- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നും തുടച്ചുനീക്കിയ പ്ലേഗ് തിരിച്ചുവരാം; മഹാമാരിയുടെ അണുക്കളെ വികസിപ്പിക്കാൻ ആധുനിക സംവിധാനങ്ങൾപോലും വേണ്ട; ഭീകരവാദികൾ ജൈവായുധം സ്വന്തമാക്കുന്നതു യാഥാർത്ഥ്യമാകുമെന്ന് ഗവേഷകർ
വാഷിങ്ടൺ: ജൈവായുധ ഭീഷണിയെ ലോകം ഭയക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ശത്രുരാജ്യങ്ങൾക്കെതിരേ പ്രയോഗിക്കാൻ അവസാന ആയുധമെന്ന നിലയിൽ പല സർക്കാരുകളും മാരക രോഗങ്ങൾക്കു കാരണമാകുന്ന അണുക്കളെ വികസിപ്പിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സാഹിത്യത്തിലും സിനിമയിലും ഏറെ സൃഷ്ടികൾക്കു പ്രചോദനമായ ജൈവായുധം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നുവെന്ന മുന്നറിയിപ്പാണ് അമേരിക്കയിൽനിന്നു ലഭിക്കുന്നത്. ആന്ത്രാക്‌സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജൈവായുധങ്ങളെപ്പറ്റി പഠിക്കാൻ യുഎസ് സർക്കാർ നിയോഗിച്ച പ്രഫ. അശോക് ചോപ്ര ഉൾപ്പെട്ട സംഘമാണ് പ്ലേഗ് അടക്കമുള്ള രോഗങ്ങൾക്കു കാരണമാകുന്ന അണുക്കളെ വികസിപ്പിച്ചെടുക്കാൻ ഭീകരവാദികൾക്കു പോലും നിഷ്പ്രയാസം സാധിക്കുമെന്നു മുന്നറിയിപ്പു നല്കിയിരിക്കുന്നത്. 2001ൽ ആന്ത്രാക്‌സ് അണുക്കൾ നിറഞ്ഞ പൊടി കവറിലാക്കി യുഎസിൽ പല ഉന്നതർക്കും അയച്ചുകിട്ടിയ സാഹചര്യത്തിൽ ആരംഭിച്ചതാണ് ഇത്തരം ജൈവായുധങ്ങൾക്കെതിരെയുള്ള ഗവേഷണം. അന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഒരുകൂട്ടം ഗവേഷകരെ ഇത്തരം ജ
വാഷിങ്ടൺ: ജൈവായുധ ഭീഷണിയെ ലോകം ഭയക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ശത്രുരാജ്യങ്ങൾക്കെതിരേ പ്രയോഗിക്കാൻ അവസാന ആയുധമെന്ന നിലയിൽ പല സർക്കാരുകളും മാരക രോഗങ്ങൾക്കു കാരണമാകുന്ന അണുക്കളെ വികസിപ്പിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സാഹിത്യത്തിലും സിനിമയിലും ഏറെ സൃഷ്ടികൾക്കു പ്രചോദനമായ ജൈവായുധം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നുവെന്ന മുന്നറിയിപ്പാണ് അമേരിക്കയിൽനിന്നു ലഭിക്കുന്നത്. ആന്ത്രാക്‌സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജൈവായുധങ്ങളെപ്പറ്റി പഠിക്കാൻ യുഎസ് സർക്കാർ നിയോഗിച്ച പ്രഫ. അശോക് ചോപ്ര ഉൾപ്പെട്ട സംഘമാണ് പ്ലേഗ് അടക്കമുള്ള രോഗങ്ങൾക്കു കാരണമാകുന്ന അണുക്കളെ വികസിപ്പിച്ചെടുക്കാൻ ഭീകരവാദികൾക്കു പോലും നിഷ്പ്രയാസം സാധിക്കുമെന്നു മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
2001ൽ ആന്ത്രാക്‌സ് അണുക്കൾ നിറഞ്ഞ പൊടി കവറിലാക്കി യുഎസിൽ പല ഉന്നതർക്കും അയച്ചുകിട്ടിയ സാഹചര്യത്തിൽ ആരംഭിച്ചതാണ് ഇത്തരം ജൈവായുധങ്ങൾക്കെതിരെയുള്ള ഗവേഷണം. അന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഒരുകൂട്ടം ഗവേഷകരെ ഇത്തരം ജൈവായുധങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ചിരുന്നു. അക്കൂട്ടത്തിൽ ഉൾപ്പെട്ട യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് മെഡിക്കൽ ബ്രാഞ്ചിലെ പ്രഫസർ ഡോ.അശോക് ചോപ്രയാണ് നിർണായകമായ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. മൈക്രോബയോളജി ആൻഡ് ഇമ്മ്യുണോളജി പ്രഫസറായ ഇദ്ദേഹം പ്ലേഗ് പരത്തുന്ന യെഴ്‌സീനിയ പെസ്ടിസ് (Yersenia pestsi) എന്ന ബാക്ടീരിയയെപ്പറ്റി 2002 മുതൽ പഠിക്കുകയായിരുന്നു.
