- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് പട്ടാപ്പകൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം; ബ്യൂട്ടി പാർലർ ഉടമ ചെരുപ്പ് ഊരി തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്; കേസെടുത്തു പൊലീസ്; മർദനമേറ്റ യുവതിക്ക് മാനസിക അസ്വാസ്ഥ്യമെന്ന് സംശയം
തിരുവനന്തപുരം: മോഷണമാരോപിച്ച് യുവതിക്ക് നടുറോഡിൽ ക്രൂര മർദനം. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. കടയിൽനിന്ന് വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാർലർ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ മർദിച്ചത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ നീനയ്ക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു
നീനയുടെ ബ്യൂട്ടിപാർലറിന് മുന്നിൽവച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കടയ്ക്ക് മുന്നിൽവച്ച് യുവതിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒപ്പമുണ്ടായിരുന്ന മകളുടെ കൺമുന്നിൽവച്ചായിരുന്നു യുവതിക്ക് മർദനമേറ്റത്. അതേസമയം മർദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മോഷ്ടിക്കാൻ എത്തിയതാണല്ലേ എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ചെരുപ്പ് ഊരിയും മറ്റും മർദ്ദിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. അതിനിടെ വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വഴിയാത്രക്കാർ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പട്ടാപ്പകൽ വഴിയാത്രക്കാർ നോക്കിനിൽക്കേയായിരുന്നു ബ്യൂട്ടി പാർലർ ഉടമയുടെ മർദ്ദനം. തുടക്കത്തിൽ ആരും തടയാൻ ശ്രമിച്ചില്ല. കുറച്ചുനേരം കഴിഞ്ഞാണ് നാട്ടുകാർ ഇടപെട്ടത്.
ബ്യൂട്ടിപാർലറിനുള്ളിൽ വന്നിരുന്നപ്പോൾ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോൺ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവർ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാർലർ ഉടമയുടെ വാദം. യുവതി കടയിൽനിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു.
സംഭവത്തിൽ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