കോട്ടയം: ഒരു ചെറിയ വഴക്ക് പറച്ചിൽ വരുത്തി വച്ചവിനയേ! നാളു നീളെ പീഡനങ്ങളും മറ്റും അരങ്ങേറുമ്പോൾ 16കാരിക്ക് ഒന്നും സംഭവിക്കാതെ തിരിച്ചെൽപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് കോട്ടയത്തെ വനിതാ ഹെൽപ്പ് ലൈനിലെ പൊലീസുകാർക്ക്.

കോട്ടയം നഗരത്തിന് അല്പം കിഴക്ക് മാറി കഞ്ഞിക്കുഴിയാണ് നാലു മണിക്കൂർ അമ്മയേയും പൊലീസിനെയും മുൾ മുനയിൽ നിർത്തിയത്. ഈ നാലു മണിക്കൂറിനകം നിരവധി പേർ പെൺകുട്ടിയെ സഹായിക്കാനെന്ന പേരിൽ എത്തുകയും ചെയ്തു. പെൺകുട്ടി സഹായം നിരസിച്ചതിനാൽ ദുരന്തം ഒഴിവായി.സംഭവം വളരെ നിസാര കാര്യമാണ്. വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതിന് അമ്മ വഴക്കുപറഞ്ഞതാണ് കാരണം.

വഴക്ക് പറഞ്ഞത് നീണ്ടു പോയതിനാൽ മനംനൊന്ത് പിണങ്ങി 16 വയസ്സുകാരി മകൾ രാത്രി ഫ്ളാറ്റ് വിട്ടിറങ്ങി. അമേരിക്കയിൽനിന്ന് അവധിക്കെത്തിയ ഡോക്ടറായ അമ്മയാണ് മകളെ വഴക്കു പറഞ്ഞതിന്റെ പേരിൽ വിഷമത്തിലായത്. ഇരുവരും അവധിക്കു വന്നതാണ്. കഞ്ഞിക്കുഴിക്കടുത്താണ് വീട്. പകൽ ബന്ധുവീടുകളിൽ പോയതാണ്.

എപ്പോൾ കാർ നിർത്തിയിടുമ്പോഴും റോഡിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കണമെന്ന് അമ്മ മകളെ ഉപദേശിച്ചു. നാഗമ്പടത്തുവച്ച് മറ്റൊരു കാറുമായി കാർ ഉരസി. ഹാൻഡ്ബ്രേക്ക് ഉപയോഗിച്ചിരുന്നെങ്കിൽ അതു സംഭവിക്കില്ലായിരുന്നുവെന്നായി അമ്മ. വഴക്കു രാത്രിയിലും നീണ്ടതോടെ രാത്രി പത്തരയോടെ മകൾ ഫ്ളാറ്റിൽനിന്നു പിണങ്ങിയിറങ്ങി. മകളെ കാണാതായതോടെ അമ്മ പൊലീസ് വനിതാ ഹെൽപ് ലൈൻ നമ്പർ തപ്പിയെടുത്തു വിളിച്ചു.

എല്ലാ വഴിയിലും രാത്രി പരിശോധന നടത്തി. രണ്ടു മണിയോടെ കഞ്ഞിക്കുഴി ജംക്ഷനിൽനിന്നു തന്നെ ആളെക്കിട്ടി. തന്നെ ആരും ഉപദ്രവിച്ചില്ലെന്നും രാത്രിയിൽ നടന്നുപോകുന്ന തന്നോടു മിണ്ടാനായി ചിലർ കാർ നിർത്തിയെങ്കിലും അകലെ നിന്നു പൊലീസ് വാഹനം കണ്ടപ്പോൾ അവരൊക്കെ സ്ഥലംവിട്ടെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

കഞ്ഞിക്കുഴിയിലേക്കു നടക്കുന്നതിനിടെ ഒരു മണിക്കൂറിനുള്ളിൽ നാലുതവണയെങ്കിലും പൊലീസ് വാഹനം കണ്ടു മറഞ്ഞുനിന്നുവെന്നാണ് പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. കഞ്ഞിക്കുഴിയിൽ കടയ്ക്കു സമീപം പതുങ്ങിനിന്ന കുട്ടിയെ കണ്ടു കാർ നിർത്തിയ ഒരു കുടുംബം കാര്യം തിരക്കി. അതിനുശേഷം വനിതാ ഹെൽപ് ലൈനിലേക്കു വിളിച്ചു. ആ സമയം നാടുമുഴുവൻ അരിച്ചുപെറുക്കിയ പൊലീസിനു വനിതാ ഹെൽപ് ലൈനിൽനിന്നു വിവരം നൽകി.

അവർ അമ്മയുമായി വന്ന് മകളെ രാത്രി രണ്ടിനു കയ്യോടെ കൈമാറി. ഉപദേശം കൂടിപ്പോയാൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ സംഭവിക്കാൻ ഇടയുണ്ടന്നും ആ അമ്മയും മനസിലാക്കി.എന്തായാലും കോട്ടയത്തെ വനിതാ ഹെൽപ്പ് ലൈനിന് ഇത് പൊൻ തൂവലായി.