കണ്ണൂർ: ഭർതൃവീട്ടിലെ പീഡനവും ഭർത്താവിന്റെ സംശയരോഗവുമാണ് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ സുരേഷ് ബാബുവിന്റെ ഭാര്യ എം. വിദ്യയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന സംശയം ബലപ്പെടുന്നു. ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവ് സുരേഷ് ബാബുവിന്റെ അച്ഛനുമമ്മയും വിദ്യയെ മാനസികമായി പീഡിപ്പിക്കാറുണ്ട്.

പലകാര്യങ്ങൾ പറഞ്ഞും കലഹിക്കാറ് പതിവാണെന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയ്യതി ഉച്ചയോടെ ഭർതൃവീട്ടുകാർ വിദ്യയോട് കലഹിച്ചതായും അതേ തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വിദ്യ വീടു വിട്ട് ഇറങ്ങുകയായിരുന്നുവെന്നുമാണ് വിവരം.

വീടിന് അല്പം അകലെയുള്ള അംഗൻവാടിയിൽ മകളെ കൂട്ടാൻ പോയ വിദ്യ പിന്നീട് തിരിച്ചു വന്നില്ല. അയൽവീട്ടിലെ കുട്ടിക്കൊപ്പം മകൾ തന്മയ തിരിച്ചെത്തുകയും ചെയ്തു.

കഴിഞ്ഞ തിരുവോണത്തിന് ഭർത്താവ് സുരേഷ് ബാബു അവധിക്ക് നാട്ടിലെത്തിയിരുന്നു. അപ്പോഴും അയാളുടെ സംശയരോഗം ശക്തമാവുകയായിരുന്നു. വിദ്യയുടെ കൂടെ പഠിച്ചവരെ തേടിപ്പോവുകയും വിദ്യയുമായി അവർക്ക് ഇപ്പോൾ ബന്ധമുണ്ടോയന്ന് അന്വേഷിക്കുകയും അയാളുടെ പതിവായിരുന്നു. അതുകൊണ്ടു തന്നെ ഭർതൃവീട്ടിൽ വിദ്യക്ക് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ആശ്വാസത്തിനായി സ്വന്തം വീട്ടിൽ പോകാമെന്നുവച്ചാൽ അതിനും ഭർതൃവീട്ടുകാർ അനുവദിക്കാറില്ല. ഭർത്താവ് സുരേഷ് ബാബു അച്ഛനോടും അമ്മയോടും വിദ്യക്ക് സ്വാതന്ത്ര്യം നൽകുന്നത് വിലക്കാറുമുണ്ട്. എല്ലാ കാര്യത്തിലും ഒറ്റപ്പെട്ടുപോയ വിദ്യക്ക് മുമ്പിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. മകളെ തനിച്ചാക്കി ജീവൻ വെടിയാൻ തന്നെ ആ യുവതി തീരുമാനിക്കുകയായിരുന്നു.

വിദ്യയെ കാണാതായി നാല്പത് ദിവസം പൂർത്തിയായ ഇന്നലെയാണ് മൃതദേഹം പെരുമ്പ പുഴയിലെ പുല്ലങ്കോട് കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തോണിക്കാർ സ്ഥലം പരിശോധിച്ചപ്പോഴാണ് അഴുകിയ മൃതദേഹം കാണപ്പെട്ടത്. തുടർന്ന് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കാണാതായ 32 കാരിയായ വിദ്യയുടെതാണ് മൃതദേഹം എന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. വിദ്യ ധരിച്ച ചുരീദാർ കണ്ടാണ് ഭർതൃമാതാവ് മരിച്ചത് വിദ്യയാണെന്ന് തിരിച്ചറിഞ്ഞത്. വിദ്യയെ കാണാതായതോടെ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഏഴിമല റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിലൂടെ വിദ്യ നടന്നു പോകുന്നത് കണ്ടവരുണ്ടായിരുന്നു. ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കാനും വിദ്യ ശ്രമിച്ചിരുന്നതായാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഭർതൃവീട്ടിൽ നിന്നും ഒരു സാധനവും വിദ്യ എടുത്തിരുന്നില്ല. പണവും സ്വർണ്ണാഭരണങ്ങളും അവിടെ തന്നെയുണ്ട്. രണ്ട് മൊബൈൽ ഫോണുകളും വീട്ടിൽ തന്നെ വച്ചിരുന്നു. ഭർതൃവീട്ടിലെ ഒറ്റപ്പെടലിൽ മകൾ തന്മയയാണ് വിദ്യക്കുള്ള ഏക ആശ്വാസം. അവളെ പിരിഞ്ഞിരിക്കാൻ വിദ്യക്ക് കഴിയുമായിരുന്നില്ലെന്ന് പിതാവ് കുഞ്ഞികൃഷ്ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിദ്യയെ കാണാതായതോടനുബന്ധിച്ച് നാട്ടിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. അതിനിടയിലാണ് നാല്പത് ദിവസം പഴകിയ മൃതദേഹം പുല്ലങ്കോട് പുഴയിൽ കാണപ്പെട്ടത്.

മരണ കാരണം ആന്തരാവയവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂയെന്നാണ് പൊലീസിൽനിന്നുള്ള വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി മൂരിക്കൊവ്വൽ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. അതേസമയം വിദ്യയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കമ്മിറ്റിയും ബന്ധുക്കളും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.