കോഴിക്കോട്: മോദി സർക്കാർ നിയമിച്ചതാണെങ്കിലും ദേശീയ വനിതാ കമീഷന് ഇത്ര രാഷ്ട്രീയ വിധേയത്വം വേണമെന്നോയെന്ന് ചർച്ചകൾ പുരോഗമിക്കുന്നു. സിപിഐ.(എം) പിണറായിയിൽ അക്രമം കാണിക്കുന്നുവെന്ന് ആരോപിച്ച് ആ മേഖലയിൽ സന്ദർശം നടത്തിയ ദേശീയ വനിതാ കമീഷൻ, ആർ.എസ്.എസ്ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ.(എം) പ്രവർത്തകരുടെ വീട് സന്ദർശിക്കാൻപോലും കൂട്ടാക്കിയില്ല.

കോഴിക്കോട് ഗസ്റ്റ് ഹൗസിലും തലശ്ശേരിയിലുമൊക്കെവച്ച് ഓടിച്ചിട്ട് പിടിച്ചാണ് കമീഷന് നിവേദനം കൊടുത്തതെന്നാണ് ഇടതു പ്രവർത്തകർ പറയുന്നത്. കോഴിക്കോട് വെസ്റ്റ്ഹിൽ ഗെസ്റ്റ്ഹൗസിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ എത്തിയ തങ്ങൾക്ക് ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിത കുമാരമംഗലത്തെ കാണാൻപോലും ആദ്യം അനുമതികിട്ടിയില്‌ളെന്ന് ഇടത് സംഘടനകളായ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഇന്ത്യൻ ലോയേഴ്‌സ് യൂനിയൻ എന്നിവയുടെ പ്രതിനിധികൾ ആരോപിക്കുന്നു. ലളിത കുമാരമംഗലം ഇവരോട് സംസാരിക്കാൻപോലും കൂട്ടാക്കിയില്ല.വനിതാ കമീഷൻ അംഗം സുഷമ സഹുവാണ് ആദ്യഘട്ടത്തിൽ ഇവരെ കണ്ടത്. എന്നാൽ ഇക്കാര്യം മാദ്ധ്യമങ്ങൾഅറിഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ വന്ന് ലളിത കുമാരമംഗലം പരാതി സ്വീകരിക്കുകയായിരുന്നു.പിണറായിയിലേക്കുള്ള യാത്രാമധ്യേയാണ് ഇവർ കോഴിക്കോട് ഗെസ്റ്റ്ഹൗസിൽ കയറിയത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ, ഇന്ത്യൻ ലോയേഴ്‌സ് യൂനിയൻ എന്നീ സംഘടനകളെ പ്രതിനിധാനം ചെയ്ത് അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ, അഡ്വ. കെ. അനിരുദ്ധൻ, അഡ്വ. പ്രീതി പറമ്പത്ത്, അഡ്വ. വിമല കുമാരി, വി. ലീല എന്നിവരാണ് അധ്യക്ഷയെ കണ്ടത്. പിണറായിയിൽ സ്ത്രീകൾക്കുനേരെ വർഷങ്ങളായി ആർ.എസ്.എസ് അക്രമം അഴിച്ചുവിടുകയാണെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമില്‌ളെന്നും ഗുണ്ടകളെ ഉപയോഗിച്ചാണ് അതിക്രമം നടത്തുന്നതെന്നും ഇവർ ആരോപിച്ചു. എന്നാൽ പരാതി പരിശോധിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും ഒഴുക്കൻ മട്ടിലുള്ള മറുപടിയല്ലാതെ പരാതി മൊത്തം കേൾക്കാൻപോലും ഇവർ ക്ഷമകാണിച്ചില്‌ളെന്ന് ഇടത് നേതാക്കൾ പരാതിപ്പെട്ടു.

തുടർന്ന് പിണറായിൽ എത്തിയപ്പോഴും ദേശീയ വനിതാ കമീഷൻ അക്രമത്തിന് ഇരയായ സിപിഐ (എം) പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചില്ല. ബിജെപി പ്രവർത്തകരുടെ നാല് വീടുകൾ മാത്രമാണ് കമീഷൻ ചെയർപേഴ്‌സൻ ലളിത കുമാരമംഗലവും അംഗം സുഷമ സാമും സന്ദർശിച്ചത്. വോട്ടെണ്ണൽ ദിവസം ബോംബേറിൽ കൊല്ലപ്പെട്ട സി.വി. രവീന്ദ്രന്റെ വീടും സന്ദർശിക്കാൻ കമീഷൻ സമയം കണ്ടത്തെിയില്ല. പിണറായിയിൽ കമീഷനെ കണ്ട് പരാതി നൽകാൻ ശ്രമിച്ചെങ്കിലും ചെയർപേഴ്‌സൻ താൽപര്യം പ്രകടിപ്പിച്ചില്‌ളെന്ന് സിപിഐ(എം) നേതാക്കൾ പ്രതികരിച്ചു. തുടർന്ന് രവീന്ദ്രന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ തലശ്ശേരിയിലത്തെിയാണ് പരാതി നൽകിയത്. എന്നാൽ, ചെയർപേഴ്‌സൻ ലളിത കുമാരമംഗലത്തെ കാണാനോ പരാതി ബോധിപ്പിക്കാനോ ഇവർക്ക് കഴിഞ്ഞിട്ടില്ല.

പകരം കമീഷൻ അംഗം സുഷമ സാം ആണ് ഇവരിൽ നിന്ന് പരാതി സ്വീകരിച്ചത്. ആറ് പരാതികളാണ് വനിതാ കമീഷന് സിപിഐ(എം) നൽകിയത്. കൊല്ലപ്പെട്ട രവീന്ദ്രന്റെ ഭാര്യ ഗീത, സി. അഷറഫിന്റെ ഭാര്യ സാഹിദ, പരപ്രത്ത് വാസുവിന്റെ ഭാര്യ കമല, ബോംബേറിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച സരോജിനിയുടെ മകൾ ഷീജ, വോട്ടെണ്ണൽ ദിവസം ബോംബേറിൽ പരിക്കേറ്റ സായൂജ്, ആർ.എസ്.എസ് അക്രമത്തിനിരയായ രഞ്ജനി എന്നിവരാണ് പരാതി നൽകിയത്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ ജില്ലാ കോടതി യൂനിറ്റിനുവേണ്ടി സെക്രട്ടറി അഡ്വ.ജി.പി. ഗോപാല കൃഷ്ണന്റെ നേതൃത്വത്തിലും ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി വി. ലീലയുമാണ് പരാതി നൽകിയത്.

എല്ലാസംഘടനകളിൽപെട്ട സ്ത്രീകളെയും ഒന്നിച്ച് കാണാൻപോലും കഴിവില്ലാത്ത കമീഷൻ പിന്നെ എങ്ങനെതയാണ് കണ്ണൂരിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുകയെന്ന് നവമാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി വിമർശിക്കപ്പെട്ടുന്നുണ്ട്. കമീഷൻ ഒരു വിഭാഗത്തിന്റെ വീടുകൾമാത്രം സന്ദർശിച്ചത് ദേശീയ മാദ്ധ്യമങ്ങളിൽവരെ വലിയ ചർച്ചയാവുകയും ചെയ്തു.