കൊച്ചി: ചേറായി ബീച്ചിൽ പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. വാരാപ്പുഴ സ്വദേശി ശീതൾ (30) ആണ് ഒപ്പമുണ്ടായിരുന്ന യുവാവിന്റെ കുത്തേറ്റ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. ഇവരുടെ ശരീരത്തിൽ ആറ് കുത്തേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശീതളിന്റെ ശരീരത്തിൽ ആറ് കുത്തേറ്റിട്ടുണ്ട്. ശീതളിന്റെ കാമുകൻ പ്രശാന്ത് ആണ് കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോർട്ടിലേക്ക് ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകും വഴിതന്നെ യുവതി മരിച്ചു. ശരീരത്തിൽ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരുടെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ചേറായി ബീച്ചിന് സമീപം  പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക്  വന്നതായിരുന്നു യുവതി. ഈ യുവാവുമായി ബീച്ചിലെത്തുക ആയിരുന്നു. ബീച്ചിൽ വെച്ച് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഒടുവിൽ ഈ യുവാവ് യുവതിയെ ആഞ്ഞ് കുത്തുകയായിരുന്നു. ആറോളം കുത്തുകളേറ്റെന്നാണ് വിവരം. ശീതളിനൊപ്പമുണ്ടായിരുന്ന യുവാവാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണോ എന്ന് പൊലീസിന് സംശയം ഉണ്ട്. ബീച്ചിൽ വന്നതാണെങ്കിൽ ഇയാൾ എന്തിനാണ് കത്തികൊണ്ടുവന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

നെടുങ്കണ്ടം സ്വദേശിയാണ് അറസ്റ്റിലായ പ്രശാന്ത്. ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് പ്രശാന്ത്. അടുത്തിടെ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. ഇതെത്തുടർന്നാണ് ശീതളിനെ കുത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി.

ഇരുവരും രാവിലെ ക്ഷേത്രത്തിൽ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാൽ ഒരു സമ്മാനം നൽകാമെന്ന് പ്രശാന്ത് ശീതളിനോട് പറഞ്ഞു. ശീതൾ കണ്ണടച്ചപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നുമെന്നുമാണ് മൊഴി.