കൊച്ചി: മലയാളത്തിലെ ആദ്യ ഹൈന്ദവ ആത്മീയ ചാനലായ ജ്ഞാനയോഗി ടിവി സാറ്റലൈറ്റ് സംപ്രേഷണം നിർത്തുന്നു. പകരം ഐപിടിവിയായി പ്രവർത്തിക്കാനാണ് തീരുമാംനം. ഇതിന് പകരം മലയാളത്തിൽ പുതിയൊരു വാർത്താ ചാനൽ മാനേജ്‌മെന്റ് തുടങ്ങും. പ്രമുഖ സമുദായത്തിന്റെ പിന്തുണയോടെയാകും വാർത്താ ചാനൽ തുടങ്ങുക.

കഴിഞ്ഞ ദിവസം ജ്ഞാനയോഗി ടിവിയുടെ ചാനൽ മേധാവികളുടെ യോഗം ആന്ധ്രാപ്രദേശിലെ ചുറ്റൂരിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് ജ്ഞാനയോഗിയുടെ സാറ്റലൈറ്റ് സംപ്രേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വാർത്താ ചാനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗി ടിവി സിഇഒ മിൽട്ടൺ ഫ്രാൻസിസിനെ യോഗം ചുമതലപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ മിൽട്ടൺ ഫ്രാൻസിസ് തന്നെയാകും വാർത്താ ചാനലിന്റേയും സിഇഒ.

ഉത്തരേന്ത്യൻ വ്യവസായികളുടേയും വിദേശ വ്യവസായികളുടേയും പിന്തുണ പുതിയ ന്യൂസ് ചാനലിനുണ്ടാകും. കേരളത്തിലെ ഒരു സാമുദായിക സംഘടനയ്ക്കും ചാനലിൽ നിർണ്ണായക സ്വാധീനവും പ്രാതിനിധ്യവും ഉണ്ടാകുമെന്ന് മിൽട്ടൺ ഫ്രാൻസിസ് മറുനാടൻ മലയാളിയോട് പറഞ്ഞു. യോഗി നെറ്റ് വർക്കിന്റെ ഉടമസ്ഥതയിൽ തെലുങ്ക് ചാനലായ സ്റ്റൂഡിയോ എൻ വാർത്താ ചാനലിന്റെ ദക്ഷിണേന്ത്യൻ വാർത്താ-ബിസിനസ്സ് സൗകര്യങ്ങൾ പുതിയ ചാനലിനും ലഭ്യമാക്കും.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള യോഗിയുടെ ഓഫീസുകൾ ന്യൂസ് ചാനലിന് കൈമാറുമെന്നും മിൽട്ടൺ അറിയിച്ചു. ഐപിടിവിയായി ജ്ഞാന യോഗിയെ നിലനിർത്തുന്നത് പ്രേക്ഷകർ നിരാശരാകാതിരിക്കാനാണ്. അമേരിക്ക, ഓസ്‌ട്രേലിയ, യുകെ, കരീബിയൻ രാജ്യങ്ങളിലുമടക്കമുള്ള വിദേശ രാജ്യങ്ങളിൽ യോഗി ടിവി തുടർന്നും ലഭ്യമാക്കും. ആമസോൺ സ്റ്റിക്ക് മുഖേന കേരളത്തിലെ പ്രേക്ഷകർക്കും യോഗി ടിവി കാണാം.

ന്യൂതന സാങ്കേതിക വിദ്യകൾ നേരത്തെ തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കിയതു കൊണ്ട് യോഗി ടിവി പ്രേക്ഷകരെ ബഹുഭൂരിപക്ഷവും നിലനിർത്താനാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.