- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയെ തകർത്തതിന് ടൈഗറിന് കിട്ടിയത് 20 കോടി; സ്‌ഫോടനം നടക്കുന്നതിന് മുമ്പെ ടൈഗർ ദുബായിലെത്തി; തീവ്രവാദികൾക്ക് പരിശീലനം കറാച്ചിയിൽ; സ്‌ഫോടനം നടന്നശേഷം മുംബൈയിലേക്ക് ആദ്യം വിളിച്ചത് യാക്കൂബ്; മേമൻ കുടുംബ കഥ തുടരുന്നു
ഷെഖാദി തീരത്തെത്തിയ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും അഞ്ച് മഹീന്ദ്ര ജീപ്പുകളിലായാണ് മേമന്റെ ഒളിത്താവളത്തിലേക്ക് മാറ്റിയത്. അരമണിക്കൂർ ഇടവിട്ടായിരുന്നു വാഹനങ്ങൾ തീരത്തുനിന്ന് നീങ്ങിയത്. അഥവാ ഏതെങ്കിലുമൊരു വാഹനം പിടിക്കപ്പെട്ടാൽ, അതേക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. സ്
ഷെഖാദി തീരത്തെത്തിയ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും അഞ്ച് മഹീന്ദ്ര ജീപ്പുകളിലായാണ് മേമന്റെ ഒളിത്താവളത്തിലേക്ക് മാറ്റിയത്. അരമണിക്കൂർ ഇടവിട്ടായിരുന്നു വാഹനങ്ങൾ തീരത്തുനിന്ന് നീങ്ങിയത്. അഥവാ ഏതെങ്കിലുമൊരു വാഹനം പിടിക്കപ്പെട്ടാൽ, അതേക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു.
സ്‌ഫോടകവസ്തുക്കൾ സുരക്ഷിതമായി താവളത്തിലെത്തിക്കാനായതോടെ, ടൈഗർ മേമൻ ആദ്യഘട്ടം കടന്നു. ഇനി വേണ്ടത് ബോംബുകൾ സ്ഥാപിക്കാൻ ധൈര്യവും മനസ്സുമുള്ള വിശ്വസ്തരെ കണ്ടെത്തുകയാണ്. അതിനുള്ള ശ്രമമായി പിന്നീട്. വിശദമായ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം 20 വിശ്വസ്തരെ ടൈഗർ തിരഞ്ഞെടുത്തു.
ഇവർക്കുള്ള പരിശീലനമാണ് അടുത്തപടി. ഫെബ്രുവരി 12-നും 20-നും മധ്യേ, സംഘത്തിലുള്ളവരെ രണ്ടോ മൂന്നോ പേരുടെ ചെറുസംഘമാക്കി മാറ്റി ദുബായിലേക്ക് അയച്ചു. അവിടെ സമ്മേളിച്ച സംഘാംഗങ്ങൾ പിന്നീട് കറാച്ചിയിലേക്ക് നീങ്ങി. എ.കെ.56 തോക്കുകളും ഹാൻഡ് ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം ഇവർക്ക് ലഭിക്കുന്നത് കറാച്ചിയിൽനിന്നാണ്. 12 ദിവസത്തെ പരിശീലനമാണ് ഓരോരുത്തർക്കും ലഭിച്ചത്.
കറാച്ചിയിൽനിന്ന് രണ്ടുമണിക്കൂർ യാത്രയുള്ള സ്ഥലത്തുവച്ചായിരുന്നു പരിശീലനം. പരിശീലനത്തിന്റെ വിശദവിവരങ്ങൾ സ്‌ഫോടനത്തിനുശേഷം പൊലീസിന് ലഭിക്കുന്നത് പിടിയിലായ 20-കാരൻ ഗുൽ മുഹമ്മദിൽനിന്നാണ്. ഗുൽ മുഹമ്മദ് ആക്രമണത്തിൽ പങ്കെടുത്ത വ്യക്തിയാണ്. ബെഹ്രംപാഡയിൽ മാർബിൾ ഷോപ്പ് നടത്തിയിരുന്ന ഗുൽ മുഹമ്മദ് ഇതിൽ പങ്കാളിയാകുന്നത് കലാപത്തെ തുടർന്നാണ്. ജനുവരിയിൽ കലാപം നടക്കുമ്പോൾ ഗുൽ മുഹമ്മദ് അതിന് സാക്ഷിയായിരുന്നു.മുംബൈ സ്‌ഫോടനം നടപ്പാക്കുന്നതിന് 20 കോടി രൂപയാണ് ടൈഗറിന് ലഭിച്ചതെന്നു ഗുൽ മുഹമ്മദ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
കറാച്ചിയിലെ പരിശീലനം പൂർത്തിയാക്കി മാർച്ച് ആദ്യവാരം എല്ലാവരും മുംബൈയിൽ തിരിച്ചെത്തി. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ദിവസം അടുത്തുവരുന്നു. ന്യൂ മുംബൈയിലെ ഗോഡൗണിലാണ് സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്നത്. മാർച്ച് 11-ന് അവിടെനിന്ന് 300 കിലോ സ്‌ഫോടക വസ്തു മേമൻ കുടുംബം താമസിക്കുന്ന അൽ ഹുസൈൻ ബിൽഡിങ്ങിലേക്ക് കൊണ്ടുവന്നു. അവിടെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള കുടുംബത്തിന്റെ പാർക്കിങ് ഏരിയയിലാണ് സൂക്ഷിച്ചത്.[BLURB#1-VL]പുലർച്ചെ രണ്ടുമണിയോടെ സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും കാറുകളിലും സ്‌കൂട്ടറുകളിലുമായി നിറച്ചു. വാഹനങ്ങൾ മാറ്റിയശേഷം പാർക്കിങ് ഏരിയ നന്നായി കഴുകി തെളിവുകളെല്ലാം നശിപ്പിച്ചു. സഹാർ വിമാനത്താവളത്തിൽനിന്ന് പുലർച്ചെ നാലരയ്ക്ക് എമിറേറ്റ്‌സ് വിമാനത്തിൽ ടൈഗർ ദുബായിലേക്ക് കടന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തന്റെ വിശ്വസ്തരായ മൂവർ സംഘത്തെ ഏൽപ്പിച്ചശേഷമാണ് ടൈഗർ പോയത്.
