സന്നിധാനം: സന്നിധാനത്ത് എത്തി ഹരിവരാസനം കണ്ട് കൈതൊഴുത് എസ്‌പി യതീഷ് ചന്ദ്ര. ശബരിമലയിലെ യതീഷ് ചന്ദ്രയുടെ പൊലീസ് ആക്ഷനെതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ശക്തമായ ആരോപണം ഉന്നയിക്കുമ്പോഴും ഇന്നലെ സന്നിധാനത്ത് തൊഴാനെത്തിയ യതീഷ് ചന്ദ്രയ്ക്ക് വൻ വരവേൽപ്പാണ് ഭക്തർ നൽകിയത്. ഹരിവരാസനം തൊഴുത് താഴേക്കിറങ്ങിയ എസ്‌പിക്കൊപ്പം സെൽഫി എടുക്കാനും കുശലം പറയാനും ആൾക്കാരുടെ തിരക്കായിരുന്നു.

രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാൻ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെൽഫിയെടുക്കാനും ഭക്തർ തള്ളിക്കയറി. കന്യാകുമാരിയിൽ പോലും എസ്‌പിക്കെതിരെ പ്രതിഷേധം നടക്കുമ്പോൾ ഇന്നലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെൽഫി എടുക്കാൻ തിരക്ക് കൂട്ടി. തന്നോട് സംസാരിക്കാനും സെൽഫി എടുക്കാനും എത്തിയ അയ്യപ്പന്മാരോടെല്ലാം സ്‌നേഹ പൂർവ്വം ചിരിച്ചു കൊണ്ടായിരുന്നു യതീഷ് ചന്ദ്രയുടെ പെരുമാറ്റം.

ചിലർ കൈപിടിച്ച് കുശലം ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞ അദ്ദേഹം പിന്നീട് സെൽഫി എടുക്കാൻ വന്നവരെയും നിരാശപ്പെടുത്തിയില്ല. കുട്ടികൾക്കൊപ്പവും മുതിർന്നവർക്കൊപ്പവുമെല്ലാം അദ്ദേഹം സെൽഫിക്ക് പോസ് ചെയ്തു. ഒടുവിൽ ആൾക്കാരുടെ ശ്രദ്ധ തന്നിലേക്ക് പതിയുന്നു എന്ന് മനസ്സിലായതോടെ സന്നിധാനത്തു നിന്നും അദ്ദേഹം ഓടി മറയുകയായിരുന്നു.

നിലക്കലിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടന്ന സംഭാഷണവും. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിർദ്ദേശം നൽകി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിനും യതീഷ് ചന്ദ്രയ്ക്ക് പല ഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം ജനങ്ങൾക്കിടയിൽ യതീഷ് ചന്ദ്രയുടെ മൈലേജ് കൂട്ടിയെന്ന് തന്നെയാണ് ഇന്നലെ സന്നിധാനത്ത് നടന്ന രംഗങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

കേരള ചരിത്രത്തിൽ ആദ്യമാണ് ഒരേ സമയം പൊതു സമൂഹത്തിന്റെയും സേനയുടെയും പ്രശംസ ഇത്ര വേഗം ഒരു ഐ.പി.എസുകാരൻ പിടിച്ചു പറ്റുന്നതെന്നാണ് ദൃശ്യങ്ങൾ കണ്ട പലരുടെയും അഭിപ്രായം. ശബരിമലയിൽ സർക്കാർ ഒരുക്കിയ പൊലീസ് സന്നാഹത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്ന ഓഫീസറാണ് യതീഷ് ചന്ദ്ര ഐപിഎസ്. നിലയ്ക്കലിൽ എസ്‌പി യതീഷ് ചന്ദ്രയുടെ നടപടികൾക്ക് എതിരെ ബിജെപി അടക്കമുള്ള പാർട്ടികൾ രൂക്ഷമായ ആരോപണങ്ങൾ ഉയർന്നിരുന്നു.