കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. ജീവനക്കാർ പുലർച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. കിടക്കുന്ന ബഞ്ചിനു വേണ്ടിയായിരുന്നു തർക്കമെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി. സെല്ലിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാത്രി എട്ട് മണി കഴിഞ്ഞ ശേഷമാണ് സിമന്റിന്റെ ബഞ്ചിന് വേണ്ടി തർക്കമുണ്ടായത്. തർക്കം കൈയാങ്കളിയിലേക്ക് നീണ്ടതോടെ മൂന്ന് പേരിൽ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി. കൈയാങ്കളിയിൽ മർദ്ദനമേറ്റ യുവതിയെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും എസിപി വ്യക്തമാക്കി.

യുവതിയെ തലശ്ശേരി സ്വദേശിയാണ് വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു. ഇവർ കുഞ്ഞിനെ മർദ്ദിക്കുന്നതും മറ്റും ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരി 28നാണ് ഇവർ ഇവിടെ എത്തിയത്.

മർദ്ദനത്തിൽ യുവതിയുടെ ആന്തരിക ഭാഗങ്ങളിൽ രക്തസ്രാവമടക്കം ഉണ്ടായോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരിക.