ശബരിമല : ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസ് സംഘം സന്നിധാനത്തെത്തി. 50 വയസ്സ് പിന്നിട്ട 15 പേരടങ്ങിയ സംഘമാണ് സന്നിധാനത്തെത്തിയത്. സ്ത്രീകൾ എത്തിയാൽ സുരക്ഷാ ക്രമീകരണങ്ങൾ നൽകാനാണ് വനിതാ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

യുവതികളെ സർക്കാർ ചെലവിൽ സന്നിധാനത്തെത്തിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് രംഗത്ത് എത്തിയിരുന്നു. നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളും നാസ്തികരുമായ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ കരു നീക്കി കഴിഞ്ഞതായും അതിനാൽ കേരളം ഒരു കലാപ ഭൂമിയായി മാറാതിരിക്കാൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പി.സി ജോർജ് ഗവർണർക്ക് കത്തു നൽകി. ഗവർണർക്ക് നൽകിയ കത്തിൽ പി.സി ജോർജ് എംഎൽഎ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾക്ക് പുതിയ മാനം നൽകുന്നതാണ് വനിതാ പൊലീസിന്റെ മലകയറ്റം. പിസി പറഞ്ഞതു പോലെ അതീവ രഹസ്യമായി സ്ത്രീകൾ പമ്പയിലെത്തിയെന്ന സംശയം ഇപ്പോഴും സജീവമാണ്. എന്നാൽ സ്ത്രീകളാരും ഇല്ലെന്നാണ് പൊലീസ് ഇപ്പോഴും ഔദ്യോഗികമായി പ്രതികരിക്കുന്നത്.

പമ്പയിൽ നൂറു വനിതാ പൊലീസുകാരെയാണ് എത്തിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ ഇവരിൽ 50 വയസ്സിനു മുകളിലുള്ള 30 പേരെ സന്നിധാനത്തെത്തിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ അതീവ രഹസ്യമായി ഇന്ന് പുലർച്ചയോടെ 15 പൊലീസുകാരികളെ മല ചവിട്ടാൻ നിർദ്ദേശിക്കുകയായിരുന്നു. ഇവരാണ് സന്നിധാനത്ത് എത്തിയത്. വനിതാ പൊലീസുകാർ സന്നിധാത്ത് പോകുന്നത് പുറംലോകത്ത് എത്താതിരിക്കാനാണ് മാധ്യമ പ്രവർത്തകരെ തടഞ്ഞതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ വനിതാ പൊലീസിനെ സന്നിധാനത്ത് നിയോഗിക്കാൻ പൊലീസ് തത്വത്തിൽ തീരുമാനിച്ചിരുന്നു.

കമാണ്ടോകളെ വിടാനായിരുന്നു തീരുമാനം. എന്നാൽ ഇത് പ്രതിഷേധത്തിന് ഇടനൽകി. ഈ സാഹചര്യത്തിൽ അത് വേണ്ടെന്ന് വച്ചു. തുലാമാസ പൂജയ്ക്ക് വനിതാ പൊലീസിനെ മലകയറാൻ അനുവദിച്ചതുമല്ലി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലായിരുന്നു. എന്നാൽ തിരിച്ചെത്തിയതോടെ വനിതാ പൊലീസിനെ ഉൾപ്പെടെ ശബരിമലയിൽ നിയോഗിക്കാനായിരുന്നു നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് വനിതകളെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇനി എല്ലാ തീർത്ഥാടനകാലത്തും വനിതാ പൊലീസുകാർ സന്നിധാനത്തുണ്ടാകും.

ആറു മേഖലകളിലായി 3000 ത്തിലേറെ പൊലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്.യുവതികൾ വന്നാൽ ദർശനത്തിനു തടസം വരാതിരിക്കാനാണ് ഈ മുന്നൊരുക്കങ്ങൾ. ശബരിമല വിഷയത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കിൽ കേരളത്തിൽ വൻ കലാപമുണ്ടാകുമെന്ന് അറിയിച്ചാണ് പിസി ജോർജ് ഗവർണർക്ക് കത്തയച്ചിരുന്നു. സർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാടുകൾ കലാപത്തിന് പോരുന്നതാണ് അതിനാൽ ഗവർണർ ഇടപെടണമെന്നുമാണ് പി.സി ജോർജ് ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു. യുവതികളെ സർക്കാർ തന്നെ ശബരിമലയിൽ എത്തിച്ചതായാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് കിട്ടിയ വിവരം എന്നും പി.സി ജോർജ് കത്തിൽ പറയുന്നു.

ഇന്നലെ അർദ്ധ രാത്രി മുതൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണണ്. ഈ നിരോധനാജ്ഞയുടെ ആനുകൂല്യത്തിൽ സർക്കാർ ഇന്നലെ വൈകുന്നേരം മുതൽ യുവതികളായ നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളേയും നാസ്തികരേയും ശബരിമലയിൽ എത്തിച്ചതായും ഇവരെ ദേവസ്വം വനം വകുപ്പ്, വൈദ്യുതി വകുപ്പ്, പി.ഡബ്ല്യു.ഡി, ജലവിഭവ വകുപ്പ് എന്നിവയുടെ കീഴിയുള്ള തമസ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമെത്തിച്ച് താമിസിപ്പിച്ചിരിക്കുകയാണെന്നാണ് പിസി ജോർജ് കത്തിൽ പറയുന്നത്. ഈ മാസം അഞ്ചിന് ശബരിമല നട തുറക്കുമ്പോൾ ഇവരെ സർക്കാർ സംരക്ഷണത്തോടെ അവിടെ എത്തിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും തനിക്ക് വിവരം ലഭിച്ചു എന്നുമാണ് പി. സി ജോർജ് ഗവർണർക്ക് എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത്.

സർക്കാർ ഈ നിലപാടുമായി മുന്നോട്ട് പോയാൽ വിഷയം വഷളാകാനെ ഉപകരിക്കൂ എന്നും പി.സി ജോർജ് കത്തിൽ പറയുന്നു. അതിനാൽ ശബരിമല വഷയത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നുമാണ് പി.സി ജോർജ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃ പരിശോധനാ ഹർജികൾ ഈ മാസം 13ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയ നീക്കമെന്നും കത്തിൽ ആരോപിക്കുന്നത്. റിവ്യൂ ഹർജി പൊളിക്കാനായി യുവതികളെയും ആക്ടിവിസ്റ്റുകളെയും സർക്കാർ കെട്ടിടത്തിൽ നേരത്തെ തന്നെ എത്തിച്ച് പാർപ്പിച്ചിരിക്കുകയാണ്. ഇത് കേരളത്തെ വൻ കലാപത്തിലേക്ക് നയിക്കും. ഇത്രയും പ്രശ്നങ്ങൾ നിലനിൽക്കേ സർക്കാരിന്റെ നീക്കം തടയണമെന്നും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നുമാണ് ജോർജിന്റെ ആവശ്യം.