തിരുവനന്തപുരം: പ്രസവ വേദനയെ തുടർന്ന് ആശുപത്രിയേല്ക്ക് പോകും വഴി യുവതിക്ക് സുഖ പ്രസവം. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകുംവഴി 108 ആമ്പുലൻസിൽ 30കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സുരേഷിന്റെ ഭാര്യ സന്ധ്യ(30) ആണ് ആംബുലൻസിനുള്ളിൽ പ്രസവിച്ചത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സന്ധ്യക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുർന്ന് ബന്ധുക്കൾ സന്ധ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിച്ചു. അപ്പോഴേക്കും സന്ധ്യയുടെ അവസ്ഥ മോശമായി തുടങ്ങിയതിനാൽ ഓട്ടോയിൽ കയറ്റാൻ സാധിച്ചില്ല. തുടർന്നാണ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കണ്ട്രോൾ റൂമിൽ നിന്ന് വിവരം അറിയിച്ചത് അനുസരിച്ച് കേശവപുരം ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗണേശ് എസ്.എ നടത്തിയ പരിശോധനയിൽ പ്രസവ സമയം അടുത്തതായി കണ്ടെത്തി. എത്രയുംവേഗം സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് സന്ധ്യയുമായി ആംബുലൻസ് ഡ്രൈവർ പ്രശാന്ത് ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും പോത്തൻകോട് ഭാഗത്ത് എത്തിയപ്പോൾ സന്ധ്യയുടെ ആരോഗ്യനില വഷളായി. ഗണേശിന്റെ നിർദേശാനുസരണം ഡ്രൈവർ പ്രശാന്ത് ആംബുലൻസ് റോഡിന് വശത്തേക്ക് ഒതുക്കി. 9.20ന് ആംബുലൻസിന് ഉള്ളിൽവെച്ച് സന്ധ്യ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുസ്രൂഷ നൽകിയ ശേഷം എസ്.എ. ടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.