ചേർത്തല: വർക്കലയിലെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപീഡന പരാതി. യുവതിയുടെ മരണം ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമാണെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19ാം വാർഡ് മരുത്തോർവട്ടം മാർത്താണ്ടംചിറ സോമശേഖരൻനായരുടെ മകൾ യമുനാമോളാണ് (27) മെയ്‌ 29ന് പുലർച്ച തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. വർക്കലയിലുള്ള വാടകവീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.

ഭർത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോൾ ആത്മഹത്യചെയ്തതെന്ന് കാട്ടി സഹോദരൻ എസ്.അനന്തകൃഷ്ണൻ വർക്കല ഡി.വൈ.എസ്‌പിക്കും തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും വനിതകമീഷനും പരാതി നൽകിയിട്ടുണ്ട്. മ

ൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം ചേർത്തല മരുത്തോർവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ബഡ്സ് സ്‌കൂൾ അദ്ധ്യാപികയായിരുന്ന യമുനാമോൾ 2016ലാണ് വർക്കല സ്വദേശിയായ ശരത്തുമായി പ്രണയത്തിലായി പിന്നീട് വിവാഹിതരായത്.

ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിച്ചു. ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായിരുന്നതായി പരാതിയിൽ പറയുന്നു. വർക്കല കോടതിയിലും ഗാർഹിക പീഡനത്തിന് യമുനാമോൾ പരാതി നൽകിയിരുന്നു.