സ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവരുമ്പോഴാണ് ഇങ്ങനെയൊരു ജനവിഭാഗം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉത്തര ഇറാഖിൽനിന്ന് തടവിലാക്കപ്പെടുകയും ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്ത യസീദി ജനത ലോകത്തിന്റെ മുഴുവൻ വേദനയായി. തടവിലാക്കപ്പെട്ട സമയത്ത് അനുഭവിക്കേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞ 18-കാരിയായ ലാമിയ അജി ബാഷറും 23-കാരിയായ നദിയ മുറാദും ഐസിസിന്റെ പൈശാചിക മുഖം തുറന്നുകാട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. മനുഷ്യാവകാശപ്രവർത്തനത്തിനുള്ള സഖറോവ് പുരസ്‌കാരം അവരെ തേടിയെത്തിയതും ഈ ധീരതയുടെ പേരിലാണ്.

2014 ഓഗസ്റ്റിലാണ് യസീദികളെ ഐസിസ് തടവിലാക്കുന്നത്. ഒട്ടേറെപ്പേരെ കൊന്നൊടുക്കിയ ഭീകരർ സ്ത്രീകളെയും പെൺകുട്ടികളെയും അടിമകളാക്കി. ലൈംഗിക അടിമകളാക്കി നിർത്തിയ ഇവരെ ചന്തയിൽ ലേലം ചെയ്ത് വിൽക്കുന്നതും അതി ക്രൂരമായി പീഡിപ്പിക്കുന്നതും ഐസിസുകാരുടെ വിനോദമായി മാറി. തങ്ങളെപ്പോലെ ഐസിസിന്റെ മൃഗീയ പീഡനത്തിന് ഇരകളായ ഓരോ പെൺകുട്ടിക്കും വേണ്ടിയാണ് യൂറോപ്പിലെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരമായ സഖറോവ് പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് ലാമിയ പറഞ്ഞു.

അടിമയാക്കപ്പെട്ടതിന്റെ മൂന്നാം മാസം നദിയ രക്ഷപ്പെട്ടു. നാലുതവണ രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മാർച്ചിൽ ലാമിയയും പുറംലോകത്തെത്തി. രക്ഷപ്പെട്ടോടുന്നതിനിടെ കുഴിബോംബ് പൊട്ടി പരിക്കേറ്റ ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഒപ്പം രക്ഷപ്പെടാൻ ശ്രമിച്ച എട്ടുവയസ്സുകാരി അൽമാസും 20-കാരി കാതറീനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

തടങ്കലിൽ കഴിയുമ്പോൾ ഓരോ ദിവസവും എണ്ണമറ്റ പുരുഷന്മാരാണ് തന്നെ ബലാൽസംഗം ചെയ്തിരുന്നതെന്ന് ലാമിയ പറയുന്നു. സ്ത്രീകളോടും പെൺകുട്ടികളോടും പകവീട്ടാനുപയോഗിക്കുന്ന മാർഗമായാണ് ഭീകരർ ബലാൽസംഗത്തെ കണ്ടിരുന്നത്. ഇനിയൊരിക്കലും സാധാരണ ജീവിതം സാധ്യമാകരുതെന്ന രീതിയിലായിരുന്നു പീഡനങ്ങൾ. ബോധംകെടുന്നതുവരെ ബലാൽസംഗം ചെയ്യുകയായിരുന്നു ഭീകരരുടെ രീതി. ഓരോരുത്തർക്കും മടുക്കുമ്പോൾ മറ്റാർക്കെങ്കിലും വിൽക്കും. ലാമിയയെ നാലുതവണ ഇത്തരത്തിൽ വിറ്റു.

നെൽസൺ മണ്ടേലയെയും ആങ്‌സാങ് സ്യൂചിയെയും പോലുള്ള നേതാക്കൾക്ക് മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ള പുരസ്‌കാരമായ സഖറോവ് പുരസ്‌കാരത്തിന് യസീദി പെൺകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടത് അവർ അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങളുടെയും അത് ലോകത്തോട് വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന്റെയും പേരിലാണ്. രക്ഷിതാക്കളടക്കം ഉറ്റവരെല്ലാം നഷ്ടപ്പെട്ടവരാണ് മറ്റനേകം യസീദി പെൺകുട്ടികളെപ്പോലെ ലാമിയയും നദിയയും.