മേലാറ്റൂർ: നിനച്ചിരിക്കാതെ ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് മേലാറ്റൂരിലെ ഒരു സാധാരണക്കാരന്റെ കുടുംബം. കഷ്ടപ്പാടുകൾക്ക് നടുവിൽ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ബാലകൃഷ്ണൻ എന്നയാൾക്കാണ് ഭാഗ്യ ദേവത കൈ നിറയെ പണം വാരിക്കോരി നൽകിയത്.

വിഷു ബംബറിന്റെ നാലു കോടി രുപയാണ് വർക്ക് ഷോപ്പ് തൊഴിലാളിയായ ബാലകൃഷ്ണന് അടിച്ചിരിക്കുന്നത്. മേലാറ്റൂർ റെയിൽവേ ഗേറ്റ് സ്റ്റോപ്പിനു സമീപത്തെ കണ്ടംകുളത്തിങ്ങൽ ബാലകൃഷ്ണ(58)നാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനർഹമായ ടിക്കറ്റ് അർബൻ ബാങ്ക് മേലാറ്റൂർ ശാഖയിൽ ഏൽപിച്ചു.

ഒറ്റപ്പാലം കനിയാംപുറത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്കു തിരിച്ചപ്പോഴാണ് ബാലകൃഷ്ണൻ നാലു കോടി രൂപയുടെ വിഷു ബംബർ ടിക്കറ്റ് വാടനാംകുർശ്ശി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് എടുക്കുന്നത്. പതിവ് പോലെ ടിക്കറ്റ് എടുത്തെങ്കിലും ബാലകൃഷ്ണൻ ഒരിക്കലും കരുതിയില്ല നാലു കോടി പോയിട്ട് ആയിരം രൂപ പോലും തനിക്ക് തികച്ചു കിട്ടുമെന്ന്. എന്നാൽ നിനച്ചിരിക്കാതെ ഭാഗ്യം ബാലകൃഷ്ണനെ തേടി എത്തുകയായിരുന്നു.

മുപ്പത് വർഷം ബാലൻ മുംബൈയിലും ഡൽഹിയിലുമായി ഓട്ടമൊബീൽ ഷോപ്പിൽ ജോലിക്കാരനായിരുന്നു. എന്നാൽ അവിടെയൊന്നും ജീവിതം ക്ലച്ച് പിടിക്കാതെ ആയപ്പോൾ നാട്ടിലെത്തി അഞ്ചു വർഷമായി വർക്ഷോപ് നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് നിനച്ചിരിക്കാതെ ബാലകൃഷ്ണനെ ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നത്.

ഭാര്യ ചോലക്കുളം ടി.എം.ജേക്കബ് മെമോറിയൽ എൽപി സ്‌കൂളിൽ അദ്ധ്യാപികയാണ്. ഏക മകൻ അതുൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയും.