ലണ്ടൻ: ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്? എപ്പോൾ വേണമെങ്കിലും ചോദിക്കാവുന്ന കാര്യം ആണെങ്കിലും വാർഷിക കണക്കെടുപ്പ് സമയത്താണ് ഇത് സംബന്ധിച്ച കൃത്യമായ ഒരു ധാരണ ലഭിക്കുക. അമേരിക്കൻ പ്രെസിഡന്റ് തിരഞ്ഞെടുപ്പും ബ്രിട്ടൻ യൂറോപ്പിൽ നിന്ന് വേറിട്ട് പോയ ചരിത്രപരമായ സംഭവം നടന്നിട്ടു പോലും ലോകം കാര്യമായ പ്രതിസന്ധി കാണാതെ കടന്നു പോയ വർഷമാണ് 2016. എങ്കിൽ 2017 ന്റെ ഭാവി എന്ത് എന്ന ചോദ്യം സർവ ദിക്കിൽ നിന്നും ഉയരുകയും ചെയ്യുന്നു. പൊട്ടക്കണ്ണന്റെ മാവിൽ ഏറു പോലെ കുറെ പ്രവചനങ്ങൾ ഇതിനകം എത്തിക്കഴിഞ്ഞു. എന്നാൽ ഒരു രാജ്യത്തിന്റെ ഗതിവേഗം പോലും മുൻകൂട്ടി പറയാൻ പ്രയാസം ആണെന്നിരിക്കെ ലോകത്തിന്റെ ഭാവി എന്തെന്ന് പറയാൻ ഉള്ള വൈഷ്യമ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനിടയിലും ചില സാധ്യതകളുടെ കാര്യത്തിൽ സാമ്പത്തിക വിദഗ്ദ്ധർ ഒന്നിക്കുന്ന കാഴ്ച 2017 ന്റെ പ്രത്യേകതയായി മാറുകയാണ്. സാമ്പത്തിക ശക്തികളായി വളരുന്ന പുത്തൻ ലോക രാജ്യങ്ങൾ ആഭ്യന്തര കുഴപ്പങ്ങൾ ഉണ്ടായില്ലെങ്കിൽ വൻകുതിപ്പു നടത്തുന്ന വർഷമായിരിക്കും 2017 എന്നതാണ് പൊതു ചിന്തയിൽ തെളിഞ്ഞു നിൽക്കുന്നത്. തീർച്ചയായും, ഇക്കൂട്ടത്തിൽ ഇന്ത്യയുടെ പ്രകടനം ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ലോകം വിലയിരുത്തുന്നു.

പുതുലോകം തേടി ധനപാച്ചിൽ

വികസിത രാജ്യങ്ങളിൽ ഇനി സാമ്പത്തിക കുതിപ്പ് പ്രതീക്ഷിക്കണ്ട എന്ന നിഗമനത്തിൽ ഈ വർഷം പുത്തൻ സാമ്പത്തിക ശക്തികളെ തേടി ധന പ്രവാഹം തന്നെയുണ്ടാകും എന്നാണ് കണക്കു കൂട്ടൽ. പരമാവധി നിക്ഷേപത്തിലൂടെ ഏറ്റവും അധികം ലാഭം കണ്ടെത്താൻ ഉള്ള വഴിയായി പുത്തൻ സാമ്പത്തിക ശക്തികൾ കാത്തിരിക്കുമ്പോൾ ഇനി മടിച്ചു നിൽക്കേണ്ട കാര്യം ഇല്ലെന്നാണ് വിദേശ നിക്ഷേപ കുത്തകകൾ തീരുമാനിക്കുക. ആഭ്യന്തര അന്തരീക്ഷം കൂടി അനുകൂലം ആയാൽ ഈ നേട്ടം പരമാവധി കൊയ്‌തെടുക്കാനും കഴിയും. അതിനാൽ പ്രാദേശിക, രാഷ്ട്രീയ പ്രശ്‌നങ്ങളിൽ മിതത്വം പാലിക്കുന്ന സമീപനം കൈക്കൊള്ളാൻ സർക്കാരുകൾ ശ്രമിക്കുന്ന വർഷം കൂടിയാകും കടന്നു വരുന്നത്. ഈ നിക്ഷേപങ്ങൾ വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക വഴി പുത്തൻ സാമ്പത്തിക ശക്തി രാഷ്ട്രങ്ങളിൽ പൊതുവെ ജീവിതം മെച്ചപ്പെടുന്ന വർഷം കൂടിയാകും 2017 എന്നത് നിരീക്ഷണങ്ങളിൽ മുന്നിൽ നിൽക്കുന്നു.

