കൊച്ചി: ആരോഗ്യം അനുവദിക്കുന്ന കാലമത്രയും ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യാക്കോബായാ സഭയുടെ പ്രാദേശിക തലവനായി തുടരുമെന്ന് സഭാ സുന്നഹദോസ്. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന അടിയന്തര സുന്നഹദോസിലാണു തീരുമാനം. 86-#ാ#ം പിറന്നാൾ ആഘോഷവേളയിൽ സ്ഥാനമൊഴിയാനുള്ള ആഗ്രഹം ശ്രേഷ്ഠ ബാവ അറിയിച്ചിരുന്നു. സഭയെ സംബന്ധിച്ച് അന്ത്യോഖ്യ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ തീരുമാനം അന്തിമമാണെന്നും മറിച്ചുളള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.


കഴിഞ്ഞ സുന്നഹദോസിൽ തീരുമാനിച്ച മെത്രാപ്പൊലീത്തമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പാത്രിയർക്കീസ് ബാവയുടെ തീരുമാനം അംഗീകരിക്കാനും ഇന്നലെ ചേർന്ന അടിയന്തര സുന്നഹദോസിൽ തീരുമാനമായി. ഓർത്തഡോക്‌സ് സഭയുമായി ലയന ചർച്ച നടത്തണമെന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർദേശിച്ചതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മെത്രാപ്പൊലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ദിയസ്‌കോറസ്, ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.