- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ക്രിക്കറ്റിലെ വയനാടൻ പെരുമയ്ക്ക് അഭിനന്ദനവുമായി സന്തോഷ് പണ്ഡിറ്റ്; ഇന്ത്യൻ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് താരം ആദിത്യയ്ക്ക് സമ്മാനങ്ങളുമായി വെള്ളമുണ്ടയിലെ പുളിഞ്ഞാൽ കോളനി സന്ദർശിച്ച് താരം; കൈയടിച്ച് സോഷ്യൽ മീഡിയ
വെള്ളമുണ്ട: സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വയനാട്ടിലെ വെള്ളമുണ്ടയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആദിത്യയ്ക്ക് അഭിനന്ദനവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. വെള്ളമുണ്ടയിലെ പുളിഞ്ഞാൽ കോളനിയിലുള്ള ആദിത്യയുടെ വീട് സന്ദർശിച്ച സന്തോഷ് പണ്ഡിറ്റ് സമ്മാനങ്ങൾ കൈമാറി. ഫോട്ടോ അടക്കം ഫേസ്‌ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വിവരങ്ങൾ പങ്കുവച്ചത്.
'ഞാൻ ഇന്ന് വയനാട്ടിൽ നിന്നും ഇന്ത്യൻ cricket വനിതാ ടീമിൽ (tennis ball) selection കിട്ടിയ ആദിത്യ എന്ന കുട്ടിയെ അവരുടെ വീട്ടിൽ നേരിൽ പോയി അഭിനന്ദിച്ചു .
വെള്ളമുണ്ട എന്ന സ്ഥലത്തെ പുളിഞ്ഞാൽ കോളനിയിലാണ് അവരുടെ വീട് . വളരെ പാവപ്പെട്ട വീട്ടിലെ അംഗമായ ഈ plus 1 വിദ്യാർത്ഥിനിക്ക് ചെറിയ ചില സഹായങ്ങൾ നൽകി' സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിച്ചു. തൊട്ടുപിന്നാലെ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തി.
നമ്മുടെ കേരളത്തിൽ ഇങ്ങനെ കഴിവുള്ള ഒറ്റപ്പെട്ടുകിടക്കുന്നവർ ഒരു പാട് ഉണ്ട് .. അവരെ കണ്ടെത്തുക എന്നത് വലിയ കാര്യമാണ് .. സഹായിക്കുന്നത് അതിലും വലുതാണെന്ന് ഒരാൾ പ്രതികരിച്ചു.
സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ സെലക്ഷൻ നടപടിയിൽ കേരളത്തിൽ നിന്ന് 15 പേർ പങ്കെടുത്തതിൽ മൂന്ന് പേർക്കാണ് അസുലഭ അവസരം ലഭിച്ചത്. നിർധന കുടുംബത്തിൽ നിന്ന് ഏറെ കഠിനാധ്വാനത്തിലൂടെയാണ് ഈ പ്ലസ് വൺ വിദ്യാർത്ഥിനി ഇന്ത്യൻ ടീം വരെ എത്തിച്ചേർന്നത്. ഹയർസെക്കൻഡറി പഠനത്തിനുശേഷം സ്പോർട്‌സ് അക്കാദമിയാണ് ലക്ഷ്യം. ഇതിനായുള്ള പ്രോത്സാഹനങ്ങളും പിന്തുണയുമാണ് ഈ കായികതാരം കാത്തിരിക്കുന്നത്.
രണ്ട് മൂന്ന് തവണ നാഷണൽ സെലക്ഷൻ കിട്ടിയപ്പോൾ ഇതിനോടൊരു ഇഷ്ടം തോന്നി. ഇവിടെ നിന്നുമുള്ള ശ്രമഫലമായാണ് ആന്ധ്രയിലെ ഒങ്കോളിൽ നടന്ന നാഷണൽ മത്സരത്തിൽ വീണ്ടും എത്തുന്നത്. അന്ന് തെലങ്കാനയെ പരാജയപ്പെടുത്തി കേരളം വെങ്കലം നേടി. ഇതിൽ നിന്നാണ് മികച്ച സ്‌കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിന് ശേഷം തിരിച്ചെത്തി ക്രിക്കറ്റിൽ കൂടുതൽ പരിശീലനത്തിനായി കൃഷ്ണഗിരി സ്റ്റേഡിയത്തിലൊക്കെ ചെന്നു. വീട്ടിൽ നിന്നും ഏറെ ദൂരെയായതിനാൽ ഇവിടെ പോയി വരാനൊക്കെ ബുദ്ധിമുട്ടായതോടെ ഈ ശ്രമങ്ങൾ ഉപേക്ഷിച്ചു.
