തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടുകളെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മുൻകൈയെടുത്ത് നവോത്ഥാന വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ, ശബരിമല വിഷയത്തിൽ അവസാന നിമിഷം സർക്കാറിന് ലഭിച്ച മുൻകൈ ലഭിച്ചങ്കിൽ ആ മുൻകൈ മതിൽ നിർമ്മിക്കാനുള്ള തീരുമാനത്തിലൂടെ പൊളിയാനുള്ള സാധ്യത കൂടി. കാരണം, ശബരിമലയിലെ യുവതീപ്രവേശനമാണ് വിഷയമെങ്കിൽ ഈ മതിലിനൊപ്പം നിൽകില്ലെന്ന നിലവിൽ മതിലിന്റെ സംഘാടക സമിതിയിൽ തന്നെയുള്ള പലർക്കും. ഈ വിഷയത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മാത്രമാണ് സർക്കാറിന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നത്. അദ്ദേഹം മാത്രമാണ് തുടക്കം മുതൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചത്.

ഈ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ക്ഷണമുണ്ടായിരുന്നത് 190 സംഘടനകൾക്കാണ്. എന്നാൽ എത്തിയതാകട്ടെ 80ൽ താഴെ ആൾക്കാരും. നവോത്ഥാന വനിതാ മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കുള്ളിലും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മിക്ക സംഘടനകളും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സമരത്തിന് ഇറങ്ങിയവാണ്. ഇവർ ഇപ്പോൾ വീണ്ടും മതിൽ പണിയാൻ രംഗത്തിറങ്ങുന്നതിൽ അനൗചിത്യമാണ് ചർച്ചയാകുന്നത്.

ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കാനുള്ള നീക്കം വിമർശനവിധേയമായതോടെ എസ്.എൻ.ഡി.പി. യോഗനേതൃത്വവും വെട്ടിലായി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു നവോത്ഥാന മുന്നണിയുടെ ചെയർമാൻ. യോഗത്തിന്റെ മറ്റു പ്രമുഖനേതാക്കളായ സുഭാഷ് ബോസ്, എംപി. ശ്രീകുമാർ, അനിൽ തറനിലം, കെ.ജി. തങ്കപ്പൻ, സുരേഷ് ബാബു തുടങ്ങിയവർ എൻ.ഡി.എ. മുന്നണിയിലുള്ള ബി.ഡി.ജെ.എസിന്റെ ഭാഗവുമാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ മകൻ രംഗത്തെത്തുമോ എന്നാണ് അറിയേണ്ടത്.

സംഘാടകസമിതി രൂപീകരണം മുതൽ സംഭവിച്ച പാളിച്ചകൾക്കു വൻവില നൽകേണ്ടിവരുമെന്നാണു സിപിഎമ്മിൽനിന്നുതന്നെ ഉയരുന്ന വിമർശനം. പൊതുവേ സാമുദായി സംഘടനകളെ അകറ്റി നിർത്തുന്ന സിപിഎം ഈ വിഷയത്തിൽ അവരുടെ കാലു പിടിക്കേണ്ട ഗതികേടെന്നാണ് ഉയരുന്ന വിമർശനം. മുന്നണിയിൽ ആലോചിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രിക്കെതിരെയുണ്ട്. 'നമ്മളിലുള്ളതു മാനവരക്തം' എന്ന മുദ്രാവാക്യമുയർത്തിയ സിപിഎംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നത്. 'നവോത്ഥാന'മുന്നണിയുടെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ അയോധ്യയിലെ കർസേവയിലും നിലയ്ക്കൽ ആക്രമണത്തിലും പങ്കാളിയാണെന്ന ആരോപണം മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കി.

വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതും അധിക്ഷേപിച്ചതും സുഗതനായിരുന്നെന്ന ഫേസ്‌ബുക്ക് വെളിപ്പെടുത്തലും പ്രശ്നം സങ്കീർണമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഇരുപതോളം സംഘടനകൾ വനിതാമതിലിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. കേരള ബ്രാഹ്മണസഭയും വി എസ്.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നൽകും.

ശ്രീനാരായണ ധർമവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗർ വനിതാമതിൽ സംഘാടകസമിതിയിൽ ഉൾപ്പെട്ടതിനെതിരേ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്കു പരാതി നൽകി. വിദ്യാസഗറിനു ധർമവേദിയുമായി ബന്ധമില്ലെന്നു പരാതിയിൽ വ്യക്തമാക്കുന്നു. കെ.പി.എം.എസിൽനിന്നു പുന്നല ശ്രീകുമാറിനെ സർക്കാർ ഒപ്പം നിർത്തിയെങ്കിലും തുറവൂർ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ എൻ.ഡി.എയുടെ ഭാഗമാണ്. എൻ.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാർ സഭ തുടങ്ങിയ മുന്നോക്കസംഘടനകൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി സുഗതൻ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടാണെന്നും സുഗതൻ ഇപ്പോഴും പറയുന്നത്. ഇങ്ങനെ നിലപാടുള്ള ആളുമായി എന്തിന് മതിൽ പണിയാൻ നിൽക്കുന്നു എന്ന വിമർശനം ശക്തമണ്.

