ജറുസലേം: യേശുക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കല്ലറ നൂറ്റാണ്ടുകൾക്കുശേഷം ഗവേഷണങ്ങൾക്കായി തുറന്നു. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്. ആതൻസിലെ സാങ്കേതിക സർവകലാശാലയും നാഷണൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ് പര്യവേക്ഷണം നടത്തുന്നത്.

കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിർത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326-ൽ റോമൻ ചക്രവർത്തി കോൺസ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തിൽ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തിൽ പുനരുദ്ധരിച്ചു.

1555 എ.ഡി. മുതൽ കല്ലറയെ പൊതിഞ്ഞ് മാർബിൾ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. കല്ലറയുടെ മാർബിൾ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതിൽ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തി. യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലം ശാസ്ത്രീയപഠനങ്ങൾക്ക് വിധേയമാക്കും. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

കല്ലറയുടെ ഉള്ളറരഹസ്യങ്ങൾ മാത്രമല്ല പര്യവേക്ഷകർ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്.

നിലവിൽ ആറു ക്രിസ്ത്യൻ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് പുനരുത്ഥാനപള്ളി. ഇതിൽ പ്രമുഖരായ ഗ്രീക്ക് ഓർത്തഡോക്‌സ്, റോമൻ കത്തോലിക്ക, അർമേനിയൻ സഭകളാണ് 2015-ൽ ആതൻസിലെ സാങ്കേതിക സർവകലാശാലയെ പര്യവേക്ഷണത്തിനായി ക്ഷണിച്ചത്. 2017-ഓടെ ഗവേഷണം പൂർത്തിയാക്കി കല്ലറ പുതുക്കിപ്പണിയും. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും വേൾഡ് മൊണ്യൂമെന്റ്‌സ് ഫണ്ടും ഗവേഷണത്തിന് ധനസഹായം നൽകും.

നാഷണൽ ജിയോഗ്രഫിക് ചാനൽ പര്യവേക്ഷണദൃശ്യങ്ങൾ ലോകപൈതൃക സംരക്ഷണത്തിന്റെ ഭാഗമായി അടുത്തമാസം സംപ്രേഷണം ചെയ്യും.