മലപ്പുറം: കയ്യിൽ നയാ പൈസയില്ലാതെ തൃശൂരിൽ നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി. കയ്യിൽ 2000ത്തിന്റെ നോട്ടാണെന്ന് പറഞ്ഞ് വഴിയിൽ വെച്ച് ഓട്ടോ ഡ്രൈവറെകൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു. ചങ്ങരംകുളത്തെത്തിയപ്പോൾ പെട്രോൾ പമ്പിൽനന്നും എണ്ണയടിക്കാൻ പണം ചോദിച്ചതോടെ കള്ളിവെളിച്ചത്തായി. തുടർന്ന് സംഭവിച്ചത് നാടകീയ സംഭവങ്ങൾ. യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് മണിക്കൂറുകളോളമാണ്.

തൃശ്ശൂർ സ്റ്റാന്റിൽ നിന്നാണ് കണ്ണൂർ സ്വദേശിനിയായ യുവതി ഓട്ടോ ട്രിപ്പിന് വിളിച്ചത്. തൃശൂരിൽനിന്നും മലപ്പുറത്തേക്കൊന്നും സാധാരണ ഓട്ടോ ട്രിപ്പ് വിളിക്കാത്തതിനാൽ തന്നെ കോളടിച്ചെന്ന മട്ടിൽ ഓട്ടോഡ്രൈവർ യുവതിയുമായി പുറപ്പെട്ടു. വഴിയിൽവെച്ച് ദാഹമുണ്ടെന്ന് കൂൾബാറിന് മുന്നിൽ നിർത്താനും യുവതി ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. ജ്യൂസ് വേണമെന്നും തന്റെ കയ്യിൽ ചില്ലറയില്ലെന്നും രണ്ടായിരം രൂപയാണെന്നും പണം ഒരുമിച്ചു നൽകാമെന്നും യുവതിപറഞ്ഞതോടെ ജ്യൂസിന്റെ പണവും ഓട്ടോഡ്രൈവർ തന്നെ നൽകി. പിന്നീട് വീണ്ടും യാത്ര തുടർന്നു. കീലോമീറ്ററുകൾ താണ്ടി മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. തുടർന്ന് ചങ്ങരംകുളത്തെത്തിയപ്പോൾ ഓട്ടോറിക്ഷയിൽ പെട്രോൾ കഴിയാറായി.

തന്റെ കയ്യിൽ രണ്ടായിരംരൂപയാണെന്ന് പറഞ്ഞ യുവതിയോട് പെട്രോൾ അടിക്കാൻ പണം ആവശ്യപ്പെട്ടതോടെയാണ് പിന്നീട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നിർത്തിയ ഓട്ടോയിൽനിന്നും യുവതി ഫോൺ ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്ന് നീങ്ങി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ടൗണിലെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ഓട്ടോഡ്രൈവറോട് കാര്യം തിരക്കി.

സംഭവത്തിൽ പന്തികേട് തോന്നിയതോടെ യുവതിയെ നാട്ടുകാർ തന്നെ തടഞ്ഞ് നിർത്തി കാര്യങ്ങൾ തിരക്കിയതോടെയാണ് യുവതിയുടെ കയ്യിൽ പണമില്ലെന്നറിയുന്നത്.ഓട്ടോ ഡ്രൈവർക്ക് പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നാട്ടുകാർ തന്നെ യുവതിയെ ചങ്ങരംകുളം സ്റ്റേഷനിലെത്തിച്ചു. ഡീസൽ തീർന്നെന്നും വാടക ലഭിച്ചില്ലെന്നും പറഞ്ഞ് ഓട്ടോ ഡ്രൈവറും സ്റ്റേഷനിലെത്തി. പൊലീസുകാർ ചോദ്യം ചെയ്തതോടെ യുവതി കാര്യം പറഞ്ഞു.

വീട് കണ്ണൂർ ആണെന്നും എറണാംകുളത്ത് ജോലിക്കിടെ പരിചയപ്പെട്ട വരവൂർ സ്വദേശിയായ യുവാവ് വിവാഹം ചെയ്ത് ഒരു കുട്ടിയുണ്ടെന്നും ഭർത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നതുകൊണ്ട് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവാൻ ഇറങ്ങിയതാണെന്നും അവിടെ എത്തിയതിന് ശേഷം അവരുടെ കയ്യിൽ നിന്ന് പണം വാങ്ങി ഓട്ടോക്കാരനെ പറഞ്ഞ് വിടാമെന്നുമാണ് ഉദേശിച്ചതെന്നുമാണ് യുവതി പറഞ്ഞത്. പൊലീസ് കണ്ണൂരിലെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും ഭർത്താവിനെ വിളിച്ച് വരുത്തി പറഞ്ഞ് വിടാൻ വീട്ടുകാർ പറഞ്ഞതോടെ പൊലീസ് തന്നെ ഭർത്താവിനെ വിളിച്ച് വരുത്തി. ഭർത്താവിനൊപ്പം പോവാൻ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മർദ്ദത്തിന് വഴങ്ങി യുവതി തിരിച്ച് പോവുകയും ചെയ്തു.