15 വർഷത്തെ ഗവേഷണത്തിനു ശേഷം പ്ലേഗിനെതിരെയുള്ള മൂന്നു തരം വാക്‌സിൻ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഭൂമിയിൽ നിന്നില്ലാതാക്കിയെന്നു നാം വിശ്വസിക്കുന്ന അണുക്കളെ തിരികെ കൊണ്ടുവരാൻ ഭീകരസംഘടനകൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും കോടിക്കണക്കിനു മരണങ്ങൾക്ക് കാരണമായ 'കറുത്ത മഹാമാരി' എന്നറിയപ്പെടുന്ന പ്ലേഗ് തന്നെയാണ് ഇക്കൂട്ടത്തിൽ ഭീകരർക്ക് ഏറെ പ്രിയപ്പെട്ടതും. നിലവിൽ പ്ലേഗിനെതിരെ മരുന്നുണ്ട്. പക്ഷേ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആയ യെഴ്‌സീനിയ പെസ്ടിസ് ബാക്ടീരിയങ്ങളെ തയാറാക്കിയെടുക്കാൻ ആധുനിക സംവിധാനങ്ങൾ പോലും വേണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ലോകത്ത് ഏറ്റവുമധികം ഭയക്കേണ്ട പകർച്ചവ്യാധികളുടെ പട്ടിക തയാറാക്കിയപ്പോൾ ഡബ്ല്യുഎച്ച്ഒയും ആദ്യസ്ഥാനം നൽകിയത് പ്ലേഗിനാണ്. ആന്ത്രാക്‌സ്, എബോള, വസൂരി തുടങ്ങിയവാണ് തൊട്ടുപുറകെയുള്ളത്.
യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും ഇല്ലാതാക്കിയാണ് പ്ലേഗ് പതിനാലാം നൂറ്റാണ്ടിൽ തന്റെ ഭീകരത വെളിപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയിൽ പലയിടത്തും ജപ്പാൻസൈന്യം പ്ലേഗ് പരത്തുന്ന ചെള്ളുകളെ എലികളിലൂടെ എത്തിച്ചിരുന്നു. ശീതയുദ്ധകാലത്ത് ആകാശത്തിലൂടെ പ്ലേഗ് ബാക്ടീരിയകളെ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം പ്രയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 1990ൽ ഏഷ്യയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലെത്തിച്ച മൃഗങ്ങൾ വഴി അമേരിക്കയിലും പ്ലേഗ് പരന്നു. ഇതിനും പതിനാലാം നൂറ്റാണ്ടിലുണ്ടായ കറുത്ത മഹാമാരിക്കും കാരണമായത് ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാക്ടീരിയയാണ്. 1994ൽ ഇന്ത്യയിൽ ഗുജറാത്തിലും ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടിരുന്നു. ബ്യുബോണിക്, സെപ്റ്റിസീമിക്, ന്യുമോണിക് എന്നിങ്ങനെ മൂന്നുതരം പ്ലേഗുണ്ട്. മൂന്നും പരത്തുന്നത് യെഴ്‌സീനിയ പെസ്ടിസിന്റെ വകഭേദങ്ങൾ തന്നെ.
