ന്യൂഡൽഹി: കേന്ദ്രത്തിൽ മോദി അധികാരത്തിലെത്തിയ ശേഷം പാർട്ടിയിൽ നിന്ന് അദ്ദേഹത്തിനെതിരെയോ ഭരണത്തിനെതിരെയോ ആരും ചെറുവിരൽ അനക്കിയിരുന്നില്ല ഇതുവരെ. എന്നാൽ അടുത്തിടെയായി ഭരണത്തിനെതിരെ ശബ്ദമുയർത്തിയ ആളാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് തുറന്നുപറഞ്ഞ യശ്വന്ത് സിൻഹയെ ഉദ്ദേശിച്ചു തന്നെ എന്നോണം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ വിമർശിക്കുന്നത് അശുഭ ചിന്താഗതിക്കാരാണെന്ന് മോദി പ്രസ്താവിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ താൻ പാർട്ടി വിട്ടേക്കുമെന്ന സൂചനകൾ നൽകി രംഗത്തെത്തിയിരിക്കുകയാണ് സിൻഹ. മാത്രമല്ല, ധനമന്ത്രിക്കെതിരെ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. കുറച്ചുകൂടി ശക്തമായ വിമർശനങ്ങളുമായാണ് സിൻഹ ഇപ്പോൾ എത്തിയത്. തന്റെ പ്രസ്താവനകളുടെ പേരിൽ പാർട്ടി നടപടിയെടുക്കുമെന്ന് ഭയക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പാർട്ടി നടപടിയെടുത്താൽ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം തുറന്നടിച്ചു. മറ്റ് പാർട്ടികളുമായി കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് എല്ലാ കറികളിലും ഉപയോഗിക്കാൻ കഴിയുന്ന ഉരുളക്കിഴങ്ങിനെ പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണം. സർക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കും. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാൻ സർക്കാരിനെ പ്രേരിപ്പിക്കുകയാണ് താൻ ചെയ്യുന്നത്. അതിന് ഇത്തരത്തിൽ വ്യക്തിപരമായല്ല മറുപടി പറയേണ്ടത്. - മോദിയുടെ പരാമർശത്തിന് മറുപടിയെന്നോണം സിൻഹ പറഞ്ഞു.

സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിന്റെ മാത്രം ഫലം നോക്കിയല്ല തന്റെ വിമർശനം. അഞ്ചോ ആറോ പാദങ്ങളായി സാമ്പത്തിക രംഗത്ത് മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഇത് 5.7 ആയിരുന്നുവെന്നും സിൻഹ പറഞ്ഞു. സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിലെ വളർച്ച മാത്രം കണക്കിലെടുത്ത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞുവെന്നു ദേശീയ മാധ്യമത്തിലെഴുതിയ യശ്വന്ത് സിൻഹ, ഇന്ത്യയുടെ സാമ്പത്തികനില തകർന്നതിൽ പാർട്ടിയിലെതന്നെ പലർക്കും അതൃപ്തിയുണെന്നും തുറന്നുപറഞ്ഞതോടെയാണ് വിവാദം തുടങ്ങിയത്. ധനമന്ത്രി അരുൺ ജയറ്റ്‌ലിയെ പേരെടുത്തു വിമർശിച്ചുകൊണ്ടു ദേശീയ മാധ്യമത്തിൽ ലേഖനമെഴുതുകയും ചെയ്തു.

ഇപ്പോൾ തുറന്നുപറഞ്ഞില്ലെങ്കിൽ രാജ്യത്തോടു തനിക്കുള്ള കടമ നിറവേറ്റുന്നതിൽ പരാജയപ്പെടുമെന്ന ന്യായീകരണത്തോടെയാണു വിവാദ ലേഖനം തുടങ്ങിയത്. സമ്പദ്ഘടനയിൽ മാന്ദ്യമല്ല മരവിപ്പാണ്. ശരിയായ രീതിയിൽ കണക്കാക്കിയാൽ വളർച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിൻഹ തുറന്നടിച്ചു.

പാർട്ടിയിലോ സർക്കാരിലോ ആരും ഞങ്ങളെ കേൾക്കാൻ തയാറാകുന്നില്ലെന്നും സാമ്പത്തിക അസ്ഥിരതയ്ക്കു യുപിഎ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വരെ പറഞ്ഞ സിൻഹ 40 മാസത്തെ ഭരണത്തിനുശേഷവും അതു ശരിയാക്കാൻ എൻഡിഎയ്ക്കു സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയതോടെ അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാർട്ടി വിട്ടേക്കുമെന്ന സൂചനകളും സിൻഹ നൽകുന്നത്.