നെടുങ്കണ്ടം: തിരുവനന്തപുരം വെള്ളറടയിൽ വില്ലേജ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഭീകരാക്രമണംവരെ സംശയിച്ചതാണ് പൊലീസ്. അതിലെ പ്രതിയെ അറസ്റ്റു ചെയ്തു ഭീകരനാക്കി കേസ് എടുക്കുകയും ചെയ്തു.

എന്നാൽ, റീസർവേയ്ക്കു കയറിയിറങ്ങി മടുത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരയായി ഒടുവിൽ ജീവൻ ഒടുക്കേണ്ടി വന്ന ഈ വീട്ടമ്മയുടെ കാര്യത്തിൽ എന്തു നിലപാടാണ് പൊലീസ് എടുക്കുക. റവന്യൂ ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കാൻ അധികൃതർ തയ്യാകുമോ?

ഭൂമി റീസർവേ ചെയ്തു നൽകാൻ റവന്യു അധികൃതർ തയാറാകാത്തതിൽ മനംനൊന്താണ് ഉടുമ്പൻചോല മേലെ ചെമ്മണ്ണാറിൽ ചെട്ടിശേരിൽ സജിയുടെ ഭാര്യ ബെറ്റി (44) ജീവനൊടുക്കിയത്. പുലർച്ചെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ ബെറ്റിയെ കണ്ടെത്തുകയായിരുന്നു.

രണ്ടേക്കർ 70 സെന്റ് വസ്തുവിന്റെ റീസർവേ നടപടികൾക്കായി ഇവർ അഞ്ചുമാസത്തിലധികമായി വിവിധ റവന്യു ഓഫിസുകൾ കയറിയിറങ്ങിയിരുന്നു. മേലെ ചെമ്മണ്ണാറിലുള്ള വസ്തു മറ്റൊരു വ്യക്തിക്കു വിൽക്കുന്നതിനു കച്ചവടം ഉറപ്പിക്കുകയും തൊടുപുഴ കുടയത്തൂരിൽ സ്ഥലം വാങ്ങുന്നതിനായി എട്ടുലക്ഷം രൂപ മുൻകൂർ പണമായി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പുതുതായി വാങ്ങാൻ നിശ്ചയിച്ച സ്ഥലത്തിന്റെ ബാക്കി തുക നൽകേണ്ടിയിരുന്നതു കഴിഞ്ഞ അഞ്ചിനായിരുന്നു. ഈ തുക നൽകാൻ സാധിക്കാതെവന്നതോടെ ബെറ്റി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.

വസ്തുവിന്റെ കച്ചവടം ഉറപ്പിച്ച തുകയിൽനിന്നു 10 ലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നു. ചെമ്മണ്ണാറിലെ വസ്തു വിവിധ നടപടികൾ പൂർത്തീകരിച്ചു വാങ്ങുന്ന ആളുടെ പേരിലേക്കു മാറ്റുന്ന മുറയ്ക്കു കുടയത്തൂരിലെ സ്ഥലത്തിന്റെ ബാക്കി തുക നൽകാമെന്നായിരുന്നു കരാർ. എന്നാൽ റീസർവേ നടപടികൾ അനന്തമായി നീണ്ടു. അതിനാൽ പോക്കുവരവു നടത്തി വസ്തു കൈമാറാൻ ഇവർക്കു സാധിച്ചില്ല. ഇതോടെ പുതിയതായി വാങ്ങാൻ നിശ്ചയിച്ച വസ്തുവിന്റെ ബാക്കി പണം നൽകാനും കഴിഞ്ഞില്ല. നടപടികൾ പൂർത്തീകരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് ഈ വീട്ടമ്മ വില്ലേജ്, താലൂക്ക് ഓഫിസുകൾ കയറിയിറങ്ങിയത്.

ജില്ലാ കലക്ടർക്കും ഇക്കാര്യത്തിൽ പരാതി നൽകി. ഇതെ തുടർന്നു റീസർവേ നടപടികൾ ഉടൻ പൂർത്തീകരിക്കാൻ കലക്ടർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. പക്ഷേ, പണം നൽകേണ്ട തീയതിക്കു മുൻപ് നടപടികൾ ആയില്ല. ഇതോടെ കിടപ്പാടംപോലും നഷ്ടമാവുകയും ലക്ഷക്കണക്കിനു രൂപയുടെ കടബാധ്യത കുടുംബത്തിന്റെമേൽ വരികയും ചെയ്തു.

കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച സർവേയറോട് ഉടൻ നടപടികൾ പൂർത്തീകരിച്ചുനൽകിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും ബെറ്റി പറഞ്ഞു. ഒടുവിൽ അതു സംഭവിക്കുകയും ചെയ്തു. സിയ, അമ്മു എന്നിവരാണു ബെറ്റിയുടെ മക്കൾ.

വെള്ളറട വില്ലേജ് ഓഫീസ് ആക്രമിച്ച കേസിൽ കോവില്ലൂർ സ്വദേശി സാംകുട്ടി (57) യാണ് പിടിയിലായത്. കുറച്ചു വർഷങ്ങളായി ഇയാൾ അടൂരിലെ കൊടുമൺ എന്ന സ്ഥലത്താണ് താമസിക്കുന്നത്. വെള്ളറടയിൽ ഇയാളുടെ ഭാര്യയുടെ പേരിലുള്ള പതിനെട്ട് സെന്റ് വസ്തു കരം തീർത്തു കിട്ടുന്നതിനായി കഴിഞ്ഞ മൂന്നു വർഷമായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാത്തതിന്റെ പ്രതികാരമായാണു സാംകുട്ടി ഓഫീസ് ആക്രമിച്ചത്. പെട്രോളും മണ്ണെണ്ണയും കലർത്തിയ ദ്രാവകം ഉപയോഗിച്ച് സാംകുട്ടി വില്ലേജ് ഓഫീസിനു തീയിടുകയായിരുന്നു. സംഭവത്തിൽ പതിനൊന്നു പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ നിരവധി രേഖകളും കമ്പ്യുട്ടറും കത്തിനശിച്ചിരുന്നു.