വാഷിങ്ടൺ: ഐടി അടക്കമുള്ള വിദഗ്ദ മേഖലകളിൽ വിദേശതൊഴിലാളികളെ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി നല്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്തുതന്നെ ട്രംപ് നടത്തിയ സ്വദേശിവത്കരണ പ്രസ്താവനകൾ ഇന്ത്യൻ തൊഴിലാളികളെ കടുത്ത ആശങ്കയിലാഴ്‌ത്തിയിരിക്കുന്നു. ഇത് യാഥാർത്ഥമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമാകാൻ പോകുന്നത്.

എമിഗ്രേഷൻ അനുമതിയില്ലാതെ വിദഗ്ദ തൊഴിലാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന എച്ച്1ബി വീസ വഴി നിയമനം നടത്താൻ അനുവദിക്കില്ലെന്നാണ് ഇപ്പോൾ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വിദഗ്ദ മേഖലകളിൽ വിദേശികൾ ജോലിക്കെത്തുന്നതുമൂലം തദ്ദേശീയർക്ക് അവസരങ്ങൾ കുറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്1 ബി വീസയിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെ വേണമെങ്കിൽ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും ട്രംപ് നല്കിയിട്ടുണ്ട്. ഒട്ടനവധി ഇന്ത്യക്കാർ ഈ വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്.

ഡിസ്‌നി പോലുള്ള പ്രമുഖ കമ്പനികളിൽ ധാരാളം വിദേശികൾ എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ പൗരന്മാരെ പുറത്താക്കി കുറഞ്ഞ ശമ്പളത്തിലാണ് വിദേശികളെ നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കൻ തൊഴിലാളികളുമായി താൻ സംസാരിച്ചിരുന്നു. വിദേശതൊഴിലാൾ മൂലം സ്വദേശികൾ മാറ്റിനിർത്തപ്പെടുന്നതായി മനസ്സിലാക്കാനായി. ഇത് ഇനി സംഭവിക്കാൻ ഇടവരുത്തില്ല. അമേരിക്കൻ പൗരന്മാർക്കായിരിക്കും കമ്പനികളിൽ മുൻതൂക്കം നല്കുക. ഓരോ അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാകുന്നതുവരെ താൻ പോരാട്ടം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മെക്‌സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതായി അതിർത്തിയിൽ മതിൽക്കെട്ടുമെന്നും ട്രംപ് വ്യക്തമാക്കി.