തിരുവനന്തപുരം; സർക്കാർ ചെലവിലല്ല മതിലെന്ന് ധനമന്ത്രിയും സർക്കാരും
ആവർത്തിക്കുമ്പോഴും വനിതാ മതിലിന്റെ മുന്നൊരുക്കങ്ങൾക്ക് ചെലവഴിക്കുന്നത് സർക്കാർ ഫണ്ടും സംവിധാനങ്ങളുമെന്ന് വീണ്ടും തെളിയുകയാണ്. വനിതാ മതിലിന്റെ ഒരുക്കങ്ങൾക്ക് സർക്കാർ വകുപ്പുകൾ പണം ചെലവിടുന്നത് വകുപ്പ് പണമാണ്. വനിതാമതിലിലേക്ക് പരമാവധി ആൾക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഓരോരുത്തരും നടത്തേണ്ടതാണെന്ന് കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മയുടെ നിർദ്ദേശത്തിലാണ്.

കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങൾ, നവോത്ഥാന മൂല്യങ്ങൾഎന്നിവ സംരക്ഷിക്കുന്നതിനും, സ്ത്രീപുരുഷ സമത്വം ഉയർത്തിക്കാട്ടുന്നതിനും ഒരു ക്യാമ്പയിൻ എന്ന നിലയിൽ 2019 ജനുവരി 1 ന് വനിതാമതിൽ സംഘടിപ്പിക്കുന്നതിന ്‌സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തകർ, അംഗൻവാടി ഹെൽപ്പർ/വർക്കർ , തൊഴിലുറപ്പ് മേറ്റുമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരകുമാർ, എസ്.സി- എസ്.റ്റി പ്രൊമോട്ടർമാർ, ദേശീയസാമ്പത്തിക പദ്ധതി ഏജന്റുമാർ എഡിഎസ്, സിഡിഎസ് എന്നിവരുടെ സംയുക്തയോഗം അടിയന്തിരമായി വിളിച്ചു ചേർക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നുണ്ട് ഇതിനായി നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുണ്ട്.

അതേസമയം വനിതാമതിൽ വമ്പിച്ച വിജയമാവുക തന്നെ ചെയ്യുമെന്ന് പുന്നല ശ്രീകുമാർ പറഞ്ഞിരുന്നു. വനിതാ മതിലിൽ കെപിഎംഎസ് മാത്രം അഞ്ചു ലക്ഷം പേരെ അണിനിരത്താൻ സമ്മേളനം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. സർക്കാറിന്റെ നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ കൂടിയാണ് പുന്നല ശ്രീകുമാർ.നവോത്ഥാന മൂല്യ സംരക്ഷണ സമിതി വനിതാ മതിലിനു വേണ്ടി സർക്കാരിനോട് പണം ആവശ്യപ്പെടുകയോ സർക്കാർ തരുകയോ ചെയ്തിട്ടില്ലെന്ന് പുന്നല ശ്രീകുമാർ. അതാത് സംഘടനകളാണ് സാമ്പത്തിക ചെലവ് വഹിക്കുന്നത്. വനിതാ മതിലിൽ 22 ലക്ഷം പേർ പങ്കെടുക്കും. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമാണ് വനിതാ മതിലെന്നും ഇതു സമാനതകളില്ലാത്ത സാമൂഹ്യ മുന്നേറ്റമുണ്ടാക്കുമെന്നും നവോത്ഥാന മൂല്യ സംരക്ഷണ സമിതി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പുന്നല ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ ഇതോടൊപ്പം എസ്എൻഡിപി ആറു ലക്ഷം പേരെ അണി നിരത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പ്രധാന നിർദ്ദേശങ്ങൾ

1. വനിതാമതിലിലേക്ക് പരമാവധി ആൾക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ
ഓരോരുത്തരും നടത്തേണ്ടതാണ്.
2. 29.12.2018 തീയതിയിൽ വാർഡ്തലത്തിൽ കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി
ഹെൽപ്പർ/വർക്കർ , തൊഴിലുറപ്പ് മേറ്റുമാർ, ആശാ വർക്കർമാർ, സാക്ഷരതാ
പ്രേരകുമാർ, എസ്.സി- എസ്.റ്റി പ്രൊമോട്ടർമാർ, എന്നിവരുടെ വാർഡ്തലയോഗം
ബന്ധപ്പെട്ട എഡിഎസ്/ സിഡിഎസ് മാരുടെ നേതൃത്വത്തിൽകൂടേണ്ടതാണ്.
3. വനിതാമതിലിന്റെ മുദ്രാവാക്യങ്ങൾ (കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണം,
നവോത്ഥാനം, സ്ത്രീപുരുഷസമത്വം) ഉൾക്കൊള്ളുന്ന ബാനറുകൾ എല്ലാ
വാർഡുകളിലും സ്ഥാപിക്കണം.
4. വനിതാമതിലിൽ കൃത്യമായി പങ്കെടുക്കുന്ന അംഗങ്ങളുടെ പേര് വിവരം ബന്ധപ്പെട്ട
എഡിഎസ്/സിഡിഎസ്/മേറ്റുമാർ 29.12.2018 ലെ യോഗത്തിൽ തയ്യാറാക്കി
സൂക്ഷിക്കേണ്ടതും സെക്രട്ടറി/അസി:സെക്രട്ടറിമാർക്ക് . പകർപ്പ്
കൈമാറേണ്ടതുമാണ്.
5. 30.12.2018, 31.12.2018 തീയതികളിൽ വാർഡ്തലങ്ങളിൽ സ്‌ക്വാഡ് വർക്കുകൾ
നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി പഞ്ചായത്ത്തലയോഗത്തിൽ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തേണ്ടതാണ്.
6. വനിതാമതിലുമായി ബന്ധപ്പെട്ട് വാർഡ്തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ
മേൽ നോട്ടചുമതല അസി:സെക്രട്ടറിമാരും, പഞ്ചായത്ത്തല ഏകോപനം
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും വഹിക്കേണ്ടതാണ്.