എലിച്ചെള്ള് വഴിയാണ് ബ്യുബോണിക് പ്ലേഗ് പ്രധാനമായും പരക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ ബ്യൂബോണിക് പ്ലേഗ് വഴിയുള്ള മരണസാധ്യത 40 മുതൽ 70 ശതമാനം വരെയാണ്. സെപ്റ്റിസീമിക്, ന്യുമോണിക് പ്ലേഗുകളും കൊലയാളികൾ തന്നെ. വായു വഴി പരക്കുന്നതാണ് ന്യുമോണിക് പ്ലേഗ്-കൂട്ടത്തിലെ ഏറ്റവും വലിയ കൊലയാളിയും. ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലാത്ത കാലത്ത് യുഎസിൽ പ്ലേഗ് വഴിയുള്ള മരണസാധ്യത 66 മുതൽ 93ശതമാനം വരെയായിരുന്നു. നിലവിൽ ഇത് 11 ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ ഡബ്ല്യുഎച്ച്ഒയുടെ കണക്കുപ്രകാരം 2013ൽ ലോകത്ത് 783 പേർക്ക് പ്ലേഗ് ബാധിച്ചിരുന്നു. ഇവരിൽ 126 പേർ കൊല്ലപ്പെട്ടു. മധ്യ-തെക്കൻ ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും യുഎസിന്റെ തെക്കുപടിഞ്ഞാൻ ഭാഗങ്ങളിലെയും ഗ്രാമീണമേഖലയിലായിരുന്നു മരണമേറെയും. മഡഗസ്സ്‌കർ, കോംഗോ, പെറു എന്നിവിടങ്ങളിലായിരുന്നു ആധുനികകാലത്ത് പ്ലേഗ് ഏറ്റവും രൂക്ഷമായത്. യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുപ്രകാരം യുഎസിൽ പ്രതിവർഷം ശരാശരി ഏഴ് പ്ലേഗ് ബാധകളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2015ൽ 16 പേർക്കാണ് പ്ലേഗ് ബാധിച്ചത്, അവരിൽ നാലു പേർ മരിച്ചു.
പ്ലേഗിനെ പ്രതിരോധിക്കുന്ന വാക്‌സിനുകൾ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആരും നിർമ്മിക്കുന്നില്ല. അംഗീകരിച്ചിരിക്കുന്ന വാക്‌സിനുകൾപോലും ബ്യൂബോണിക് പ്ലേഗിനെതിരെയാണ്. ഏറ്റവും അപകടകാരിയായ ന്യുമോണിക് പ്ലേഗ് അപ്പോഴും ശക്തനായിത്തന്നെ നിലകൊള്ളുകയാണ്. തുടക്കത്തിൽതന്നെ പ്ലേഗ് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങൾ തന്നെയാണ് ആദ്യം പ്ലേഗിനുമുണ്ടാകുക എന്നതാണു കാരണം. അങ്ങനെ വരുമ്പോൾ ആന്റിബയോട്ടിക്കുകൾ മാത്രമേ ഫലപ്രദമായ പ്രതിരോധമാകുകയുള്ളൂ. പക്ഷേ അത് കൃത്യസമയത്ത് നൽകിയെങ്കിലേ കാര്യവുമുള്ളൂ. അതേസമയം പ്ലേഗിന് അവസാനപ്രതിരോധമെന്നു കരുതിയിരിക്കുന്ന chloramphenicol എന്ന ആന്റിബയോട്ടിക്കിനെ വരെ രോഗാണു പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് ചോപ്രയുടെ വാക്‌സിനുതകൾ ഫലപ്രദമാകുന്നതും.
പ്ലേഗ് ബാക്ടീരിയയിൽ നിന്നുള്ള മൂന്ന് ജീനുകളെ ഒഴിവാക്കിയാണ് വാക്‌സിൻ തയാറാക്കിയത്. ഇത് കുത്തിവച്ചാൽ രോഗം പകരില്ല. പകരം ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി സമ്മാനിക്കും. ബാക്ടീരിയകളുടെ ആക്രമണമുണ്ടായാലും എളുപ്പത്തിൽ പ്രതിരോധിക്കാനാകും. എലികളിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണത്തിൽ ന്യുമോണിക് പ്ലേഗിന് ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്‌സിനാകട്ടെ മറ്റ് പാർശ്വഫലങ്ങളുമില്ല. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ കൂടുതലായി നടപ്പാക്കണമെന്നും അശോക് ചോപ്ര പറയുന്നു.