- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്; കണ്ടെത്തിയത് ലോ കോളേജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലായതിനു ശേഷം പൊലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഒന്നര മണിക്കൂറിനു ശേഷം പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. സ്റ്റേഷന്റെ പിൻവശത്തു കൂടിയാണ് ഇയാൾ രക്ഷപ്പെട്ടത്.
ലോ കോളജിനു സമീപമുള്ള കാട്ടിലാണ് ഇയാൾ ഒളിച്ചിരുന്നത്. ഇവിടെനിന്ന് ഇയാളെ പൊലീസ് വീണ്ടും പിടികൂടി. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പമാണ് ഇവർ നേരത്തെ പിടിയിലായത്. ഫെബിൻ റാഫിയുടെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിൻ റാഫിക്കൊപ്പം കൊല്ലം സ്വദേശി ടോം തോമസ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് എടുത്തിരിക്കുന്നത്.
സ്്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിർമ്മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിൻ റാഫിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല.തുടർന്ന്‌കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധനക്ക് നിർദ്ദേശവും നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ലോ കോളേജ് പരിസരത്തെ കാട്ടിൽ നിന്നും ഇയാളെ പൊലീസ് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പമാണ് ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷം സ്റ്റേഷനകത്ത് നിർത്തിയ പ്രതികളിലൊരാളെ കാണാതായി. പിന്നീടാണ് ഇയാൾ രക്ഷപ്പെട്ടെന്ന് പൊലീസിന് മനസ്സിലായത്. കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് പ്രതികളിലൊരാൾ രക്ഷപ്പെട്ടത്.
ബുധനാഴ്ച വൈകീട്ടോടെയാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പൊലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൈസൂർ മാണ്ഡ്യ ഭാഗത്തുവെച്ച് ബസിൽ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഒരു പെൺകുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂർ എടക്കരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ എടക്കര പൊലീസാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസിൽ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികൾ പൊലീസിനോടുപറഞ്ഞത്. സ്ഥലങ്ങൾ കാണാനായി പോയെന്നാണ് മൊഴി. കൈയിൽ പണവും മൊബൈൽഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനിൽവെച്ച് പരിചയപ്പെട്ടെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിട്ടുള്ളതെങ്കിലും പൊലീസത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