തിരുവനന്തപുരം: ആസ്ട്രിയ-വിയെന്ന, മൊറോക്കോ-റാബത്ത്, നെതർലാന്റ്-ആംസ്റ്റർഡാം, കോസ്റ്റാറിക്ക-സാൻജോസെ.... കുഞ്ഞുനാവിൽ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങൾ ഞൊടിയിടയിൽ തത്തിക്കളിച്ചു. തിങ്ങിക്കൂടിയ സദസ്സിൽ നിന്നും തൊടുത്തുവിട്ട രാജ്യങ്ങളെ തലസ്ഥാനങ്ങൾ കൊണ്ടു തടുത്ത അഞ്ചുവയസ്സുകാരിയുടെ വിസ്മയപ്രകടനത്തിനു മുന്നിൽ സ്തബ്ധരായി സദസ്യരും വിശിഷ്ടവ്യക്തികളും.

അക്രമങ്ങളും അരാജകത്വങ്ങളും അരങ്ങുവാഴുന്ന വർത്തമാനകാലത്തിന്റെ മൂല്യച്യുതിക്കെതിരെ മനുഷ്യാവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനായി മാജിക് പ്ലാനറ്റ് സംഘടിപ്പിച്ച വണ്ടേഴ്‌സ് ഓഫ് റൈറ്റ്‌സിലാണ് കോഴിക്കോട് സ്വദേശിയായ അഞ്ചുവയസ്സുകാരി ഇസ്ര ഹബീബ് കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചത്.
രാജ്യങ്ങളുടെ പേര് ഏതുമാകട്ടെ തലസ്ഥാനം മിന്നൽപിണർ വേഗത്തിലാണ് ഇസ്ര പറഞ്ഞത്.

കുഞ്ഞുകഥകളും കുട്ടിക്കവിതകളും വിരിയേണ്ട നാവിൽ മുതിർന്നവർക്കുപോലും പറയാൻ പ്രയാസമേറിയ രാജ്യങ്ങളും തലസ്ഥാനങ്ങളും കൃത്യതയോടെ, അക്ഷരശുദ്ധിയോടെ ഇസ്ര പറഞ്ഞുവച്ചു. ഇന്ത്യയിലെ ഇതുവരെയുള്ള പ്രസിഡന്റുമാർ, ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും, പ്രധാന കണ്ടുപിടുത്തങ്ങളും അവയുടെ ഉപജ്ഞാതാക്കളും തുടങ്ങി അറിവിന്റെ എല്ലാ മേഖകളും ഇസ്രയുടെ കുഞ്ഞു കൊഞ്ചലിലൂടെ കാണികൾ അനുഭവിച്ചറിഞ്ഞു.

തന്ത്രങ്ങളും സൂത്രപ്പണികളും കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്ന മാന്ത്രികരുടെ മാജിക് പ്ലാനറ്റിൽ ശുദ്ധ വിസ്മയത്തിന്റെ മാസ്മര ലോകമൊരുക്കുകയായിരുന്നു കുഞ്ഞ് ഇസ്ര. കൈയടിക്കാൻ മറന്നുപോയ കാണികളെ നിഷ്‌കളങ്കതയുടെ കുഞ്ഞുചിരികൊണ്ട് അവൾ പൊതിഞ്ഞു. ഒടുവിൽ കരഘോഷത്തിന്റെ ഉത്സവമേളം.

മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുന്നതിന് മുതുകാടിന്റെ മഹത്തായ ശ്രമം ശ്ലാഘനീയമാണെന്ന് വണ്ടേഴ്‌സ് ഓഫ് റൈറ്റ്‌സ് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. സംസ്ഥാന ബാലാവകാശ-സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ ശോഭാ കോശി അദ്ധ്യക്ഷയായി. ഇസ്ര ഹബീബിനെ സംഗീത സംവിധായകൻ എം.ജയചന്ദ്രനും പ്ലാനറ്റ് എക്‌സലൻസ് അവാർഡ് നേടിയ മാർക്കറ്റിങ് എക്‌സിക്യുട്ടീവ് പ്രദീപിനെ സിറിയക് ജോസഫും ആദരിച്ചു. മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ മുതുകാട് ഗോപിനാഥ് സ്വാഗതവും ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല നന്ദിയും പറഞ്ഞു.

ജീവിക്കുവാനുള്ള അവകാശം ജനിക്കുന്നവർക്കെല്ലാമുണ്ട്. മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന, പൗരബോധം ഊട്ടി വളർത്തുന്ന, അവകാശ ലംഘനങ്ങളുണ്ടാവാത്ത നല്ല നാളെകളാണ് നമുക്ക് വേണ്ടത്. ഇവയെക്കുറിച്ചുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുവാനാണ് മാജിക് പ്ലാനറ്റ് വണ്ടേഴ്‌സ് ഓഫ് റൈറ്റ്‌സ് സംഘടിപ്പിച്ചത്.