ഭായി ഭായി ബന്ധം ഉണ്ടായില്ലെങ്കിലും ഇന്ത്യയും ചൈനയും ശ്രദ്ധിച്ചാൽ നന്ന്

ഇന്ത്യയും ചൈനയും തമ്മിൽ തോളോട് തോൾ ചേരുന്ന ഭായി ഭായ് ബന്ധം ഉണ്ടായില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ അനാവശ്യ തർക്കങ്ങൾ ഉടലെടുക്കുന്നത് ഇരു രാജ്യങ്ങൾക്കും ദോഷം ചെയ്യും എന്നുറപ്പ്. ഇതേ പ്രശനങ്ങൾ റഷ്യയിലും ബ്രീസിലിലും ഒക്കെ തല പൊക്കുന്നുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം. ഇന്ത്യ ഇയ്യിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളിൽ ചൈനീസ് പാർട്ടിയുടെ മുഖ പത്രം അഭിപ്രായം പറഞ്ഞതും അന്താരാഷ്ട്ര വേദികളിൽ ചൈന പാക്കിസ്ഥാൻ ഗുണകരമാകും വിധം പ്രതികരണം നടത്തുന്നതും ഒക്കെ ഇരു രാജ്യങ്ങൾക്കും ഇടയിൽ വാക്‌യുദ്ധത്തിനു മതിയായ കാരണമാണ്. എന്നാൽ ഈ വാക്‌യുദ്ധങ്ങൾ വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ കരണമാകില്ലെങ്കിലും അകാരണമായ ഭയം നിക്ഷേപകരിൽ സൃഷ്ടിക്കപ്പെടാൻ ഇതിടയാക്കും എന്നുറപ്പ്. സാമ്പത്തിക ശ്രേണിയിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അന്തരത്തിൽ വലിയ മാറ്റം ഒന്നും ഇല്ലാത്ത നിലയ്ക്ക് തന്നെ ഇന്ത്യയുടെ കൂടുതൽ വേഗത്തിലുള്ള മുന്നേറ്റം ചൈനയെ ചെറിയ തോതിൽ എങ്കിലും അലോസരപ്പെടുത്തുന്നു എന്നതാണ് കാര്യമായ പ്രകോപനം കൂടാതെയുള്ള വാക്‌യുദ്ധത്തിനു കാരണമായി മാറുന്നത്. ഇന്ത്യ നടത്തിയ മിസൈൽ പ്രതീക്ഷണങ്ങളോട് മറ്റു ലോക രാജ്യങ്ങൾ അസഹിഷ്ണുത പ്രകടിപ്പിക്കാതിരിക്കുമ്പോൾ തന്നെയാണ് ചൈനയുടെ മുറുമുറുപ്പ് എന്നതും ശ്രദ്ധിക്കണം.

തൊഴിൽ സേനയുടെ കുതിപ്പ്, ചൈനയിൽ നിന്നും മറ്റിടങ്ങളിലേക്ക്

വികസനം ഇന്നും കിട്ടാക്കനിയായി അവശേഷിക്കുന്ന മൂന്നാം ലോക രാജ്യങ്ങളിൽ പോലും തൊഴിൽ സേനയിൽ വലിയ കുതിപ്പുണ്ടാകുന്ന വർഷമാണ് 2017. വികസന പാതയിൽ പിന്നോക്കം നിൽക്കുന്ന അംഗോള, കോംഗോ, എത്യോപ്യ, ഗാംബിയ, ചാഡ് തുടങ്ങിയ 31 രാജ്യങ്ങളിൽ ഓരോ മാസവും തൊഴിൽ സേനയിൽ പത്തു ലക്ഷം പേരുടെ വർദ്ധനയാണ് കണക്കാക്കുന്നത്. സബ് സഹാറ ആഫ്രിക്കൻ രാജ്യങ്ങളിലും തൊഴിൽ സേനയിൽ വലിയ കുതിപ്പുണ്ടാകും. എന്നാൽ ഏഷ്യയിലും ഗൾഫ് രാജ്യങ്ങളിലും അത്ര വലിയ തോതിൽ തൊഴിൽ അന്വേഷകരുടെ തള്ളിക്കയറ്റം ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. ഇതൊരു പുതിയ ആഗോള ട്രെന്റ് ആയാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ചൈനയും ബ്രസീലും അടങ്ങുന്ന പുത്തൻ സാമ്പത്തിക ശ്രേണിയിൽ 2030 വരെ തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വർഷം തോറും വർദ്ധന ഉണ്ടാകും എങ്കിലും അവരെ തൃപ്തിപ്പെടുത്താൻ തക്ക വിധം തൊഴിൽ ലഭ്യതയും സാധ്യമാകും എന്നതാണ് വസ്തുത. അതേ സമയം ചൈനയിൽ 1978 മുതൽ 2011 വരെ ഓരോ മാസവും ഒരു മില്യൺ ആളുകൾ വീതം തൊഴിൽ സേനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ട്രെന്റ് ഇനി മറ്റു ''എമേർജിങ്'' രാജ്യങ്ങളിൽ കൂടി സംഭവിക്കാനിരിക്കുന്നു എന്നതാണ് പ്രധാന മാറ്റം. ലോകത്തിന്റെ സഞ്ചാരത്തിൽ ചൈന കാണിച്ചു തന്ന അപൂർവ്വ പ്രതിഭാസം മറ്റു ലോക രാജ്യങ്ങളിൽ കൂടി എത്താൻ തയ്യാറെടുക്കുന്നു എന്നതും പ്രധാനമാണ്.

