- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷത്തിടയിൽ രണ്ട് കോടിയിലധികം സ്ത്രീകൾ തൊഴിൽ ഉപേക്ഷിച്ചു; തൊഴിലിടങ്ങളിലെ സമ്മർദ്ദവും ഇഷ്ടപ്പെട്ട ജോലി ലഭിക്കാത്തതും പ്രതിസന്ധി; ഇന്ത്യയിൽ സ്ത്രീ തൊഴിൽ ശക്തി ചുരുങ്ങുമ്പോൾ
മുംബൈ : രാജ്യത്തെ സ്ത്രീകളുടെ തൊഴിലവസരങ്ങൾ കുറയുകയും ഇഷ്ടപ്പെട്ട ജോലി ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യം വർധിക്കുന്നുവെന്ന് പഠനം. കഴിഞ്ഞ അഞ്ചു വർഷത്തിടയിൽ രണ്ട് കോടിയിലധികം സ്ത്രീകൾ തൊഴിൽ ഉപേക്ഷിച്ചുവെന്നാണ് കണ്ടെത്തൽ. തൊഴിലിടങ്ങളിലെ സമ്മർദ്ദവും ഇഷ്ടപ്പെട്ട ജോലി ലഭിക്കാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള (15 വയസിനു മുകളിൽ ) 90 കോടിയിൽ 50 ശതമാനം ഇന്ത്യക്കാരും ജോലി ഉപേക്ഷിച്ചുവെന്നും ഇതിൽ ഭൂരിപക്ഷവും സ്ത്രീകളാണെന്നും പഠനം വ്യക്തമാക്കുന്നു.
സെന്റർ ഫോർ ഇക്കണോമിക്കും സെൻർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യും സംയുക്തമായി നടത്തിയ ' ഇന്ത്യയിലെ ചുരുങ്ങുന്ന സ്ത്രീ തൊഴിൽ ശക്തി ' എന്ന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 2017 മുതൽ 2022 വരെ രാജ്യത്തെ രണ്ട് കോടി സ്ത്രീകൾ തൊഴിലുകൾ ഉപേക്ഷിച്ചു. ഇതോടെ തൊഴിൽ ചെയ്യുന്നതും തൊഴിൽ തേടുന്നതുമായ സ്ത്രീകളുടെ എണ്ണം ഒമ്പത് ശതാമാനമായെന്നും സിഇഐഇ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ മൊത്തം തൊഴിൽ നിരക്ക് 46 ശതമാനത്തിൽ നിന്നും 40 ശതമാനമായി ചുരുങ്ങുകയും ചെയ്തു.
തൊഴിലില്ലായ്മ നിരക്ക് ഈ വർഷം ഫെബ്രുവരിയിലെ 8.10 ശതമാനത്തിൽ മാർച്ചിൽ 7.6 ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാൽ തൊഴിൽ ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണം കണക്കിലെടുത്താൽ ഇത് വളരെ ഉയർന്നതാണ്. ഹരിയാനയിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ, മാർച്ചിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 26.7 ശതമാനം ആയിരുന്നു. രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ 25 ശതമാനവും ബിഹാർ-14.4 ശതമാനം, ത്രിപുര - 14.1 ശതമാനം, പശ്ചിമ ബംഗാൾ- 5.6 ശതമാനം എന്നിങ്ങനെയായിരുന്നു മാർച്ചിലെ തൊഴിലില്ലായ്മ നിരക്ക്.
തൊഴിലാവസരങ്ങൾ സൃഷ്ടിക്കുന്നതിലെ പ്രശ്നങ്ങൾ, തൊഴിൽ മേഖല ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് എന്നിവ വലിയ അപകടത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സിഎംഐഇ പറയുന്നു. ജനസംഖ്യയുടെ 49 ശതമാനം പ്രതിനീധികരിക്കുന്നുണ്ടെങ്കിലും സമ്പത്ത് ഉല്പാദനത്തിൽ സ്ത്രീകളുടെ സംഭാവന 18 ശതമാനമാണ്. 2021ൽ സ്ത്രീ തൊഴിലാളി നിരക്കിന്റെ പ്രതിമാസ ശരാശരി 6.4 ശതമാനം ആയിരുന്നു. ഇത് 2019നേക്കാൾ കുറവാണ്.
2019നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗര മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ പ്രതിമാസ ശരാശരിയിൽ 22.1 ശതമാനം കുറവ് രേഖപ്പെടുത്തി. 2019,2020 വർഷങ്ങളെ അപേക്ഷിച്ച് 2021ൽ തൊഴിൽ തേടുന്ന സ്ത്രീകളുടെ എണ്ണത്തിലും വൻ ഇടിവ് സംഭവിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്, ഗോവ, ജമ്മു കശ്മീർ, പഞ്ചാബ്, എന്നിവിടങ്ങളിൽ 2019നെ അപേക്ഷിച്ച് 2021ൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ 50 മുതൽ 61 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2017-18 വർഷത്തിലെ ലേബർ ഫോഴ്സ് സർവേപ്രകാരം തൊഴിൽ ഇടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തിൽ വൻ ഇടിവ് വന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. 2011-12 വർഷത്തിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ നിരക്ക് 31 ശതമാനം ആയിരുന്നെങ്കിൽ പഠനകാലത്ത് ഇത് 22 ശതമാനമായി ചുരുങ്ങി.