കാസർഗോഡ്: അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവേ അറസ്റ്റിലായ ഐസീസ് ബന്ധമുള്ള ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് തീവ്രവാദ പ്രവർത്തനത്തിന് മറയായാണ് അദ്ധ്യാപികയായി ജോലി നോക്കിയത്.

പീസ് സ്‌ക്കൂളിലെ അദ്ധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കേ കൗമാരക്കാരിൽ മതതീവ്രത കുത്തിവക്കാൻ ഇവർ പ്രത്യേകം ശ്രമിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ മതം മാറി ഐസിസുമായി ചേർന്ന് പ്രവർത്തിക്കുന്ന ആയിഷ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ശ്രീനഗറിൽ നിന്നും നിരവധി തവണ പണമയച്ചതായി കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും യാസ്മിൻ വഴി ഇങ്ങനെ നിരവധി തവണ പണമെത്തിയിട്ടുണ്ടെന്ന് വിവരമുണ്ട്. ഐസിസിൽ നിന്നും ലഭിക്കുന്ന പണം കേരളത്തിലേക്ക് എത്തിക്കുന്നതിൽ പ്രമുഖ ഇടനിലക്കാരിയാണ് യാസ്മിൻ എന്ന് സംശയിക്കുന്നു.

തൃക്കരിപ്പൂർ, പടന്ന, പാലക്കാട്, എന്നിവിടങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധപ്പെട്ട് രാജ്യം വിട്ട 21 പേരുമായും യാസ്മിൻ ബന്ധപ്പെടാറുണ്ടെന്നും വെളിവായിട്ടുണ്ട്. ഈ സംഘം ഇന്ത്യ വിട്ട ശേഷവും അഫ്ഗാനിലെത്തിയ ശേഷവും അവരുടെ നാട്ടിലേയും സംസ്ഥാനത്തേയും മൊത്തം സംഭവവികാസങ്ങൾ യാസ്മിൻ അടിക്കടി അറിയിക്കാറുണ്ടായിരുന്നു. ഇവിടത്തെ അന്വേഷണം ശക്തമായ കാര്യവും രാജ്യം വിട്ടവർക്കെല്ലാം യു.എ.പി.എ ചുമത്തിയ വിവരവും യാസ്മിൻ അബ്ദുൾ റാഷിദിനെ യഥാസമയം അറിയിച്ചിരുന്നു.

ഇതോടെയാണ് യാസ്മിൻ ഇനി ഇന്ത്യയിൽ നിൽക്കുന്നത് ഭദ്രമല്ലെന്നു കണ്ട് നാലു വയസ്സുള്ള കുഞ്ഞിനേയും കൂട്ടി അടിയന്തരമായും രാജ്യം വിടണമെന്ന് അബ്ദുൾ റാഷിദ് ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഞ്ഞിനേയും കൂട്ടി അടുത്ത ദിവസം തന്നെ എത്തണമെന്നായിരുന്നു നിർദ്ദേശം. കാബൂളിൽ നിന്നും യാസ്മിനെ കൂട്ടാൻ പ്രത്യേക ആൾക്കാരെ നിയോഗിച്ചതായും അബ്ദുൾ റാഷിദ് ടെലിഫോൺ വഴി അറിയിച്ചിരുന്നു.

യാസ്മിൻ മുഹമ്മദ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ഗൾഫിലായിരുന്നു. ആദ്യ ഭർത്താവിനെ ഒഴിവാക്കി അബ്ദുൾ റാഷിദുമായി ബന്ധം തുടർന്നതും അന്വേഷണ ഉദ്യോഗസ്ഥരിൽ ദുരൂഹത വളർത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ ഇവർ ഒട്ടേറെ തവണ സഞ്ചരിച്ചതായും ഇവിടങ്ങളിൽ താമസിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. അബ്ദുൾ റാഷിദിന്റെ ഭാര്യ സോണിയാ സെബാസ്റ്റ്യൻ എന്ന ആയിഷയുടെ തൃക്കരിപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്കും ഓൺലൈനായി പണം അയച്ചിട്ടുണ്ട്. ഇവർ രാജ്യം വിടുന്നതിനു മുമ്പുതന്നെ ആയിഷയുടെ എ.ടി.എം. കാർഡ് യാസ്മിനു കൈമാറിയിരുന്നു. ഐസീസ് പ്രവർത്തനത്തിന് വേണ്ടി അഫ്ഗാനിസ്ഥാനിൽ നിന്നും റാഷിദ് യാസ്മിൻ വഴി കേരളത്തിലേക്ക് പല തവണ പണമയച്ചിരുന്നുവെന്നാണ് സൂചന.

യാസ്മിനിൽ നിന്നും 70,000 ഇന്ത്യൻ രൂപയും 620 ഡോളറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഐസീസുമായി ബന്ധപ്പെട്ടവർ വ്യാജ പാസ്പ്പോർട്ടുകൾ ഉപയോഗിച്ചതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. യാസ്മിനിൽ നിന്നു തന്നെ രണ്ട് പാസ്പ്പോർട്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. യാസ്മിന്റെ കൈവശമുണ്ടായിരുന്ന ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ പരിശോധനയും സൈബർ സെല്ലിന്റെ സഹായത്തോടെ നടന്നുവരുന്നുണ്ട്. യു.എ.പി.എ. ചുമത്തപ്പെട്ട യാസ്മിൻ മുഹമ്മദിനെ കണ്ണൂർ വനിതാ ജയിലിൽ നിന്നും ഇന്ന് കാസർഗോഡ് ജില്ലാ കോടതിയിലേക്ക് കൊണ്ടുപോയി ഹാജരാക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും വേണ്ടി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകാൻ അന്വേഷണ സംഘം കോടതിയോട് അപേക്ഷിക്കും.