ട്ടിണിയും ദാരിദ്ര്യവുമെന്ന് കേട്ടാൽ മനസ്സിൽ ആദ്യം ഓടിയെത്തുക എത്യോപ്യയിലെയും സോമാലിയയിലെയും ഉഗാണ്ടയിലെയുമൊക്കെ പട്ടിണിക്കോലങ്ങളുടെ ചിത്രങ്ങളായിരുന്നു. എന്നാൽ, മതത്തിന്റെ പേരിലുള്ള യുദ്ധത്തിൽ ആണ്ടുനിൽക്കുന്ന സിറിയയിലെയും യെമനിലെയും കുഞ്ഞുങ്ങൾ ദുരന്തത്തിന്റ് പുതിയ ചിത്രങ്ങളായി മാറുകയാണ്.

എല്ലും തോലും മാത്രമായ ഈ കുരുന്ന് സിറിയയിലെയും യെമനിലെയും ജീവിക്കുന്ന രക്തസാക്ഷികളുടെ പ്രതീകമാണ്. യെമനിലെ തുറമുഖ നഗരമായ ഹൗഡിയേഡയിൽനിന്നാണ് ഈ കുരുന്നിന്റെ ചിത്രം പകർത്തിയത്. ഒരു നാപ്പി മാത്രം ധരിച്ച് അമ്മയ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും കൈ നക്കിക്കുടിച്ചുകൊണ്ട് കിടക്കുന്ന ചിത്രവുമാണ് യുദ്ധം ഇല്ലാതാക്കിയ രണ്ടു നാടുകളിലെ ദുരന്തം ഓർമിപ്പിക്കുന്നത്.

യെമനിൽ ആഭ്യന്തര കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും വെടിനിർത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും ആശുപത്രികൾ നവീകരിക്കുന്നതിനുമായി ഏപ്രിലിൽ വെടിനിർത്തൽ ധാരണയിലെത്തിയിരുന്നു. അതേ ധാരണ പുനഃസ്ഥാപിക്കണമെന്നാണ് രക്ഷാ സമിതി വ്യാഴാഴ്ച ആവശ്യപ്പെട്ടത്.

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ യെമനിലേക്കുള്ള പ്രത്യേക പ്രതിനിധിയായ ഇസ്മയീൽ ഔൾഡ് ചെയ്ഖ് അഹമ്മദുമായി ചർച്ച പുനരാരംഭിക്കാൻ എന്നാ വിമത സംഘടനകളോടും രക്ഷാസമിതി ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി അബ്ദുള്ള സലേയെ അനുകൂലിക്കുന്ന ഹൗത്തി വിമതർ 2014 സെപ്റ്റംബറിൽ തലസ്ഥാന നഗരമായ സനായുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ യെമനിൽ ഔദ്യോഗിക സർക്കാർ പോലും ഇല്ലാത്ത അവസ്ഥയാണ്.

2015 മാർച്ച് മുതൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യം യെമനിൽ ആക്രമണം നടത്തിവരികയാണ്. തെക്കൻ യെമനിൽനിന്ന് വിതമതര തുരത്താൻ സൈന്യത്തിനായെങ്കിലും സനായിൽ ഇപ്പോഴും അവർക്ക് സ്വാധീനമുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിലേറെയും ജനവാസ മേഖലകളിലാണ് നടക്കുന്നത്. വ്യാഴാഴ്ച വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചു. അമ്രാൻ നഗരത്തിൽ നടന്ന ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.