കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കാത്തതിനെ ത്തുടർന്ന് പ്രതിഷേധം അറിയിച്ച സംവിധായിക കുഞ്ഞിലയ്‌ക്കെതിരെയുള്ള നടപടിയിൽ അക്കാദമിക്കെതിരെ ചലച്ചിത്ര പ്രവർത്തകർ.കലാ സാംസ്കാരിക രംഗത്തെ നിരവധിപേരാണ് സംവിധായികയ്ക്ക് ഐക്യദാർഢ്യവുമായി മുന്നോട്ട് വന്നത്.കുഞ്ഞിലയ്ക്ക് പിന്തുണ അറിയിച്ച് ചലച്ചിത്ര മേളയിൽ നിന്ന് വിധു വിൻസെന്റ് സിനിമ പിൻവലിച്ചു. മേളയിലെ നാല് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു വിധുവിന്റെ 'വൈറൽ സെബി'. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ അക്കാദമി വാദം തള്ളുകയാണെന്നും വിധു വ്യക്തമാക്കി.

സംവിധായിക കുഞ്ഞില മസിലാമണിയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും വിധു അറിയിച്ചു. ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണ്. പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത് നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ലെന്നും വിധു കുറിച്ചു. വനിതാ സംവിധായകർക്ക് വേണ്ട പരിഗണന മേളയിൽ നൽകുന്നില്ലെന്നും കുറിപ്പിലൂടെ ആരോപിച്ചു.

വിധു വിൻസെന്റിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

വനിതാ ഫെസ്റ്റിവലിൽ നിന്ന് എന്റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു. ശ്രീ എൻ എം ബാദുഷ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം17 വേ ഖൗഹ്യ 2022 ,10 മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്റെ ചിത്രം വനിതാ ഫെസ്റ്റിവലിൽ നിന്ന് പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കാരണങ്ങൾ -

1. വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തു തന്നെയായാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതുവരെയും മേളകൾ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാ സംവിധായികയെ അറസ്റ്റ് ചെയ്ത് നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളു. ഇക്കാര്യത്തിൽ ഞാൻ കുഞ്ഞിലക്ക് ഒപ്പം നില്ക്കാൻ ആഗ്രഹിക്കുന്നു.

2. സമം പരിപാടിയുമായി സഹകരിച്ച് വനിതാ ഫെസ്റ്റിവലിൽ വനിതാ സിനിമാ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലയ്ക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലയ്ക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിന്റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നൽകുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.

3. കേരളത്തിലെ വനിതാ സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.

4. കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള ഷോട്ട് ഫിലിം ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷോട്ട് ഷിക്ഷൻ വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ? അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നാണ്. അതേസമയം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഛഠഠ യിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തിൽ ചിത്രങ്ങൾ ചെയ്യുന്ന വനിതാ സംവിധായകരുടെ നേർക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം .മുകളിൽ പറഞ്ഞ ഈ കാരണങ്ങളാൽ ഈ മേളയിൽ നിന്ന് വിട്ടു നില്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം എന്റെ സിനിമ പിൻവലിക്കാനും. 'ഒരു സ്ത്രീ നട്ടെല്ലുയർത്തി നേരേ നിൽക്കാൻ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. ' - മായ ആഞ്ജലോയോട് കടപ്പാട്.

 

കുഞ്ഞില മസിലാമണിയെ അറസ്റ്റ് ചെയ്തു നീക്കിയ സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്ചയിച്ചവർ വനിതാ ചലച്ചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല...അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് എന്നാണ് ഹരീഷ് പേടി കുറിച്ചത്. ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ... ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ... കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്ചയിച്ചവർ വനിതാ ചലച്ചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല...അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് ...(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്...ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്‌കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്... ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്... സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ

കുഞ്ഞിലയ്ക്ക് പിന്തുണയുമായി സംവിധായകൻ പ്രതാപ് ജോസഫും രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര മേളയുടെ നടത്തിപ്പ് ജനാധിപത്യരീതിയിൽ അല്ലെന്നും പ്രതാപ് ജോസഫ് ആരോപിച്ചു. സംവിധായിക കുഞ്ഞിലയോട് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചും സിനിമ പിൻവലിക്കാനുള്ള വിധു വിൻസെന്റിന്റെ നിലപാടിൽ ഐക്യപ്പെട്ടും വനിതാ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേല്പിക്കുകയാണ്. ഇനി ഈ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന് സിനിമ കാണാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും പ്രതാപ് ജോസഫ് പറഞ്ഞു.

2017 മാർച്ചിലാണ് ആദ്യത്തെ വനിതാ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് ജനാധിപത്യ രീതിയിൽ നടത്തണമെന്ന് മാറിമാറിവന്ന തമ്പുരാക്കന്മാർക്ക് തോന്നിയിട്ടില്ലെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല. മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേൽപ്പിക്കുന്നു. ഇനി മേളയിൽ സിനിമ കാണില്ലെന്നും സംവിധായകൻ പറഞ്ഞു.

ഇതിനിടെ, വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ മുഖ്യമന്ത്രിക്ക് കത്തയച്ചു. അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ, ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ്, അക്കാദമി അംഗം കൂടിയായ എൻ.അരുൺ കത്തയച്ചത്. അംഗങ്ങളുടെ അഭിപ്രായം ചെയർമാൻ കേൾക്കുന്നില്ലെന്നും അക്കാദമി കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് ആക്ഷേപം. വനിതാ ഫിലിം ഫെസ്റ്റിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ച പോലും ഉണ്ടായിട്ടില്ലെന്നും അക്കാദമി അംഗം എൻ.അരുൺ ആരോപിച്ചു.

അതേസമയം അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്ത സിനിമകൾ ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് 'അസംഘടിതർ' എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്.

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിധു വിൻസെന്റിന്റെ പ്രതിഷേധത്തെയും മാനിക്കുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും സി.അജോയി പറഞ്ഞു. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി വ്യക്തമാക്കി.