കൂടാതെ ഒക്‌ടോബറിൽ ചിത്തിര ആട്ടവിശേഷ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ സുഗതൻ മുൻനിരയിൽ നിൽക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച പുറത്തു വന്നിരുന്നു. യുവതി പ്രവേശനത്തിനെതിരെ സുഗതൻ അടക്കമുള്ള സംഘടന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുന്ന ചിത്രം ഇദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, യോഗത്തിൽ പങ്കെടുത്ത വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് സി.പി. സുഗതൻ ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിരുന്നു. സംഭവം വിവാദമായതോടെ, സമിതി തെരഞ്ഞെടുപ്പിനെതിരെ വിവിധ സംഘടന നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.

ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് ശിവഗിരിമഠം. 10 ദിവസത്തെ പഞ്ചശുദ്ധി വ്രതം ഉൾപ്പെടെയുള്ള ഗുരുദേവ കല്പനകൾ പാലിച്ചുകൊണ്ടാണ് പരിപാടികൾക്ക് ഇത്തവണ രൂപം നൽകുന്നത്. തീർത്ഥാടനകാലത്ത് ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ ഉള്ളത് എസ് എൻ ഡി പിക്കാണ്. ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ വിളംബര ജാഥകളും മറ്റും നടത്തേണ്ട സംഘടനയാണ് എസ് എൻ ഡി പി. അതുകൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നവോത്ഥാന വനിതാ മതിലിനെതിരെ ശിവഗിരിയിൽ നിന്നും എസ് എൻ ഡി പിയിൽ നിന്ന് പോലും എതിർപ്പു ശക്തമാക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം കേരളത്തിൽ അങ്ങോളമിങ്ങോളം നവോത്ഥാന മതിൽ സൃഷ്ടിക്കാനുള്ള തീരുമാനം ശിവഗിരിയിലെ ആഘോഷങ്ങളെ അട്ടിമറിക്കാനാണെന്നാണ് ആരോപണം. ഇതോടെ വെട്ടിലാകുന്നത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.

നാരായണ ഭഗവാന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയിലെക്കുള്ള തീർത്ഥാടനം ശ്രീനാരായണ ഭക്തരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവം പുണ്യമായ കർമം ആണ്. ഇതിൽ ഏറ്റവും പ്രധാനം സമാപനം ദിവസവും. ശ്രീനാരായണിയരെ മുഴുവൻ വനിതാ മതിലിന്റെ ഭാഗമാക്കാനാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയത്. എൻ എസ് എസ് നേതൃത്വം ഇതിനെ എതിർക്കുകയും ചെയ്യുന്നു. ഇതിനിടെ നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പങ്കെടുത്ത 24ഓളം സംഘടനകൾ വനിതാ മതിലിനുള്ള പിന്തുണയും പിൻവലിച്ചു. വനിതാ മതിലിന്റെ സംഘാടക ഭാരവാഹികളിൽ വനിതകൾ ഇല്ലാത്തതും ചർച്ചയായി. ഇതിന് പിന്നാലെയാണ് ബ്രാഹ്മണ സഭയും വി എസ്ഡിപിയുമെല്ലാം നവോത്ഥാന മതിലിനെ വിമർശിച്ചത്. ഇതൊരു സിപിഎം പരിപാടിയാണെന്ന് കോൺഗ്രസും ആരോപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് എസ് എൻ ഡി പിയിൽ നിന്ന് തന്നെ ശിവഗിരിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന വ്യാഖ്യാനം വരുന്നത്.

ശബരിമല തീർത്ഥാടനം പോലെ കേരളത്തിൽ കൃത്യമായി നടക്കുന്ന തീർത്ഥാടനമാണ് ശിവഗിരിയിലേത്. ആചാര സംഹിതകൾക്കനുസൃതമായി പുണ്യസ്ഥലത്തേക്ക് ഒറ്റയ്ക്കോ കൂട്ടമായോ നടത്തുന്ന യാത്രയാണ് തീർത്ഥാടനം. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്. വിദ്യാഭ്യാസം, ശുചിത്വം,ഈശ്വരഭക്ത, സംഘടന, കൃഷി, കച്ചവടം,കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരമ്പര നടത്തണം. തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണമെന്നാണ് നാരായണ ഗുരു നിർദ്ദേശിച്ചിട്ടുള്ളത്. അത്രയും പ്രധാനപ്പെട്ട ദിവസം തന്നെ വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിൽ വനിതാ മതിൽ നിശ്ചയിച്ചതാണ് ശ്രീ നാരായണീയർ ചോദ്യം ചെയ്യുന്നത്.