പിന്നീട് മാനന്തവാടിയിൽ പരിശീലനം നടത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് കാലം വന്നതോടെ വീട്ടിലായി. എങ്കിലും വീട്ടുമുറ്റം തന്നെ പരിശീലനത്തിനും ഇപ്പോൾ തട്ടകമാണ്. അടുത്തമാസം നേപ്പാളിൽ നടക്കുന്ന ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീമിന്റെ ജേഴ്സിയണിയാൻ കഴിയും. ഇതിന്റെ സന്തോഷം കൂടിയാണ് ഇപ്പോഴുള്ളത്.
കൂലിപ്പണിയിൽ നിന്നും സ്വന്തമായുള്ള കൃഷിയിടത്തിൽ നിന്നുമുള്ള ചെറിയ വരുമാനമാണ് ഈ ആദിവാസി കുടുംബത്തിനുള്ളത്. കൂടുതൽ പരിശീലനത്തിനോ യാത്രകൾക്കോ ചെലവഴിക്കാൻ പണമില്ല. ടെന്നീസ് ബോളിൽ നിന്നും സ്റ്റിച്ച് ബോൾ ക്രിക്കറ്റിലേക്ക് മാറാനാണ് ഇപ്പോഴത്തെ ആഗ്രഹം. നല്ല രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. ഇതിനായുള്ള അവസരങ്ങളാണ് ഇനി വേണ്ടത്.
ഹയർസെക്കൻഡറി പഠനത്തിന് ശേഷം സ്പോർട്സ് അക്കാദമിയാണ് ലക്ഷ്യം. ഇതിനായുള്ള പ്രോത്സാഹനങ്ങളും പിന്തുണയുമാണ് ഈ കായികതാരം കാത്തിരിക്കുന്നത്. മാതപിതാക്കൾക്കും അദ്ധ്യാപകർക്കുമെല്ലാം ആദിത്യയുടെ ആഗ്രഹസാഫല്യത്തിനായുള്ള യാത്രകളിൽ പ്രതീക്ഷയുണ്ട്. നാടിനും ഇതൊരു അഭിമാന നിമിഷമാണ്.
വെള്ളമുണ്ട ഹൈസ്‌കൂളിൽ എട്ടാം തരത്തിൽ പ്രവേശനം തേടിയത് മുതലാണ് കായിക രംഗത്തേക്കുള്ള ആദിത്യയുടെ ചുവടുവെപ്പുകൾ. ആദ്യം ഫുട്ബോളിലായിരുന്നു ഇവിടെ നിന്നും ഒരു കൈനോക്കിയത്. അതിന് ശേഷം തന്റെ ഇഷ്ടമേഖലയായ ക്രിക്കറ്റിലേക്കായി ചുവടുമാറ്റം.
പണ്ട് പാടത്ത് ക്രിക്കറ്റും ഫുട്ബോളുമെല്ലാം കളിക്കുമായിരുന്നു. വെള്ളമുണ്ട ജി.എം.എച്ച്.എസ്സിൽ ചേർന്നതിന് ശേഷമാണ് ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ഉണ്ടെന്ന് അറിഞ്ഞത്. അങ്ങിനെ സ്‌കൂളിൽ ടീമിൽ കയറി. ഫുട്ബോളിൽ കോച്ചായിരുന്ന ലൂയിസ് മാഷും ആലീസ് ടീച്ചറും കാര്യങ്ങളെല്ലാം പറഞ്ഞു തന്നു. സ്‌കൂളിലെ കായിക അദ്ധ്യാപകനായ ലൂയിസ് ടെന്നീസ് ബോൾ ക്രിക്കറ്റിൽ കൂടുതൽ പരിശീലനം നൽകിയെന്നും ആദിത്യ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