പാലക്കാട്: വനിതാ മതിലിന് ക്ഷേമ പെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി  സിപിഎം. പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്ത്. പാലക്കാട് ക്ഷേമ പെൻഷൻകാരിൽ നിന്ന് വനിതാ മതിലിനായി പണപ്പിരിവ് നടത്തുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ അത് തെറ്റാണെന്നും പണപ്പിരിവ് നടത്തിയതിൽ പരാതിയില്ലെന്നും വയോധികർ പറയുന്ന വീഡിയോയാണ് സിപിഎം പുറത്ത് വിട്ടത്.

വീഡിയോയ്ക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന് വയോധികർ പറയുന്ന വീഡിയോ ആണ് സിപിഎം ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. കോൺഗ്രസ് പഞ്ചായത്തംഗം പറഞ്ഞതനുസരിച്ചാണ് മാധ്യമങ്ങളോട് അങ്ങനെ പ്രതികരിച്ചതെന്നും സിപിഎം പുറത്ത് വിട്ട വീഡിയോയിൽ വയോധികർ വ്യക്തമാക്കുന്നു. സിപിഐ.എം. പണം പിരിച്ചതിൽ പരാതിയില്ലെന്നും വീട്ടിലെത്തിയ മാധ്യമപ്രവർത്തകനെ പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കോൺഗ്രസ് നേതാവണ്.

ഉദയകുമാർ എന്ന കോൺഗ്രസ് നേതാവ് തങ്ങളെ പൊലീസ് ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചാണ് അങ്ങനെയൊക്കെ പറയിപ്പിച്ചതെന്ന് മനോരമ ന്യൂസിൽ വന്ന വാർത്തയിലെ രണ്ട് സ്ത്രീകൾ പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പൊലീസ് കൂടെയുണ്ടെന്ന് പറഞ്ഞുകൊണ്ട് പേടിപ്പിക്കുകയും ഉദയകുമാർ എന്ന കോൺഗ്രസ് നേതാവ് തങ്ങളോട് എന്തൊക്കെയോ പറഞ്ഞെന്നും അവർ പറഞ്ഞത് അനുസരിച്ച് പേടിച്ച് പറഞ്ഞതാണ് അതെന്നും വീഡിയോയിലൂടെ കുള്ളിയമ്മയും പെട്ടയും പറയുന്നു.

അതേ സമയം, പാലക്കാട് ക്ഷേമപെൻഷൻകാരിൽ നിന്ന് വനിതാ മതിലിനായി നിർബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണം പാർട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അതിന് പ്രാപ്തിയുള്ള പാരമ്പര്യമുള്ള ജില്ലാ കമ്മിറ്റിയാണ് പാലക്കാട് നിലവിലുള്ളതെന്നും കടകംപള്ളി വ്യക്തമാക്കി.

വനിതാമതിലിനായി പാലക്കാട്ടു നിന്നും ക്ഷേമപെൻഷൻകാരിൽ നിന്നും ലക്ഷങ്ങൾ പിരിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്. ഒറ്റപ്പാലത്തും എലപ്പുള്ളിയിലും കൂപ്പൺ നൽകാതെ ലക്ഷങ്ങളാണ് പിരിച്ചത്. രോഗികളും നിർധനരും വഴിയോരക്കച്ചവടത്തിലൂടെ ഉപജീവനം തേടുന്നവരുമെല്ലാം പണം നൽകി. അതേസമയം സഹകരണവകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനും പെൻഷൻകാരെ സമ്മർദത്തിലാക്കി പരാതികൾ ഇല്ലാതാക്കാനും പണംപിരിച്ചവർ നീക്കം തുടങ്ങിയതായും മനോരമ റിപ്പോർട്ട്‌ചെയ്തിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെ എല്ലാം തള്ളിക്കൊണ്ടാണ് സിപിഎം പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 50 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നാണു സർക്കാർ കണക്ക്. കണ്ണൂരിൽ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയിൽ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ് ഏഴു ജില്ലകളിൽ 3- 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളിൽ മതിൽ ഇല്ല. ഈ ജില്ലകളിൽ നിന്നുള്ള 45,000 മുതൽ 55,000 വരെ വനിതകളെ മറ്റു ജില്ലകളിൽ വിന്യസിക്കും.