ് മഞ്ജുവിന്റെ മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

+2 കാലഘട്ടം മുതലാണത്രെ ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. മഞ്ജുവിന്റെ നാട്ടിലെ സ്‌കൂളിൽ പഠനകാലത്താണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത്. ഇത് സ്‌കൂളിലെ കുട്ടികൾക്കിടയിലും, അദ്ധ്യാപകർക്കിടയിലും അസൂയ ഉളവാക്കിയിരുന്ന സൗഹൃദമായിരുന്നു. +2വിന് ശേഷം ലാബ് ടെക്‌നിഷ്യൻ കോഴ്‌സ് പഠിക്കാനായി കോട്ടയത്തെ സ്വകാര്യ സെന്ററിൽ ഇരുവരും ഒരുമിച്ചാണ് ചേരുന്നത്. ഇവിടെ ഒരു മിച്ച് താമസിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ഇതോടെ തമ്മിൽ പിരിയാനാകില്ലെന്ന് രണ്ടു സുഹൃത്തുക്കളും തീരുമാനിച്ചിരുന്നത്രെ. കോഴ്‌സ് കഴിഞ്ഞ് ജോലി അന്വേഷണത്തിനിടയിൽ പഠിച്ച കോഴ്‌സിന്റെ ജോലി അല്ലാതിരിന്നിട്ടും അമൃത ആശുപത്രിയിൽ കെയർ അസിസ്റ്റന്റ് തസ്തികയിൽ കൂട്ടുകാരിക്ക് ജോലി ലഭിച്ചപ്പോൾ മഞ്ജുവും എതിർത്തില്ല. ഇടപ്പള്ളിയിൽ ഹോസ്റ്റലിൽ താമസിച്ചിരുന്ന സുഹൃത്തിനെ കാണാൻ മഞ്ജു ഇടയ്ക്കിടെ ഇവിടെ എത്താറുണ്ടായിരുന്നു. ഇതിനിടയിൽ വീട്ടുകാർ മഞ്ജുവിന് വിവാഹം നോക്കാനും ആരംഭിച്ചു.

ചില ആലോചനകളുമായി വീട്ടുകാർ മുന്നോട്ട് പോയതോടെയാണ് ആദ്യം മഞ്ജു ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ച് മരിക്കാനുള്ള ശ്രമം പെട്ടന്നുള്ള വീട്ടുകാരുടെ ഇടപ്പെടൽ മൂലമായിരുന്നു തടയാനായത്. അതിന് ശേഷമാണ് മഞ്ജുവും സുഹൃത്തുമായുള്ള ബന്ധം വീട്ടുകാരറിയുന്നത്. ഇതോടെ ഇതവസാനിപ്പിക്കാനായി വീട്ടുകാരും ശ്രമം തുടങ്ങി. ഇതിനിടയിലും ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ മഞ്ജു എത്തിയിരുന്നു. കൂട്ടുകാരിയെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഇരു വീട്ടുകാരും ശ്രമം തുടങ്ങിയതോടെ സുഹൃത്ത് പതിയെ മഞ്ജുവിൽ നിന്നും അകലാൻ തുടങ്ങിയതായും പറയപ്പെടുന്നു.

വീട്ടുകാരുമായി ചേർന്ന് സുഹൃത്തിനെ കണ്ട് നേരിൽ സംസാരിച്ച് ബന്ധം അവസാനിപ്പിക്കാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം അമൃതയിലെത്തിയത്. സുഹൃത്തുമായി സംസാരിച്ചതിന് ശേഷം അമ്മയും അമ്മായിയും നിൽക്കുമ്പോഴാണ് ആശുപത്രിയിലെ 11-ാം നിലയിൽ നിന്ന് മഞ്ജു ചാടിയത്. സുഹൃത്തിന്റെ മുറിയിൽ നിന്നും തന്റെ സാധനങ്ങൾ എടുക്കാനെന്ന് പറഞ്ഞ് പോയ മഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പും മഞ്ജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമച്ചിരുന്നു. അന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ജു. ഇപ്പോഴുണ്ടായി മരണത്തിൽ അസ്വാഭാവിക മരണത്തിന് ചേരാനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവവുമായി അമൃത ആശുപത്രിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചേരാനെല്ലൂർ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.