അതേസമയം സംഘാടനാ ചുമതലയുള്ള വനിത-ശിശുവികസന വകുപ്പും പ്രചാരണത്തിന്റെ ചുമതലയുള്ള പബ്ലിക് റിലേഷൻസ് വകുപ്പും ചെലവിടുന്നത് സർക്കാർ പണവും ഉപയോഗിക്കുന്നത് സർക്കാർ സംവിധാനങ്ങളുമാണെന്നാണ് ആരോപണം. ജില്ലാതലങ്ങളിൽ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന സംഘാടക സമിതിയുണ്ടാക്കാനുള്ള എല്ലാ ചെലവും സർക്കാരിന്റേതായിരുന്നു. പത്തിന് നടന്ന വനിത-ശിശുവികസന വകുപ്പിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ബഹുവർണ നോട്ടീസിന്റെ പുറംചട്ടയിൽ വനിതാമതിലിന്റെ പരസ്യമുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ വനിത-ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ നേരത്തേത്തുടങ്ങിയെന്നതിന് ഉദാഹരണമാണിത്.

വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലും സർക്കാർ പണം ഉപയോഗിക്കുന്നത് സംബന്ധിച്ച നിർദശമുണ്ടായിരുന്നു. ഫണ്ടനുവദിക്കാൻ ധനവകുപ്പിനോട് അഭ്യർത്ഥിക്കുമെന്നാായിരുന്നു ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞത്. സംഘാടനത്തിലും പങ്കാളിത്തതിലും എല്ലാ സർക്കാർ വകുപ്പുകളുടെയും സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ഉത്തരവിലുണ്ട്.

വനിതാ മതിലിന്റെ സന്ദേശം എല്ലാവീട്ടിലും എത്തിക്കാനാണ് ആവശ്യമായ ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യാനും കാമ്പയിനിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ഫണ്ട് ചെലവഴിക്കാനും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് ചുമതല.കേന്ദ്രസർക്കാർ ജീവനക്കാരുടെ കുടുംബങ്ങളോടും, സംസ്ഥാന സർവ്വീസ്, അദ്ധ്യാപക സംഘടനകളോടും സംഘാടനത്തിലും പങ്കാളിത്തതിനും അഭ്യർത്ഥിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി രജിസ്ട്രാർ, കലക്ടർമാർ, വകുപ്പ് തലവന്മാർ, സർവ്വകലാ രജിസ്ട്രാർമാർ എന്നിവർക്കുൾപ്പെടെയാണ് ഉത്തരവ് നൽകിയിരിക്കുന്നത്.ആശ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിക്കാനുള്ള ചുമതല അതത് വകുപ്പ് തലവന്മാർക്കാണ്.

വനിതാ മതിലിൽ പങ്കാളിത്തം കുറഞ്ഞാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്ന് ഭീഷണിസന്ദേശങ്ങൾ പ്രചരിക്കുന്നു. കുടുംബശ്രീയുടെ മലപ്പുറം അസിസ്റ്റന്റ് ജില്ല മിഷൻ കോഓർഡിനേറ്ററുടെ മുന്നറിയിപ്പ് എന്ന നിലയിലാണ് വായ്പയും ആനുകൂല്യങ്ങളും തടയുമെന്ന ഭീഷണി വാട്‌സാപ് സന്ദേശമായി പരക്കുന്നത്.

വനിതാപങ്കാളിത്തം കുറഞ്ഞാൽ ആ അയൽക്കൂട്ടങ്ങളുടെ പേരും അഫിലിയേഷൻ നമ്പറും കൈമാറണമെന്ന് കുടുംബശ്രീ മലപ്പുറം ജില്ലാ അസിസ്റ്റന്റ് മിഷൻ കോഓർഡിനേറ്റർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വനിതകൾക്കിടയിൽ പരക്കുന്ന സന്ദേശം. പറയുന്നത്ര പങ്കാളിത്തം നൽകാനാവാത്ത അയൽക്കൂട്ടങ്ങൾ പിന്നെ ജില്ലാ മിഷന് ആവശ്യമില്ല. വായ്പ അടക്കമുള്ള ആനുകൂല്യങ്ങളും പിന്നീട് പ്രതീക്ഷിക്കരുതെന്നുമാണ് സന്ദേശം പരക്കുന്നത്.