കുതിപ്പ് ഒന്നിച്ചു, സന്തോഷം എല്ലാവരിലേക്കും

കുതിപ്പ് ഒന്നിച്ചു എന്നതാണ് ഈ പുതുവർഷം സമ്മാനിക്കുന്ന പ്രധാന സന്തോഷ വർത്തമാനം. ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മുന്നേറ്റം ഒതുങ്ങി നിൽക്കാതെ മിക്ക രാജ്യങ്ങളിലും വളർച്ചയുടെ പാതയിൽ സഞ്ചരിക്കാൻ തയ്യാറെടുക്കുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും സന്തോഷം ഉള്ള കാര്യം. ലോകത്തിന്റെ ശരാശരി വളർച്ച അഞ്ചു ശതമാനത്തിനു മുകളിൽ എത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യയെ പോലുള്ളവർ ഏഴു ശതമാനത്തിനു മുകളിൽ തന്നെ നിലയുറപ്പിക്കും. ബ്രെക്സ്റ്റിറ്റ് അടക്കമുള്ള പ്രധാന പ്രശനങ്ങളിൽ ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വളർച്ചക്ക് വേണ്ടി ദാഹിക്കുമ്പോൾ ആഭ്യന്തര പ്രതിസന്ധികൾ മൂലം അൽപ്പം പിന്നോട്ട് ഇടിഞ്ഞാലും അത്ഭുതപ്പെടാനില്ല. ബ്രിട്ടീഷ് നാണയം ഇപ്പോഴേ മത്സരിക്കാൻ ശേഷിയില്ലാതെ വിഷമിക്കുകയാണ്. വികസനം കൂടുതൽ സന്തുലിതമായി ലോകമെങ്ങും വ്യാപിക്കുന്ന കാഴ്ചക്ക് തുടക്കമിടാനും 2017 നു കഴിഞ്ഞേക്കും എന്ന പ്രതീക്ഷയാണ് ഇപ്പോൾ തളിരിടുന്നതും.

രാജ്യങ്ങൾ തമ്മിലെ അസമത്വം ഇല്ലാതായി, ജനങ്ങൾ തമ്മിൽ അസമത്വം കൂടുതലായി

രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക അസമത്വം രാജ്യങ്ങൾക്കുള്ളിൽ പ്രകടമാകുന്ന സവിശേഷ സാഹചര്യവും കൂടിയാണ് പുതുലോകം സമ്മാനിക്കുന്നത്. ആഗോളീകരണത്തിന്റെ ഫലമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സംഭവിക്കുന്ന ലോക മാറ്റത്തിനു കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുന്ന കാലമാണ് ഇപ്പോൾ മുന്നിൽ ഉള്ളത്. നേരത്തെ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക അസമത്വം നേർത്തു വരുകയും ഓരോ രാജ്യത്തും ജനതകൾ തമ്മിൽ കൂടുതൽ അസമത്വം പെരുകുന്ന കാഴ്ചയും ആണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഒരു രാജ്യത്തു തന്നെ പണക്കാരും ദാരിദ്ര്യരും തമ്മിലുള്ള അന്തരം കൂടുതലായി വർദ്ധിക്കുകയാണ്.

ഇത് സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യം ആഭ്യന്തര കുഴപ്പത്തിലേക്കു നയിക്കും, പക്ഷെ അതെപ്പോൾ എന്നതിന് വ്യക്തമായ ഉത്തരമില്ല. ഈ സാഹചര്യം അമേരിക്കയിൽ പോലും പ്രകടമാണ്. യൂറോപ്പിൽ സംഭവിച്ച ബ്രെക്‌സിറ്റിനു ശേഷം ആഗോളീകരണത്തെ കുറിച്ച് ലോകം കൂടുതലായി വ്യാകുലപ്പെടുകയും ചെയ്യുന്നു. കൂടുതൽ ലാഭം തേടി വിദേശ നിക്ഷേപങ്ങൾ എമർജിങ് രാജ്യങ്ങളിലേക്ക് പോകുന്നതിന്റെ അപകടം മനസ്സിലാക്കി അമേരിക്ക് ഉൾപ്പെടെയുള്ളവർ അതിനു തടയിടാൻ ശ്രമിക്കുന്ന കാഴ്ചയും 2017 സമ്മാനിച്ചേക്കാം. പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരം കാര്യങ്ങളിൽ എത്രത്തോളം വ്യാകുലനാണ് എന്നതും പ്രധാനമാണ്. ചുരുക്കത്തിൽ, വീണ്ടും ലോകത്തിന്റെ കണ്ണ് അമേരിക്കയിൽ കൂടുതലായി പതിയുന്ന വർഷമാകും 2017. കാരണം ലോക ക്രമത്തിൽ അവരുടെ നിലപാടുകൾ ഇന്നും നിർണ്ണായകം തന്നെ.