തൃശൂർ: യതീഷ് ചന്ദ്ര ഐപിഎസിന് സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും ഹീറോപരിവേഷമാണ് ലഭിച്ചിരിക്കുന്നത്. ദബാംഗ് ഹീറോയെന്നാണ് യതീഷിനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഇതോടെ ബിജെപിക്കാർക്ക് എസ്‌പിയോട് കലിപ്പടങ്ങാത്ത അവസ്ഥയാണ്. എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവവർ കടുത്ത വിമർശനമാണ് യതീഷിനെതിരെ ഉയർത്തിയിരിക്കുന്നത്. യതീഷിനെ തൃശ്ശൂരിൽ ചാർജ്ജെടുക്കാൻ അനുവദിക്കില്ലെന്നാണ് രാധാകൃഷ്ണൻ പറയുന്നത്.

യതീഷ് ചന്ദ്രയെ പോലെ ക്രിമിനലായ പൊലീസുകാരൻ വേറെയില്ലെന്നും യതീഷ് ചന്ദ്ര മൂന്നാംകിട ക്രിമിനലാണെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിയുടെ കാറ് തടയാൻ പൊലീസിന് എന്തവകാശം ? യതീഷിനെ തൃശൂരിൽ ചാർജ് എടുക്കാൻ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊൻ രാധാകൃഷ്ണനെ കാണുമ്പോൾ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രൻ പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാൾ ശക്തൻ' ആണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

യതീഷ് ആപ്പിൾ കഴിച്ച് തുടുത്തിരിക്കുന്നു. എന്തിനാണ് യതീഷിനെ തൃശൂരിൽ വെച്ചു കൊണ്ടിരിക്കുന്നത്. പിണറായി സർക്കാരിന്റെ കാലാവധി പരമാവധി ആറ് മാസമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നിലയ്ക്കലിൽ വാഗ്വാദത്തിലേർപ്പെട്ട എസ്‌പി യതീഷ് ചന്ദ്രയ്‌ക്കെതിരായുള്ള പരാതിയിൽ പ്രിവിലേജ് കമ്മിറ്റിക്ക് താക്കീത് മുതൽ ജയിലിൽ അടയ്ക്കാൻ വരെ അധികാരമുണ്ടെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തുന്നതോടെ നടപടികൾ അവസാനിപ്പിക്കാറാണ് പതിവെന്നും താൻ ചെയർമാനായിരിക്കെ, ഡൽഹി പൊലീസ് കമ്മിഷണർക്കെതിരെ അവകാശലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യൻ കൂട്ടിച്ചേർത്തു. ആറു വർഷം കമ്മിറ്റി ചെയർമാൻ സ്ഥാനത്തിരുന്ന ആളാണ് പി.ജെ.കുര്യൻ.

ലോക് സഭാ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി പരാതി നൽകിയാൽ അത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. കാബിനറ്റ് സെക്രട്ടേറിയറ്റ് പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിയാൽ അന്വേഷിച്ചേ പറ്റൂ. കേന്ദ്രമന്ത്രിയോട് സംസാരിക്കേണ്ട രീതിയിലല്ല യതീഷ് സംസാരിച്ചത്. പ്രോട്ടോക്കോളിൽ എല്ലാ ഉദ്യോഗസ്ഥർക്കും മുകളിലാണ് മന്ത്രി. താങ്കൾ എന്നു വിളിച്ചുള്ള തർക്കം ഗൗരവമുള്ളതാണ്- പി.ജെ. കുര്യൻ വ്യക്തമാക്കി.

ശബരിമല സന്ദർശനത്തിനിടെ നിലയ്ക്കലിൽ വച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പാർലമെന്റ് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന് മന്ത്രി പരാതി നൽകിയിട്ടുണ്ടായിരുന്നു. തനിക്കുണ്ടായ അപമാനം വിവരിച്ചാണ് മന്ത്രി പരാതിയുമായി സ്പീക്കറെ സമീപിച്ചത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതി പ്രിവിലേജ് കമ്മിറ്റിയാണ് അന്വേഷിക്കുക. ബിജെപി ദേശീയവക്താവ് മീനാക്ഷിലേഖിയാണ് കമ്മിറ്റി അദ്ധ്യക്ഷ. ശിക്ഷ കിട്ടാനിടയില്ലെങ്കിലും യതീഷിന് പല തവണ പാർലമെന്റിൽ കയറിയിറങ്ങി കമ്മിറ്റി മുമ്പാകെ മൊഴി നൽകേണ്ടിവരും.

അതിനിടെ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കടുത്ത നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. പുറത്തു നടക്കാൻ കെ സുരേന്ദ്രൻ അവകാശമില്ലെങ്കിൽ പൊലീസിനേയും പുറത്തിറക്കാതിരിക്കാൻ ബിജെപിക്ക് അറിയാമെന്ന് എം ടി രമേശ് പറഞ്ഞു. ഇത്തരം സമരങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. നാളെ നിലയ്ക്കലിൽ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരിൽ പറഞ്ഞു. അകത്തു കിടക്കുന്ന സുരേന്ദ്രൻ പുറത്തുകിടക്കുന്ന സുരേന്ദ്രനേക്കാൾ ശക്തനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.