അൻവർ തെയ്ബ, ജാവേദ് ചിക്‌ന, ഷാഫി എന്നിവരായിരുന്നു ആ മൂവർ സംഘത്തിലുണ്ടായിരുന്നത്. മുൻകൂട്ടി തീരുമാനിച്ചതുപോലെ, ഉച്ചയ്ക്ക് 1.26ന് മുംബൈയെ നടുക്കി ആദ്യ സ്‌ഫോടനമുണ്ടായി. പിന്നെ തുടരെ സ്‌ഫോടനങ്ങൾ. രാജ്യം മുഴുവൻ നടുങ്ങിവിറച്ചു. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. 250-ലേറെ പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ പേർക്ക് ഗുരുതരമായി പരിക്കേറ്റു.[BLURB#2-VR]സ്‌ഫോടനമുണ്ടായി പിറ്റേന്ന് രാവിലെ, ദുബായിൽനിന്ന് മുംബൈയിലെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസിലേക്ക് യാക്കൂബ് മേമന്റെ ഫോൺവന്നു. മൂന്ന് വ്യക്തികളുടെ പേരിൽ 60 ലക്ഷം രൂപയുടെ ചെക്ക് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോൺവിളി. ഈ പണം കൃത്യമായി പിൻവലിക്കപ്പെട്ടിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
മേമന്റെ മറൂൺ നിറത്തിലുള്ള മാരുതി വാൻ വർളിയിലെ സ്‌ഫോടന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയത്. ഈ വാനിനുള്ളിൽ ഏഴ് എ.കെ.56 തോക്കുകളും നാല് ഗ്രനേഡുകളും കണ്ടെടുത്തു. സ്‌ഫോടനം നടന്ന് വെറും മൂന്നുമണിക്കൂറിനുള്ളിലായിരുന്നു പൊലീസ് ഇത് കണ്ടെടുത്തത്.
പ്രതീക്ഷിക്കുന്നതിനും മുമ്പെ, മേമൻ കുടുംബം കുടുങ്ങുന്നത് ഇതോടെയാണ്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുംമുമ്പെ മേമന്റെ പല വിശ്വസ്തരെയും അകത്താക്കാൻ മുംബൈ പൊലീസിന് സാധിച്ചിരുന്നു. ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ നിർണായകമായ മറ്റുപല തെളിവുകളും ലഭിച്ചതോടെ, സ്‌ഫോടനത്തിന്റെ ആസൂത്രകൻ മേമൻ തന്നെയാണെന്ന് ഉറപ്പിക്കാനായി.
എന്നാൽ, സ്‌ഫോടനത്തിന്റെ ആസൂത്രണം എത്രത്തോളം വ്യാപകമാണെന്ന് പൊലീസ് കണ്ടെത്തുന്നത് എയർ ഇന്ത്യ ബിൽഡിങ്ങിലെ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിൽനിന്നാണ്. അവിടെ തിരഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് ചുട്ടുപഴുത്ത ഒരു ലോഹക്കഷ്ണം കിട്ടി. ഒരു അംബാസഡർ കാറിന്റെ ഷാസി നമ്പറായിരുന്നു ആ ലോഹക്കഷ്ണത്തിൽ ഉണ്ടായിരുന്നത്.
അതാരുടെ വാഹനം എന്ന് കണ്ടെത്താനായി പിന്നീടുള്ള ശ്രമം. അതന്വേഷിച്ച് പൊലീസിന് ഏറെ അലയേണ്ടിവന്നു. മുംബൈ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതായപ്പോൾ അവർ ഡൽഹിയിലെ സിബിഐ തലവൻ എസ്.കെ. ദത്തയെ വിളിച്ച് സഹായം തേടി. ഷാസി നമ്പരിൽനിന്ന് ഉടമയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിനെ അദ്ദേഹം ബന്ധപ്പെട്ടു.
മുംബൈ സ്‌ഫോടനം എത്രത്തോളം ആസൂത്രിതമായിരുന്നുവെന്ന് പൊലീസിന് തുമ്പുകിട്ടുന്നത് അതോടെയാണ്.
(തുടരും)