തിരുവനന്തപുരം: ജനുവരി ഒന്നിനുള്ള വനിതാമതിലിൽ നവോത്ഥാനമൂല്യ സംരക്ഷണസമിതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 174 സാമൂഹികസംഘടനകളിൽനിന്ന് 22 ലക്ഷം വനിതകൾ പങ്കെടുക്കും. എസ്.എൻ.ഡി.പി. യോഗം ആറുലക്ഷവും കെ.പി.എം.എസ്. അഞ്ചുലക്ഷവും വനിതകളെ മതിലിനെത്തിക്കും. വനിതാ മതിലിൽ 30 ലക്ഷത്തിലധികം സ്ത്രീകളെ പങ്കെടുപ്പിക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും പറയുന്നു. അതായത് ആകെ 52 ലക്ഷം വനിതകൾ. അവകാശവാദം ശരിയെങ്കിൽ കേരളീയ ജനസംഖ്യയിൽ പതിനെട്ട് കഴിഞ്ഞ 70ശതമാനം പേരും അണിനിരക്കും. ഏതായാലും വലിയ ക്രമീകരണങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ചരിത്രത്തിൽ ഇടംനേടുന്ന വലിയ സാമൂഹിക മുന്നേറ്റമാകും വനിതാമതിലെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള ആശയപോരാട്ടമാകും ഇത്. ഗിന്നസ് റെക്കോഡിന്റെ സാധ്യതയും ഇവർ തേടുന്നുണ്ട്. വൈകീട്ട് മൂന്നിന് വനിതാമതിലിൽ അണിനിരക്കേണ്ടവർ ദേശീയപാതയിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്സലിനുശേഷം നാലുമണിക്ക് തീർക്കുന്ന മതിൽ 4.15 വരെ തുടരും.

തുടർന്ന് മതേതര നവോത്ഥാന മൂല്യങ്ങൾ ഉയർത്തിയുള്ള പ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന യോഗങ്ങളിൽ സാമൂഹിക, സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും. തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗങ്ങളിൽ പങ്കെടുക്കും. എല്ലാ ചെലവും സംഘടനകളാണ് വഹിക്കുന്നത്. സർക്കാർ നയത്തിന്റെ ഭാഗമായാണ് പരിപാടിയെങ്കിലും ചെലവിന് സർക്കാരിനോട് പണം ആവശ്യപ്പെടില്ല. എല്ലാ മതന്യൂനപക്ഷ സമുദായങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും.

ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ സ്ത്രീകളെ ആട്ടിയോടിക്കുന്ന അവസ്ഥയാണ് ശബരിമലയിൽ. പുരോഗമന ആശയം ഉയരുന്ന സമയത്തു പഴഞ്ചൻ നിലപാടുകൾ ഉയർത്തികൊണ്ടുവരാൻ എല്ലാക്കാലത്തും ശ്രമമുണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം തരണം ചെയ്യുമെന്നും വനിതാ മതിലിനു പിന്തുണ പ്രഖ്യാപിച്ചു സംസ്ഥാനത്തൊട്ടാകെ വിളംബര ഘോഷയാത്രകൾ സംഘടിപ്പിക്കുമെന്നും മഹിളാ അസോസിയേഷൻ സെക്രട്ടറി പി. സതീദേവിയും പറഞ്ഞു.